പതിനെട്ട് അടവും പയറ്റുന്ന ഗുരുവിനെതിരെ ശിഷ്യയുടെ പൂഴിക്കടകന്‍! വിശ്വന്റെ വാദങ്ങളുടെ മൂര്‍ച്ചയറിഞ്ഞ് ഹൈക്കോടതിയില്‍ നിന്നും അഡ്വ ജോണ്‍ റാല്‍ഫിനെ എത്തിച്ചത് നിര്‍ണ്ണായകമായി; ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുമ്പോള്‍ ജയിച്ചത് വിശ്വന്റെ കളരിയില്‍ പയറ്റി തെളിഞ്ഞ അഭിഭാഷക കരുത്ത്; അഡ്വ സജിത വിജയത്തിന്റെ നീതിപീഠത്തില്‍

Update: 2024-10-29 06:53 GMT

കണ്ണൂര്‍: പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളുമ്പോള്‍ അംഗീകരിക്കാതെ പോകുന്നത് പ്രഗത്ഭനായ അഭിഭാഷകന്‍ കെ വിശ്വന്റെ വാദങ്ങള്‍. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള അഡ്വക്കേറ്റ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ അഭിഭാഷക ഗുരു. ശശിയും വിശ്വന്‍ വക്കിലീന് കീഴില്‍ ജൂനിയറായിരുന്നു. പ്രമാദമായ കേസുകളില്‍ ഹാജരായി വിജയം നേടിയ അഭിഭാഷകനാണ് വിശ്വന്‍. അതുകൊണ്ട് തന്നെ തന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിശ്വന്‍ വക്കീലിനെ ഏല്‍പ്പിക്കാനും ദിവ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഇതിനിടെ തിരിച്ചടിയായത് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നീക്കമാണ്. പ്രോസിക്യൂഷനെ മാത്രം വിശ്വസിക്കാതെ അവരും അഭിഭാഷകയെ നിയോഗിച്ചു. അതും വിശ്വന്റെ കൂടെ നിന്ന് നിയമ പരിജ്ഞാനം കൂട്ടിയ അഡ്വക്കേറ്റിനെ. ഇതും കേസില്‍ നിര്‍ണ്ണായകമായി. ജാമ്യം നിഷേധിക്കാന്‍ വേണ്ടി ചെയ്യാവുന്നതെല്ലാം അവര്‍ ചെയ്തു. അങ്ങനെ സിപിഎമ്മിലെ ദിവ്യ അനുകൂലികളേയും ചെങ്ങളായി മാഫിയയേയും നിരശപ്പെടുത്തി വിധിയെത്തി. വിശ്വന്റെ ജൂനിയറായിരുന്ന അഡ്വക്കേറ്റ് സജിതയായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിനായി വക്കാലത്ത് ഏറ്റെടുത്തത്. ഈ നീക്കമാണ് ദിവ്യയുടെ ജാമ്യ പ്രതീക്ഷയെ തകര്‍ക്കുന്നത്.

കെ വിശ്വന്റെ വാദം എങ്ങനെയാകുമെന്ന് സജിതയ്ക്ക് നന്നായി അറിയാം. അതെല്ലാം മനസ്സിലാക്കിയാണ് അവര്‍ ഈ കേസില്‍ നീക്കം നടത്തിയത്. വിശ്വനെതിരെ വാദിക്കാന്‍ പ്രോസിക്യൂഷന് പുറമേ ഹൈക്കോടതിയില്‍ നിന്നും അഭിഭാഷകനെ എത്തിച്ചു. ഇതോടെ വാദത്തിലെ മുന്‍തൂക്കം നവീന്‍ ബാബുവിന്റെ കുടുംബത്തിന് കിട്ടുകയും ചെയ്തു. പിഴവുണ്ടായാല്‍ ചൂണ്ടിക്കാട്ടാന്‍ മറ്റൊരു പ്രമുഖ വക്കീല്‍ ഉള്ളതു കൊണ്ട് തന്നെ പ്രോസിക്യൂഷനും ആഞ്ഞ് വാദിക്കേണ്ടി വന്നു. അങ്ങനെ കേസില്‍ എല്ലാം ദിവ്യയ്ക്ക് എതിരായി. ഇതിന് ചുക്കാന്‍ പിടിച്ചത് വനിതാ അഭിഭാഷകയെന്നത് മറ്റൊരു യാദൃശ്ചികതയുമായി. അങ്ങനെ അഭിഭാഷക ഗുരുവിനെ നിര്‍ണ്ണായക കേസില്‍ തോല്‍പ്പിക്കുകയാണ് അഡ്വ സജിത. കുടുംബത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക വിധിയാണിതെന്ന് അഡ്വ സജിതയും പ്രതികരിച്ചു.

എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാറാണ് വിധി പറഞ്ഞത്. അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷകന്‍. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരായി. പോലീസ് റിപ്പോര്‍ട്ടും ഹാജരാക്കി. ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷിചേര്‍ന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. ജോണ്‍ എസ്. റാല്‍ഫ് വാദമുയര്‍ത്തി. മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. സജിതയാണ് വക്കാലത്ത് നല്‍കിയത്. 18-നാണ് ദിവ്യയ്ക്കുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്. മുന്‍കൂര്‍ ജാമ്യത്തിന് നല്‍കിയപ്പോള്‍ തന്നെ കേസില്‍ കക്ഷി ചേരാന്‍ കുടുംബം തീരുമാനിച്ചു. കണ്ണൂരിലെ പലരുമായി സംസാരിച്ചാണ് സജിതയെ വക്കാലത്ത് ഏല്‍പ്പിച്ചത്. വക്കാലത്ത് ഏറ്റെടുത്ത സജിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് തന്ത്രപരമായി എറണാകുളത്ത് നിന്നും അഡ്വക്കേറ്റിനെ എത്തിച്ചത്. ഇത് പ്രതിഭാഗത്തിന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വാദ സമയത്ത് വിശ്വന്‍ ഒന്നര മണിക്കൂറാണ് സംസാരിച്ചത്. അതിന് ശേഷം വാദിക്കാന്‍ ആവശ്യപ്പെട്ടത് നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനോടായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പറഞ്ഞ ശേഷം പറയാമെന്ന് അവര്‍ മറുപടി നല്‍കി. ഇതോടെ തനിക്ക് പിഴവുണ്ടായാല്‍ അത് ചൂണ്ടിക്കാട്ടാന്‍ ശക്തനായ മറ്റൊരു അഭിഭാഷകനുണ്ടെന്ന് പ്രോസിക്യൂട്ടറും തിരിച്ചറിഞ്ഞു.

വാദത്തിനിടെ പോയിന്റുകളുമായി വിശ്വനും എത്തി. ഇത് കോടതി അനുദിച്ചില്ല. അപ്പോള്‍ തന്നെ ജാമ്യ ഹര്‍ജിയില്‍ ദിവ്യയ്ക്ക് തിരിച്ചടിയാകും ഉണ്ടാവുകയെന്ന വിലയിരുത്തലുമെത്തി. ഇതാണ് ശരിയാകുന്നതും. ഏതായാലും അഡ്വ സജിതയുടെ നിര്‍ദ്ദേശമനുസരിച്ച് മുമ്പോട്ട് പോയ നവീന്‍ ബാബുവിന്റെ കുടുംബം ആദ്യ നിയമ പോരാട്ടം ജയിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ ദിവ്യ കീഴടങ്ങുമെന്നാണ് വിലയിരുത്തല്‍. തീരുമാനം മറിച്ചയാല്‍ ഹൈക്കോടതിയിലും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദത്തിനെത്തും. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയ്‌ക്കെതിരെയുള്ള കോടതി വിധി. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. നീതിപീഠത്തിന്‍ ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.

എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കലക്ടറും ഈക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എഡിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്.

കളക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്റെ മൊഴി. ദിവ്യയുടെ ഭീഷണിയും പ്രകോപനം നിറഞ്ഞ പ്രവര്‍ത്തികളാണ് മരണത്തിലേക്ക് എഡിഎമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തല്‍.

Tags:    

Similar News