കാടടച്ച് അന്‍വര്‍ വെടിവെക്കുമ്പോള്‍ ഉദ്യോഗസ്ഥ വീര്യം ചോര്‍ന്നോ? സ്വര്‍ണം പിടിക്കുന്നതില്‍ കുത്തനെ ഇടിവ്; സ്വര്‍ണവേട്ട തുടരണോ, അതൊക്കെ കസ്റ്റംസിന്റെ പണിയല്ലേയെന്ന് എഡിജിപി; 'പിന്നില്‍ വലിയ മാഫിയ', സ്വര്‍ണം പിടിക്കുന്നത് തുടരണമെന്ന് ഡിജിപിയും
സ്വര്‍ണം പിടിക്കുന്നതില്‍ കുത്തനെ ഇടിവ്; സ്വര്‍ണവേട്ട തുടരണോ
തിരുവനന്തപുരം: പി വി അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് വേണ്ടി രംഗത്തുവന്നതോടെ പോലീസിനെതിരെ വലിയ ആക്രമണമാണ് സംഘടിതമായി നടന്നത്. മലബാര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു സംഘമായിരുന്നു അന്‍വറിന് പിന്നില്‍ അണിനിരന്നത്. അന്‍വറിന്റെ ഉണ്ടയില്ലാ വെടികള്‍ പോലീസിന്റെ ആത്മവീര്യത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഡിജിപി വിളിച്ചു ചേര്‍ച്ച യോഗത്തില്‍ നടന്ന കാര്യങ്ങളും.
ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ പൊലീസ് മേധാവിമാരുടെ ക്രൈം കോണ്‍ഫറന്‍സിലാണ് സ്വര്‍ണവേട്ടയും ചര്‍ച്ചയായത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് പോലീസ് പിടിക്കുന്നതായി ചര്‍ച്ച. രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ നിന്നും പോലീസ് പിന്നോട്ടു പോയെന്നെ പൊതുവികാരമുണ്ട്. ഇതിനിടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവേട്ട തുടരേണ്ടതുണ്ടോ, അത് കസ്റ്റംസിന്റെ ജോലിയല്ലേ എന്ന മട്ടില്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ചോദ്യം ഉന്നയിച്ചു. അന്‍വറിന്റെ ആരോപണങ്ങളുടെ ലക്ഷ്യം സ്വര്‍ണ്ണക്കടത്താണെന്ന വിധത്തിലായിരുന്നു അജിത്കുമാറിന്റെ ചോദ്യം.
എന്നാല്‍, സ്വര്‍ണം പിടിക്കുന്നതു പൊലീസ് തുടരണമെന്നും അതിനു പിന്നില്‍ വലിയ മാഫിയ ആണെന്നും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് മറുപടി നല്‍കി. കഴിഞ്ഞ 2 മാസം പൊലീസ് സ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും നടപടിക്രമം പാലിച്ച് സ്വര്‍ണ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിജിപി നിര്‍ദേശിച്ചിക്കുകയായിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്ത് ഇപ്പോള്‍ കുറയാന്‍ കാരണവും യോഗത്തില്‍ ചര്‍ച്ചയായി.
ഇപ്പോള്‍ സ്വര്‍ണം കടത്തുന്നത് ആകര്‍ഷകമല്ലെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചത് ഒരു കാരണമാണ്. സ്വര്‍ണക്കടത്തുകാരെ പിടികൂടി റിമാന്‍ഡ് ചെയ്ത് ഉടന്‍ ജയിലിലാക്കുമ്പോള്‍ ഇതിന്റെ കാരിയര്‍മാര്‍ പുറത്തു രക്ഷപ്പെടുന്നു. അടുത്തിടെ കോഴിക്കോട് ഇത്തരം സംഭവം നടന്നതിനാല്‍ അക്കാര്യം പരിശോധിക്കുമെന്നും യോഗത്തില്‍ ചര്‍ച്ചയായി.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണം പൊട്ടിക്കല്‍ ആരോപണമാണ് ഇപ്പോള്‍ കേരളാ പോലീസിനെയും വിവാദത്തിലാക്കിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു അന്‍വറിന്റെ ആരോപണം. സുജിത് ദാസിനെയും ഉന്നമിട്ടായിരുന്നു അന്‍വര്‍ ആരോപണം ഉന്നയിച്ചത്. സുജിത് ദാസ് മുന്‍പ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം ഇവര്‍ കൈക്കലാക്കും. ഇതാണ് രീതി.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വര്‍ഷം മുന്‍പ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. എടവണ്ണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബിജുവിന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതിന് പിന്നിലും താത്പര്യങ്ങളുണ്ടായിരുന്നു. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണ്. ഇയാള്‍ കൊന്നിട്ടുണ്ട്, കൊല്ലിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യിച്ചിട്ടുണ്ട് എന്നിങ്ങനെ ആയിരുന്നു അന്‍വറിന്റെ ആരോപണങ്ങള്‍.