വീട്ടമ്മയ്ക്കും കുഞ്ഞിനും നേരെ മാരകായുധങ്ങളുമായി കൊലവിളി; അഡ്വ. എസ് കാര്‍ത്തികയെ പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തി; നടപടി വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്; അര്‍ജുന്‍ ദാസിന്റെ ഭാര്യയ്ക്ക് പദവി നഷ്ടം
പത്തനംതിട്ട: വീട് കയറി അക്രമിക്കുകയും തന്നെയും പിഞ്ചു കുഞ്ഞിനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം അഡ്വ. എസ്. കാര്‍ത്തികയെ അന്വേഷണ വിധേയമായി കമ്മറ്റിയില്‍ നിന്നൊഴിവാക്കി. മലയാലപ്പുഴ പോലീസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് കാര്‍ത്തിക.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം തന്നെ സ്ത്രീക്കും കുട്ടിക്കും നേരെ അക്രമത്തിന് നേതൃത്വം കൊടുത്തുവെന്ന് കാട്ടി യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പോലീസ് കേസെടുത്തപ്പോള്‍ തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി തന്നെ കാര്‍ത്തികയ്ക്ക് എതിരേ നടപടി സ്വീകരിക്കേണ്ടിയിരുന്നതാണ്. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദം കാരണം അതുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അക്രമത്തിന് ഇരയായ യുവതി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. പക്ഷേ, കാര്‍ത്തികയെ മാറ്റി നിര്‍ത്താന്‍ വീണ്ടും ഏഴു മാസം എടുത്തു. ഡിസംബര്‍ 24 നാണ് ഇതു സംബന്ധിച്ച് ഉത്തരവ് വന്നിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് രാത്രി 10.30 നാണ് മലയാലപ്പുഴ താഴം മോളൂത്തറയില്‍ എം. രാജേഷിന്റെ ഭാര്യ ജീനയ്ക്കും ആറു വയസുള്ള മകനും നേരെ നാലംഗ സംഘത്തിന്റെ അക്രമം ഉണ്ടായത്. ജീനയുടെ പരാതിയില്‍ അന്നത്തെ സിപിഎം തുമ്പമണ്‍ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ താഴം കൃഷ്ണനിവാസില്‍ അര്‍ജുന്‍ദാസ്, സഹോദരന്‍ അഡ്വ. അരുണ്‍ ദാസ്, ഭാര്യ സലീഷ, അര്‍ജുന്‍ദാസിന്റെ ഭാര്യ അഡ്വ. എസ്. കാര്‍ത്തിക എന്നിവരെ പ്രതികളാക്കി മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആറു വയസുള്ള മകനും തനിക്കും നേരെ നാലംഗസംഘം മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് ജീനയുടെ മൊഴി.
അര്‍ജുന്‍ദാസിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിക്കാനെന്ന വ്യാജേനെ ഏറെ നാളായി, അനധികൃതമായി മണ്ണും പാറയും കടത്തുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന ലേബലില്‍, സര്‍ക്കാരിന്റെ യാതൊരുവിധ അനുവാദവും വാങ്ങാതെയാണ് പാറയും മണ്ണും ഖനനം ചെയ്ത് കടത്തിയിരുന്നത്. ഇത് പൊലീസ് പിടികൂടിയത് ജീനയുടെ ഭര്‍ത്താവ് രാജേഷ് ഒറ്റിക്കൊടുത്തതാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നു. ഇതിനെതിരേ മലയാലപ്പുഴ പൊലീസില്‍ രാജേഷ് പരാതി നല്‍കിയിരുന്നു. ഈ രണ്ടു വിരോധവും കാരണമാണ് മാര്‍ച്ച് ഒന്നിന് രാത്രി തങ്ങളുടെ വീടിന് മുന്നില്‍ വച്ച് നാലംഗ സംഘം ആക്രമിക്കാന്‍ മുതിര്‍ന്നതെന്നാണ് ജീനയുടെ മൊഴി.
അര്‍ജുന്‍ ദാസും അരുണ്‍ ദാസും ചേര്‍ന്ന് പരാതിക്കാരിയെയും മകനെയും തടഞ്ഞു നിര്‍ത്തി അസഭ്യം വിളിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. എതിര്‍ത്ത ജീനയോട് നിന്നെ ഒരെണ്ണത്തിനെ തീര്‍ത്താല്‍ അവന്‍ മര്യാദ പഠിക്കുമെന്ന് പറഞ്ഞാണ് മാരകായുധം എടുത്ത് വീശിയത്. ജീനയുടെ മകനായ ആറു വയസുകാരന്റെ കഴുത്തിന് നേരെയായിരുന്നു മാരകായുധം വീശിയത്. മകനെയും പിടിച്ച് വീട്ടിലേക്ക് ഓടിയ ജീനയ്ക്ക് നേരെ ഇവര്‍ മാരകായുധം എറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ജുനും അരുണും മചര്‍ത്ത് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നഗ്നത പ്രകടിപ്പിച്ചു.
ഇവരുടെ കൂടെയുണ്ടായിരുന്ന സലീഷയും അഡ്വ. കാര്‍ത്തികയും അസഭ്യം വിളിക്കുകയും പരാതിക്കാരി താമസിക്കുന്ന വീടിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.ഈ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഒഴിവാക്കിയിരുന്നു.