പിതാവ് മലേഷ്യയിലെ അതിസമ്പന്നന്‍; 40,000 കോടിയുടെ സമ്പത്തിന് ഉടമയായിട്ടും ഒരേയൊരു മകന്‍ കഴിയുന്നത് കാട്ടില്‍: ബുദ്ധസന്യാസിയായി ജീവിതം നയിക്കുന്ന വെന്‍ അജാന്‍ സിരിപന്യോയുടെ കഥ
ബുദ്ധസന്യാസിയായി ജീവിതം നയിക്കുന്ന വെന്‍ അജാന്‍ സിരിപന്യോയുടെ കഥ
രാജപദവിയില്‍ നിന്നും ഇറങ്ങി വന്ന് സന്യാസിയായ ജീവിച്ചയാളാണ് ശ്രീബുദ്ധന്‍. ബുദ്ധന്റെ ജീവിതത്തെ അപ്പാടെ അനുകരിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തും ലൗകിക സുഖങ്ങളും ഉപേക്ഷിച്ച് സന്യാസ ജീവിതം നയിക്കുകയാണ് മലേഷ്യയില്‍ നിന്നുള്ള ഒരു ബുദ്ധസന്യാസി. മലേഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ആനന്ദ കൃഷ്ണന്റെ ഒരേ ഒരു മകനാണ് ലൗകിക ജീവിതവും കോടിക്കണക്കിന് രൂപയുടെ സ്വത്തും ഉപേക്ഷിച്ച് കാട്ടില്‍ ഒരു സന്യാസിയായി ജീവിതം നയിക്കുന്നത്.
രാജ്യത്തെ സമ്പന്നരുടെ പട്ടിക എടുത്താല്‍ മൂന്നാം സ്ഥാനത്താണ് ആനന്ദകൃഷ്ണന്‍. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചാണെങ്കില്‍ ഏതാണ്ട് 40,000 കോടിയുടെ സമ്പത്തിനുടമയാണ് അദ്ദേഹം. എന്നാല്‍ പിതാവിന്റെ സ്വത്തുക്കളുടെ കണക്കോ വരാനിരിക്കുന്ന സൗഭാഗ്യങ്ങളോ ഒന്നും ഒരേയൊരു മകനായ വെന്‍ അജാന്‍ സിരിപന്യോയുടെ കണ്ണ് മഞ്ഞളിപ്പിച്ചില്ല. കൊട്ടാരം ഉപേക്ഷിച്ച് അദ്ദേഹം കാട്ടിലേക്കിറങ്ങി.തിരഞ്ഞെടുത്തതാവട്ടെ സന്യാസത്തിന്റെ വഴിയും.
തായ്ലന്‍ഡ്-മ്യാന്മര്‍ അതിര്‍ത്തിയിലെ വനപ്രദേശത്ത് മഠാധിപതിയായി കഴിയുകയാണ് അദ്ദേഹം. സിരിപന്യോ തന്റെ 18-ാം വയസ്സില്‍ എടുത്ത തീരുമാനമാണ് സന്യാസം. കഴിഞ്ഞ 20 വര്‍ഷത്തോളമായി ബുദ്ധസന്യാസിയായി വനങ്ങളിലും മറ്റുമാണ് സിരിപന്യോ കഴിഞ്ഞുവരുന്നത്. മകന്റെ തിരഞ്ഞെടുപ്പില്‍ കോടീശ്വരനായ പിതാവിന് ഒരു എതിര്‍പ്പുമില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്ന പിതാവും ഒരു ബുദ്ധമത വിശ്വാസിയാണെന്നാണ് റിപ്പോര്‍ട്ട്.
സിരിപന്യോയുടെ മാതാവ് തായ്ലന്‍ഡിലെ ഒരു രാജകുടുംബാംഗമാണ്. സിരിപാന്യോ യുവാവായിരുന്നപ്പോള്‍ ഒരിക്കല്‍ അമ്മ വീട്ടിലേക്ക് വിരുന്നുപോയി. ആ യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അന്ന് ഒരു ജിജ്ഞാസയുടെ പുറത്ത് സന്യാസജീവിതം പരിചയപ്പെടാനുള്ള ശ്രമം നടത്തി. ആത്മീയ പരിശീലനത്തിലും ത്യാഗപൂര്‍ണമായ ജീവിതത്തിലും ആനന്ദം കണ്ടെത്തിയ അദ്ദേഹം തുടര്‍ന്നുള്ള ജീവിതം ആ വിധത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരുപത് വര്‍ഷമായി ആശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം പക്ഷേ, ഇടയ്ക്കിടെ വന്ന് കുടുംബത്തെ സന്ദര്‍ശിക്കും. എന്തെന്നാല്‍ ബുദ്ധമതത്തിന്റെ അനുശാസനങ്ങളിലൊന്നാണ് കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത്. അതിനാല്‍ ഇടയ്ക്കിടെ വന്ന് പിതാവിനെ കാണുകയും പഴയ ജീവിതശൈലി താത്കാലികമായി സ്വീകരിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.