ഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രം വച്ചാണ് പ്രചാരണം; പമ്പയിലെ ആളില്ലാ കസേരയില്‍ ഗോവിന്ദന്റെ 'എഐ വാദം' പ്രശാന്തും തള്ളി; ആഗോള അയ്യപ്പ സംഗമത്തില്‍ എത്ര കിട്ടിയെന്ന കണക്കുകള്‍ ഇനിയും ആര്‍ക്കും അറിയില്ല; പന്തളത്തെ വിശ്വാസ സംഗമം വിജയമായപ്പോള്‍

Update: 2025-09-23 01:11 GMT

തിരുവനന്തപുരം: പന്തളത്തെ ശബരിമല വിശ്വാസ സംഗമം വന്‍ വിജയമായതോടെ പമ്പയിലെ അയ്യപ്പ സംഗമത്തില്‍ പുതിയ വിശദീകരണവുമായി സിപിഎം അനുകൂലികള്‍. നേരത്തെ പമ്പയില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിലെ ആളില്ലായ്മ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. അത് ഐഎ ചിത്രമാകാമെന്ന് പോലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ പ്രചരിച്ചത് എഐ ചിത്രമായിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം ദേശാഭിമാനിയിലൂടെ അറിയിക്കുന്നത്. ആള് കുറഞ്ഞു എന്നതൊക്കെ ബാലിശമായ വാദങ്ങളാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യുന്‌പോഴുള്ള സദസ് എല്ലാവരും കണ്ടതാണ്. 4126 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രംവച്ചാണ് പ്രചാരണമെന്നും പ്രശാന്ത് പറഞ്ഞു.

അതായത് ശബരിമലയിലെ ആളൊഴിഞ്ഞ കസേരകള്‍ എഐ ആണെന്ന സിപിഎം സെക്രട്ടറി ഗോവിന്ദന്റെ വാക്കുകള്‍ പ്രശാന്ത് അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം ആര്‍ എസ് എസ് നേതൃത്വത്തിലെ പരിവാര്‍ സംഘടനകള്‍ നടത്തിയത്. വലിയ തോതില്‍ ആളുകള്‍ ഈ സംഗമത്തിന് എത്തി. എല്ലാ സെമിനാറിനും നല്ല ആളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഏത് സംഗമമാണ് വിജയിച്ചതെന്ന ചര്‍ച്ചയുമെത്തി. 10 ലക്ഷം രൂപ ചെലവിലാണ് ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഗമം നടന്നത്. എന്നാല്‍ ഏഴ് കോടിയില്‍ അധികം പമ്പയിലെ അയ്യപ്പ സംഗമത്തിന് ചെലവാക്കി. ഇവിടെ കിട്ടിയ സഹായത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുമില്ല. ഇതിനിടെയാണ് പുതിയ അവകാശ വാദവുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തുന്നത്.

അതിനിടെ ആഗോള അയ്യപ്പ സംഗമത്തില്‍ അവതരിപ്പിച്ച ശബരിമല മാസ്റ്റര്‍ പ്ലാനിന് ലഭിച്ചത് വന്‍ സ്വീകാര്യതയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നുണ്ട്. ദേശാഭിമാനി ഓണ്‍ലൈനിലാണ് ഈ വിശദീകരണമുള്ളത്. പദ്ധതി നടപ്പാക്കാനുള്ള സാന്പത്തിക സഹായം പ്രവാസികളായ വിശ്വാസികളും സ്ഥാപനങ്ങളുടെ പ്രതിനിധികളും ഉറപ്പു നല്‍കി. 1033 കോടി ചെലവ് കണക്കാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള വിവിധ പദ്ധതികളുടെ ഡിപിആര്‍ ഉടന്‍ തയ്യാറാക്കാനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. ജനത്തിരക്ക് എത്ര വര്‍ധിച്ചാലും പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാനാവശ്യമായ നിര്‍ദേശം ഇതുസംബന്ധിച്ച സെഷനില്‍ നിന്നുണ്ടായി. തീര്‍ഥാടന ടൂറിസം ശബരിമലയുടെ പ്രത്യേകതകള്‍ നിലനിര്‍ത്തിക്കൊണ്ട് എങ്ങിനെ നടപ്പാക്കാമെന്നതിനുള്ള വിലപ്പെട്ട നിര്‍ദേശംവന്നുവെന്നും ദേശാഭിമാനി പറയുന്നു.

സംഗമത്തിലെ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് വിദഗ്ധരുടെ യോഗം ചേര്‍ന്നായിരിക്കും ഡിപിആര്‍ തയ്യാറാക്കുകയെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് അയ്യപ്പസംഗമത്തിലാണ്. പ്ലാനിന്റെ വിവിധ മാതൃകകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് പാക്കേജായിട്ടാണ് നിര്‍മാണം. ഡസംബറില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കും. നടപ്പാക്കാനാവശ്യമായ സമര്‍പ്പണം സംഗമത്തിലും പിന്നീടുമുണ്ടായി. ഡിപിആര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സ്റ്റൈില്‍ പ്രസിദ്ധീകരിച്ചാല്‍ ഉടന്‍ ആവശ്യമായ സഹായം നല്‍കാമെന്ന് പ്രവാസികളായ പല വിശ്വാസികളും അറിയിച്ചിട്ടുണ്ട്. ഗോകുലം ഗോപാലനെപ്പോലുള്ളവര്‍ സംഗമത്തില്‍ത്തന്നെ സഹായം പ്രഖ്യാപിച്ചു. അയ്യപ്പസംഗമം സംഘടിപ്പിച്ചതിന്റെ ലക്ഷ്യം ദേവസ്വം നേടിയിട്ടുണ്ട്. അത് ശബരിമലയുടെ സമഗ്ര വിസകനത്തിന് വലിയ സഹായവുമാകുമെന്ന് പ്രശാന്ത് പറയുന്നു.

Tags:    

Similar News