'വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായിരുന്നു; അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു'; ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവെന്ന് കൊടിക്കുന്നില്‍ സുരേഷ്; രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനെന്ന് അടൂര്‍ പ്രകാശും; സംഭവിച്ചത് 'ഗോ എറൗണ്ട്' എന്ന് എയര്‍ഇന്ത്യ; റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും വിശദീകരണം
'വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായിരുന്നു
ചെന്നൈ: തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ച എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് വിമാനത്തിലെ യാത്രക്കാരായ കേരളാ എംപിമാര്‍ രംഗത്തെത്തി. കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് തുടങ്ങിയ എംപിമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായെന്നാണ് കൊടിക്കുന്നില്‍ സുരേഷ് വിശദീകരിച്ചത്. റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു. വിമാനം ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലമാണ് മുഴുവന്‍ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തതെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം 'രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഇന്നു നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആണു ഞങ്ങള്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടത്. വിമാനത്തില്‍ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അര മണിക്കൂര്‍ വൈകി 7.50ന് ആണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് ചെയ്തു. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു. ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ഇടയ്ക്കിടെ പൈലറ്റ് അറിയിപ്പുകള്‍ തരുന്നുണ്ടായിരുന്നു.
ഇന്ധനം കത്തിച്ചു തീര്‍ക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമം തുടങ്ങി. ഈ സമയത്തായിരുന്നു അടുത്ത പ്രതിസന്ധി. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ഞങ്ങള്‍ സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെ പലര്‍ക്കും ഭയമായി. ധാരാളം സ്ത്രീകളും കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.
അര മണിക്കൂര്‍ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. റഡാറിലെ തകരാര്‍ എന്നാണു പറയുന്നത്. എന്തായാലും വിശദ അന്വേഷണം വേണം. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഞങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ പരിശോധന നടത്തുന്നു എന്നാണ് പറഞ്ഞത്. വലിയ അപകടത്തില്‍ നിന്ന് കരകയറിയാണ് ഞങ്ങള്‍ എല്ലാം പകരം വിമാനത്തില്‍ കയറി ഇരിക്കുന്നത്. റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്. പൈലറ്റായ ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാര്‍ഹമാണ്' - അടൂര്‍ പ്രകാശ് ഒരു മാധ്യമത്തോട് പറഞ്ഞു.
അതേസമയം വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗില്‍ രാഷ്ട്രീയ വിവാദവും ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സാരം.
അടിയന്തര ലാന്‍ഡിംഗിനിടെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. അടിയന്തര ലാന്‍ഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നെന്നാണ് അടൂര്‍ പ്രകാശ് വിവരിച്ചത്.
അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നുള്ള മുന്‍കരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നുമാണ് എയര്‍ ഇന്ത്യ പറയുന്നത്. സംഭവിച്ചത് ഗോ എറൗണ്ടാണ്. റണ്‍വേയില്‍ മറ്റ് വിമാനം ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ചെന്നൈയില്‍ വിമാനത്തിന്റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കിയെന്നും എയര്‍ഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ തന്നെ മറ്റൊരു വിമാനത്തില്‍ യാത്ര ക്രമീകരിച്ചെന്നും എയര്‍ ഇന്ത്യ വക്താവ് വിവരിച്ചു.
അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാര്‍ കണ്ടെത്തിയതോടെ, രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു.