രാവിലെ തീവണ്ടിയില്‍ എത്തുമെന്ന പ്രതീക്ഷ വെറുതെയായി; കണ്ണൂരിലെ ഡ്രൈവര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ കണ്ടത് തുങ്ങി മരിച്ച എഡിഎമ്മിനെ; നാട്ടിലേക്കുള്ള സ്ഥലം മാറ്റാഗ്രഹം ദുരന്തമാക്കിയത് കണ്ണൂരിലെ സിപിഎം നേതാവ്; സമ്മര്‍ദ്ദം നടക്കാത്തിന്റെ വൈരാഗ്യമോ അഴിമതി ആരോപണം; നവീന്‍ ബാബുവിന്റെ മരണം അപമാനഭാരത്താല്‍

Update: 2024-10-15 04:23 GMT

കണ്ണൂര്‍: കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബത്തിന്റെ ആശങ്കയെ തുടര്‍ന്നുള്ള പരിശോധനയില്‍. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കായിരുന്നു നവീന്‍ ബാബുവിന് സ്ഥലം മാറ്റം. യാത്രഅയപ്പ് ചടങ്ങിലെ വേദനയ്ക്ക് ശേഷം കണ്ണൂര്‍ തളാപ്പിലെ ക്വര്‍ട്ടേഴ്‌സിലായിരുന്നു നവീന്‍ ബാബു എത്തിയത്. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. രാവിലെയോടെയാണ് മരണം സ്ഥിരീകരിക്കുന്നത്. തൂങ്ങി മരിച്ച നിലയിലായിരുന്നു നവീന്‍ ബാബുവിനെ കണ്ടെത്തിയത്. വിരമിക്കാന്‍ ഏഴു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് നവീന്‍ ബാബുവിന്റെ മരണം.

രാവിലെ വീട്ടിലെത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ തീവണ്ടിയില്‍ നവീന്‍ ഉണ്ടായിരുന്നില്ല. ഇത് കുടുംബത്തിന് ആശങ്കയായി മാറി. ഇതോടെ കണ്ണൂരിലുള്ള നവീന്റെ ഡ്രൈവറെ കാര്യം അറിയിച്ചു. ഡ്രൈവര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ് എഡിഎമ്മിന്റെ മരണം പുറത്തു വരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയില്‍ നിന്നും പൊതുവേദിയില്‍ നേരിടേണ്ടി വന്ന അപമാനം നവീന്‍ ബാബുവിനെ തളര്‍ത്തിയിരുന്നു. ഇതാകാം മരണത്തിലേക്ക് നവീന്‍ ബാബുവിനെ കൊണ്ടു പോയതെന്നാണ് വിലയിരുത്തല്‍. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു. കളക്ടര്‍ പോലും ഇതു കേട്ട് അപമാനിതനായി തലകുനിച്ച് ഇരിക്കേണ്ടി വന്നു. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അവരുടെ യാത്ര അയപ്പ് ചടങ്ങുകളില്‍ നേരിടേണ്ടി വന്നിട്ടില്ലാത്തത്ര അവഹേളനമാണ് പിപി ദിവ്യ നടത്തിയത്. ഔദ്യോഗിക പരാതികളൊന്നും എവിടേയും കളക്ടര്‍ നല്‍കിയിരുന്നില്ലെന്നാണ് സൂചന.

വിരമിക്കാന്‍ ഏഴു മാസമുള്ളതു കൊണ്ടാണ് നാട്ടിലേക്ക് നവീന്‍ ബാബു സ്ഥലം മാറ്റം ചോദിച്ചത്. ചട്ടപ്രകാരം വിരമിക്കാന്‍ ഒരു വര്‍ഷമുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം ആവശ്യപ്പെടാം. ഇതു പ്രകാരമാണ് റവന്യൂ വകുപ്പ് നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് മാറ്റം നല്‍കിയത്. കണ്ണൂരില്‍ ജീവനക്കാര്‍ക്കെല്ലാം നവീന്‍ ബാബുവിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. കളക്ടറുമായി തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. വിമര്‍ശനവും ആരും യാത്ര അയപ്പ് ദിവസം വരെ ഉന്നയിച്ചില്ല. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാസ് എന്‍ട്രി എല്ലാം മാറ്റി മറിച്ചു. അത് നവീന്‍ ബാബുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ മാനസിക വേദനയാണ് തൂങ്ങി മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പ്രകൃതമായിരുന്നു നവീന്‍ ബാബു.

എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു. കണ്ണൂരില്‍ നിന്നും നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. വീട്ടുകാരെ ഒന്നും നവീന്‍ ബാബു അറിയിച്ചിരുന്നില്ല. പ്രമോഷന്‍ കിട്ടിയപ്പോള്‍ കാസര്‍കോടായിരുന്നു എഡിഎമ്മായി ആദ്യ നിയമനം. പിന്നീട് കണ്ണൂരിലേക്ക് മാറി.

എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കി ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചത്. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. സിപിഎം അനുകൂല സംഘടനയിലാണ് നവീന്‍ ബാബുവും പ്രവര്‍ത്തിച്ചതെന്നാണ് സൂചന.

സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുന്‍പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

Tags:    

Similar News