ആ വിമാനം പറന്നെത്തി, ഒരു കുഴപ്പവുമില്ലാതെ; ഇന്ധന സ്വിച്ച് തകരാര്‍ കണ്ടതോടെ യാത്ര മുടങ്ങിയ എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ നിന്നും ബാംഗ്ലൂരുവിലെത്തി; പരിശോധനകളില്‍ തകരാര്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ആശയക്കുഴപ്പം മാറുന്നില്ല; തുടര്‍ച്ചയായ കുഴപ്പങ്ങള്‍ യാത്രക്കാരെ പരിഭ്രാന്തിയിലാക്കുന്നത് എയര്‍ ഇന്ത്യക്ക് കനത്ത പ്രഹരമാകും
തുടര്‍ച്ചയായ കുഴപ്പങ്ങള്‍ എയര്‍ ഇന്ത്യക്ക് കനത്ത പ്രഹരമാകും
ലണ്ടന്‍: യുകെ മലയാളികള്‍ നാട്ടിലെത്താന്‍ ആശ്രയിക്കുന്ന വിമാനങ്ങളില്‍ ഒന്നായ എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനം ഞായറാഴ്ച അഹമ്മദാബാദ് ദുരന്തത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയെങ്കിലും ഇന്നലെ വൈകി വിമാനം സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കി. വിമാനത്തിന്റെ ഇന്ധന സ്വിച്ച് റണ്‍ മോഡില്‍ നിന്നും പൊടുന്നനെ കട്ട് ഓഫ് മോഡിലേക്ക് മാറിയത് കണ്ടതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ വിമാനം പറത്തുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞത്.
ഉടനെ വിമാനത്തിന് അടിയന്തര സുരക്ഷാ പരിശോധനകള്‍ നടത്തിയെങ്കിലും തകരാറിന് കാരണമായി ചൂണ്ടിക്കാട്ടിയ കുഴപ്പം കണ്ടെത്താനായില്ല. അഹമ്മദാബാദ് ദുരന്തത്തെ തുടര്‍ന്ന് സമാനമായ കുഴപ്പങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡിജിസിഎ നിര്‍ദേശത്തെ എയര്‍ ഇന്ത്യയുടെ തുടര്‍ന്ന് മുഴുവന്‍ ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പറന്നു തുടങ്ങിയത്. ഇപ്പോള്‍ കുഴപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിമാനവും അന്ന് പരിശോധന പൂര്‍ത്തിയാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ്.
അതിനിടെ തുടര്‍ച്ചയായ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എയര്‍ ഇന്ത്യ യാത്രക്കാരെ പരിഭ്രാന്തിയിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അഹമ്മദാബാദ് ദുരന്തത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് ദീര്‍ഘ ദൂര സര്‍വീസുകളില്‍ പ്രത്യേകമായി കനത്ത തോതില്‍ യാത്രക്കാരെ നഷ്ടമായിരുന്നു, ഈ വിശ്വാസം തിരിച്ചു പിടിക്കാന്‍ അധിക ബാഗേജ് അലവന്‍സ്, ടിക്കറ്റ് ക്യാന്‍സലേഷന്‍ ഫീ ഒഴിവാക്കല്‍ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി തിരിച്ചു വരവിന്റെ പാതയില്‍ പറന്നു തുടങ്ങവെയാണ് തുടര്‍ച്ചയായി കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുഴപ്പം കണ്ടെത്താനാകാതെ വിമാനം സുരക്ഷിതമായി പറന്നെങ്കിലും ഇത്തരം വാര്‍ത്തകള്‍ സ്വാഭാവികമായും യാത്രക്കാരെ ഭീതിയിലാക്കും എന്ന് ഉറപ്പാണ്. പണം അധികം ആയാലും മറ്റു സര്‍വീസുകളെ ആശ്രയിക്കാനും ഇത് പ്രധാന കാരണമായി മാറുകയും ചെയ്യും.
അഹമ്മദാബാദ് ദുരന്തം അന്വേഷിക്കുന്ന ഇന്ത്യയുടെ എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇടക്കാല റിപ്പോര്‍ട്ടില്‍ അപകട കാരണം ആയത് ഇന്ധന നിയന്ത്രണ സ്വിച്ച് അതിന്റെ സ്ഥാനം മാറിയത് കൊണ്ടാണ് എന്ന് വിലയിരുത്തിയിരുന്നെങ്കിലും അത് എങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞിരുന്നില്ല. അന്തിമ റിപ്പോര്‍ട്ടില്‍ ആ ചോദ്യത്തിനുള്ള ഉത്തരം കൂടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സമ്മര്‍ദ്ദം നിറഞ്ഞ യാത്രയില്‍ പൈലറ്റുമാരുടെ കണ്ണ് ഇന്ധന നിയന്ത്രണ സംവിധാനത്തില്‍ തന്നെ
ഇന്ധന നിയന്ത്രണ സ്വിച്ച് രണ്ടു തവണ പരാജയമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൈലറ്റുമാര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സമാന കാരണമാണ് അഹമ്മദാബാദ് ദുരന്തത്തിന് ഇടയാക്കിയത് എന്നതിനാല്‍ അടിയന്തിര പരിശോധനകളാണ് തുടര്‍ന്ന് നടന്നത്. എന്നാല്‍ കുഴപ്പം എന്താണ് എന്ന് കണ്ടുപിടിക്കാനായില്ല എന്ന് എയര്‍ ഇന്ത്യ പറയുന്നു. യാത്രയില്‍ ഉടനീളം പൈലറ്റുമാരുടെ കണ്ണ് ഇന്ധന നിയന്ത്രണ സംവിധാനത്തില്‍ ആയിരുന്നു എന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. അതിനര്‍ത്ഥം ഏറ്റവും സമ്മര്‍ദ്ദം അനുഭവിച്ചാണ് ആ വിമാനം ഇന്നലെ യാത്ര പൂര്‍ത്തിയാക്കിയത് എന്ന് തന്നെയാണ്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോയിങ് അധിക ശ്രദ്ധ നല്‍കിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തകരാറുകള്‍ പരിശോധിക്കുന്നത് എന്ന് ബോയിങ് പ്രതിനിധിയും ബിബിസിയോട് വ്യക്തമാക്കി.
എന്നാല്‍ ചെറിയൊരു കൈപ്പിശക് കൊണ്ട് പോലും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണ്‍ മോഡില്‍ നിന്നും കട്ട് ഓഫ് മോഡിലേക്ക് മാറാമെന്നും ഇതാകാം ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനത്തിന് സംഭവിച്ചിരിക്കാന്‍ സാധ്യത എന്നുമാണ് ബോയിംഗിന്റെ വിലയിരുത്തല്‍. ഇതോടെ വീണ്ടും പൈലറ്റുമാരുടെ കൈപ്പിഴ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വഴിമാറുകയാണ് എന്ന് വ്യക്തം. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം പരാതികള്‍ ഉന്നത അധികൃതരുടെ കൂടി സാന്നിധ്യം ഉറപ്പ് വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. കുഴപ്പം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ പൈലറ്റുമാരുടെ എന്‍ജിന്‍ കൈകാര്യം ചെയ്ത പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഇന്ധന സ്വിച്ച് കൈകാര്യം ചെയുനതില്‍ കൂടുതല്‍ വിശദമായ പരിശീലനം ആവശ്യമാണ് എന്ന് ബോയിംഗ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
നിറയെ യാത്രക്കാരുമായി പറന്നിരുന്ന നേരിട്ടുളള ലണ്ടന്‍ - കൊച്ചി വിമാനം ഒരു കാരണവും പറയാതെ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെയാണ് യുകെ മലയാളികള്‍ക്ക് ബാംഗ്ലൂര്‍, മുംബൈ, ഡെല്‍ഹി തുടങ്ങിയ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിച്ചു നാട്ടിലേക്ക് പറക്കേണ്ടി വന്നിരിക്കുന്നത്. കൊച്ചി വിമാനം നിര്‍ത്തലാക്കി ഇപ്പോള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ലണ്ടനില്‍ നിന്നും ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തുന്ന പതിവ് അടുത്തിടെയാണ് എയര്‍ ഇന്ത്യ ആരംഭിച്ചത്.
