കണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് നിന്നും ദിവ്യയെ ഒഴിവാക്കാന്‍ സാധ്യത ഏറെ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തേണ്ട സാഹചര്യം; അതിരുവിട്ട ദിവ്യയുടെ ഇടപെടല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയായി എന്ന വിലയിരുത്തല്‍ ശക്തം; എഡിഎമ്മിന്റെ മരണം സിപിഎമ്മിനെ ഉലയ്ക്കുമ്പോള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മര്‍ദമേറുന്നു

Update: 2024-10-16 02:38 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മര്‍ദമേറുന്നു. എ.ഡി.എമ്മിന്റെ ആത്മഹത്യ സി.പി.എമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി. അതിനിടെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യമുണ്ട്. വലിയ പാളീച്ച ദിവ്യയ്ക്കുണ്ടായി എന്നാണ് വിലയിരുത്തല്‍. ക്ഷണിക്കാത്ത ചടങ്ങില്‍ പോയി എഡിഎമ്മിനെ അപമാനിച്ചത് ശരിയായില്ലെന്നാണ് വിലയിരുത്തല്‍. സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പത്തനംതിട്ടയിലെ പാര്‍ട്ടിഘടകത്തിനും കടുത്ത പ്രതിഷേധമുണ്ട്. പത്തനംതിട്ടയിലെ പ്രമുഖ സിപിഎം കുടുംബാഗമായിരുന്നു നവീന്‍ ബാബു.

പിപി ദിവ്യക്കെതിരെ എഡിഎമ്മിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിപി ദിവ്യ, എഡിഎം നവീന്‍ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ, ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ഉണ്ട്. അതിനിടെ പ്രവീണ്‍ ബാബുവിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ.

സി.പി.എം. അനുകൂല സര്‍വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹയാത്രികന്‍കൂടിയാണ് നവീന്‍ബാബു. കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയശേഷമാണ് അടിയന്തരമായി സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ദിവ്യയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് വിലയിരുത്തി പത്രക്കുറിപ്പിറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദിവ്യയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ കേസെടുക്കാനും സാധ്യത ഏറെയാണ്.

ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സിപിഎം നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമായേക്കും. പാര്‍ട്ടി നേതാക്കള്‍ക്കുള്ള പാര്‍ട്ടി മാര്‍ഗ്ഗരേഖ ദിവ്യ ലംഘിച്ചെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ദിവ്യയുടെ നടപടികള്‍ അതിരുവിട്ടതായി എന്ന് വിലയിരുത്തി കഴിഞ്ഞു.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചൂടുള്ളതിനാല്‍ ഒരു ആരോപണത്തേയും അത്ര നിസ്സാരമായി തള്ളിക്കളയാന്‍ സര്‍ക്കാരിന് കഴിയില്ല. ഈ വിഷയത്തില്‍ സിപിഐയുടെ നിലപാടും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങ് അലങ്കോലമാക്കിയ ദിവ്യയുടെ നടപടിയെ സിപിഎമ്മും അംഗീകരിക്കുന്നില്ല. സര്‍ക്കാരിനെതിരായ പരസ്യ വെല്ലുവളി കൂടിയായി ഇതിനെ റവന്യൂ വകുപ്പും വിലയിരുത്തുന്നു. കേസെടുക്കേണ്ട സാഹചര്യം വന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യയ്ക്ക് നഷ്ടമാകും. അടുത്ത സിപിഎം സെക്രട്ടറിയേറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ദിവ്യയ്ക്കെതിരെ പാര്‍ട്ടി തല നടപടിയ്ക്കും സാധ്യതയുണ്ട്.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഏതോ മാനസികവിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ സംഭവം നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 194-ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. അസ്വാഭാവിക മരണമാണ് ചുമത്തിയിട്ടുള്ളത്. ഇതിലെ വകുപ്പുകളില്‍ മാറ്റം വരുത്തി ദിവ്യയെ പ്രതിയാക്കാന്‍ സാധ്യത ഏറെയാണ്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉടന്‍ അന്വേഷണനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കെ.ജി.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷന്‍ അംഗമായ നവീന്‍ ബാബു മാതൃകാപരമായും കാര്യക്ഷമവുമായാണ് ദീര്‍ഘകാലമായി സേവനംനടത്തിവരുന്നത്. അദ്ദേഹത്തിന്റെ മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റം കെ.ജി.ഒ.എ. തടഞ്ഞെന്ന വാര്‍ത്ത തെറ്റാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തണം. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പരസ്യമായ കുറ്റവിചാരണയിലേക്കും വിധിനിര്‍ണയത്തിലേക്കും പോകുന്നത് അനുചിതവും പ്രതിഷേധാര്‍ഹവുമാണെന്നും ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. എ.ഡി.എം. കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം കഴിഞ്ഞ ദിവസം അരങ്ങേറി. രാവിലെമുതല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരം സമരമുഖരിതമായി. പലപ്പോഴും സംഘര്‍ഷത്തിലേക്ക് വഴിവിട്ടു.

Tags:    

Similar News