കത്തയച്ച് കൈകഴുകാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രമം പൊളിഞ്ഞു; അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഗൗരവമായി കാണുന്നില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കലക്ടര്‍

കത്തയച്ച് കൈകഴുകാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രമം പൊളിഞ്ഞു

Update: 2024-10-18 13:17 GMT

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബം. കലക്ടറുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ല. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖില്‍ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തില്‍ അതൃപ്തയാണ്. കത്തില്‍ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങള്‍ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓണ്‍ലൈന്‍ ചാനലിനെ വിളിച്ച് ഇത്തരത്തില്‍ പരിപാടി നടത്തിയതില്‍ കളക്ടര്‍ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖില്‍ പറഞ്ഞു.

ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചാണ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കത്ത് അയച്ചത്. പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചയാളാണ് നവീന്‍ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തില്‍ കളക്ടര്‍ അനുസ്മരിക്കുന്നു. നവീന്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താത്പര്യമറിയിച്ചിരുന്നു. പക്ഷേ, കുടുംബം അതിനോട് വിയോജിച്ചു. ഇതേത്തുടര്‍ന്നാണ് പത്തനംതിട്ട സബ് കളക്ടര്‍ വഴി കുടുംബത്തിന് കത്ത് കൈമാറിയത്.

8 മാസമായി എന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു നവീന്‍ ബാബു. സംഭവിക്കാന്‍ പാടില്ലാത്ത, നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോള്‍ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചയാളാണ് നവീന്‍. ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകര്‍. എന്റെ ചുറ്റും ഇപ്പോള്‍ ഇരുട്ട് മാത്രമാണ്'. വിഷമഘട്ടത്തെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്തുണ്ടാകട്ടേയെന്നും കത്തിലുണ്ട്.

കളക്ടര്‍ക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം കണ്ണൂരില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടര്‍ ഓഫീസില്‍ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

അതിനിടെ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍ തത്കാലം കണ്ണൂരില്‍ തുടരാന്‍ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിന്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂര്‍ കളക്ട്രേറ്റിലെ ജീവനക്കാര്‍ തനിക്കെതിരെ തിരിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ നീക്കമെന്നാണ് സൂചന.

Tags:    

Similar News