കവിളിൽ അടിച്ചതിന്റെ നല്ല വേദനയുണ്ട്; സംസാരിക്കാനും വയ്യാത്ത അവസ്ഥ; ആ യുവ അഭിഭാഷകയെ ബെയ്ലിൻ ദാസ് മർദിച്ചത് അതിക്രൂരമായി; ഒടുവിൽ ബാര്‍ കൗണ്‍സിലും വടിയെടുത്തു; പ്രാക്റ്റീസ് ചെയ്യുന്നത് വിലക്കി തീരുമാനം; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മറുപടി; ഒളിച്ചുകളി തുടർന്ന് പ്രതി; പോലീസിന് തലവേദന!
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയുടെ കവിളിൽ സീനിയർ അഭിഭാഷകൻ അതിക്രൂരമായി മർദിച്ചത്. ഇതോടെ വലിയ വിവാദമാവുകയും ഒളിവിൽ പോയ പ്രതിയെ ഇതുവരെ പൊലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല. ഇപ്പോഴിതാ, ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ ബാര്‍ കൗണ്‍സിലും വടിയെടുത്തിയിരിക്കുകയാണ്.
പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ കടുത്ത നടപടി എടുത്തു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കിയതായി അറിയിച്ചു. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്.
ബെയ്ലിൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കി. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്ത് പ്രതികരിച്ചു.അതിനിടെ, ബെയ്ലിൻ ദാസ് അതിക്രൂരമായി ആക്രമിച്ചിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും ഒളിവിൽ തന്നെയാണ്. പോലീസ് അന്വേഷണം നടക്കുന്നതായും അറിയിച്ചു.
അതേസമയം, സംഭവം വളരെ ഗൗരവതരമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. മര്‍ദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
' വളരെ ഗൗരവകരമായ സംഭവമാണ്. പൊലീസ് കേസ് ചാര്‍ജ് ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കുറ്റവാളിയെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. സീനിയര്‍ അഭിഭാഷകനെ ബോധപൂര്‍വം സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കണം. അഭിഭാഷകയെ ആക്രമിച്ച കേസിലാണ് നടപടി. അപ്പോള്‍ ഇരയ്ക്കൊപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്'- മന്ത്രി വ്യക്തമാക്കി
നിയമവകുപ്പ് വിഷയം ബാര്‍ കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. അഭിഭാഷക സമൂഹം മുഴുവന്‍ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നില്‍ക്കണം. അസാധാരണമായ സംഭവമാണിത്. മര്‍ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.