അജിത് പവാറിന്റെ മരണം അട്ടിമറിയോ? രോഹിത് പവാറിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ജേക്കബ് കെ ഫിലിപ്പ്! 'പഴയ വിമാനമെന്നത് തള്ളല്‍, അധിക ടാങ്ക് വെക്കുന്നത് നഷ്ടക്കച്ചവടം'; എംഎല്‍എയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് വിദഗ്ധന്‍; പ്രപഞ്ചമല്ല, മൂടല്‍മഞ്ഞാണ് വില്ലനായത്
അജിത് പവാറിന്റെ മരണം അട്ടിമറിയോ?
കൊച്ചി: അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ ഉന്നയിച്ച വാദങ്ങള്‍ സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ. ഫിലിപ്പ്. രോഹിത് പവാര്‍ ഉന്നയിച്ച അഞ്ച് സംശയങ്ങളെയും വസ്തുതകള്‍ നിരത്തി അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിശകലനം ചെയ്യുന്നു.
വിമാനത്തിന്റെ പഴക്കവും അറ്റകുറ്റപ്പണിയും
അപകടത്തില്‍പ്പെട്ട ലിയര്‍ജെറ്റ് 45എക്‌സ്ആര്‍ വിമാനത്തിന് പഴക്കമുണ്ടെന്ന രോഹിത് പവാറിന്റെ വാദത്തെ പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്. വിമാനത്തിന് കേവലം 16 വര്‍ഷം മാത്രമേ പഴക്കമുള്ളൂ എന്ന കാര്യം ആരോപണം ഉന്നയിച്ചവര്‍ ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു വിമാനത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രായമല്ല.
ഇന്ധന ടാങ്ക് മോഡിഫിക്കേഷന്‍: ഒരു അസംബന്ധം?
അപകടത്തിന്റെ തീവ്രത കൂട്ടാനായി വിമാനത്തില്‍ അധിക ഇന്ധന ടാങ്ക് പിടിപ്പിച്ചു എന്നതായിരുന്നു രോഹിത്തിന്റെ വിചിത്രമായ ഒരു സംശയം. ഇതിനെ ജേക്കബ് കെ. ഫിലിപ്പ് വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്:
ഈ മോഡല്‍ വിമാനത്തിന് ഫുള്‍ ടാങ്ക് അടിച്ചാല്‍ 3700 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയും. ഇന്ത്യയ്ക്കുള്ളിലെ യാത്രകള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന ഈ വിമാനത്തിന് അധിക ടാങ്കിന്റെ ആവശ്യമില്ല. അധിക ടാങ്ക് പിടിപ്പിക്കുന്നതിനുള്ള ചെലവും സര്‍ട്ടിഫിക്കേഷന്‍ നൂലാമാലകളും വിമാനത്തിന്റെ ഭാരം കൂടുന്നത് വഴിയുള്ള നഷ്ടവും പരിഗണിക്കുമ്പോള്‍ ആരും ഇത്തരമൊരു പണിക്ക് മുതിരില്ല. ഇനി അഥവാ അട്ടിമറിക്കായി ഇത്തരമൊരു ടാങ്ക് വെച്ചിരുന്നെങ്കില്‍ തന്നെ എഎഐബിയുടെ (AAIB) പ്രാഥമിക പരിശോധനയില്‍ അത് പിടിക്കപ്പെടുമായിരുന്നു.
ഗൂഢാലോചനയല്ല, കാലാവസ്ഥ
അജിത് പവാര്‍ വിമാനത്തില്‍ കയറുന്നതും വിമാനം താഴെ വീണ് ആളിക്കത്തുന്നതും വരെ പ്രപഞ്ചം മൊത്തം ഗൂഢാലോചന നടത്തിയെന്ന രോഹിത്തിന്റെ വാദത്തിന് പിന്നിലെ ലളിതമായ സത്യം 'മൂടല്‍മഞ്ഞ്' ആണെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. അന്ന് രാവിലെ ബാരാമതിയില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞായിരുന്നു. റണ്‍വേ കാണാനാവാതെ ലാന്‍ഡിംഗ് പരാജയപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ച പ്രധാന ഘടകം.
പൈലറ്റുമാരുടെ മാറ്റവും വിശ്രമവും
പകരക്കാരായ പൈലറ്റുമാര്‍ വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പൈലറ്റുമാരുടെ ജോലി സമയവും വിശ്രമവുമായി (FDTL) ബന്ധപ്പെട്ടതാണ്. ഹോങ്കോങ്ങില്‍ നിന്ന് വന്ന പൈലറ്റിന് ആവശ്യത്തിന് വിശ്രമം ലഭിച്ചോ എന്നത് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യമാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു അട്ടിമറിയായി കാണുന്നതിലെ യുക്തി പോസ്റ്റ് ചോദ്യം ചെയ്യുന്നു.
രോഹിത് പവാര്‍ ഉന്നയിച്ച സംശയങ്ങള്‍ രാഷ്ട്രീയമായി ആവേശം നല്‍കുന്നതാണെങ്കിലും വ്യോമയാന ശാസ്ത്രത്തിന് മുന്നില്‍ അവ പലതും ബാലിശമാണ്. മൂടല്‍മഞ്ഞും പൈലറ്റിന്റെ തീരുമാനങ്ങളും സാങ്കേതിക സാഹചര്യങ്ങളുമാണ് അപകടത്തിന് പിന്നിലെന്നാണ് ജേക്കബ്് കെ. ഫിലിപ്പിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നത്.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പിതാവ് രാജേന്ദ്ര പവാറിന്‍െ സഹോദരന്‍ അപ്പാസഹേബ് പവാറിന്റെ പുത്രന്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ജനുവരി 28ന്റെ വിമാനാപകടം അട്ടിമറിയാണെന്നു സംശയിക്കുന്നതിന്റെ കാരണങ്ങള്‍, എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പത്രസമ്മേളനത്തില്‍ അക്കമിട്ടു പറഞ്ഞത് വായിക്കുകയായിരുന്നു.
വിഎസ്ആര്‍ വെഞ്ച്വേഴ്സ് എന്ന സ്വകാര്യ കമ്പനിയുടെ, പതിനാറു കൊല്ലം പഴക്കമുള്ള ലിയര്‍ജെറ്റ് 45എക്സ്ആര്‍ വിമാനം വെറുതേയങ്ങു വീണതല്ലെന്നു സംശയിക്കാന്‍ രോഹിത് പറയുന്ന കാരണങ്ങള്‍-
1. അപകട ദിവസം ശരിക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും വരാതിരുന്നതിനാല്‍, പകരക്കാരായിരുന്നു അന്നു വിമാനം പറത്തിയിരുന്നത്. അത് സംശയാസ്പദമാണ്. മുഖ്യ പൈലറ്റ് സുമിത് കുമാര്‍, ഹോങ്കോങ്ങില്‍ നിന്ന് തിരികെ വന്നിട്ടേയുണ്ടായിരുന്നുള്ളു എന്നതിനാല്‍ പറക്കലിനു മുമ്പ് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നോ എന്ന് സംശയമാണ്.
2. പറക്കും മുമ്പ് മദ്യപിച്ചിരുന്നോ എന്നറിയാനുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ട ചരിത്രമുള്ള ഈ പൈലറ്റിന്റെ ഫിറ്റ്നെസ് രേഖകള്‍ പരിശോധിച്ചിരുന്നോ എന്നു വ്യക്തമല്ല. (വിമാനം അപകടത്തില്‍പ്പെടുത്താന്‍, ദീര്‍ഘയാത്ര കഴിഞ്ഞ് ക്ഷീണിതനായി മടങ്ങിയെത്തിയ, മദ്യപാനശീലമുള്ള, അനാരോഗ്യമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അവസാന നിമിഷം മുഖ്യപൈലറ്റായി തിരുകി കയറ്റിയോ?).
3. വിമാനത്തിന്റെ പഴക്കമെത്രയെന്നും വിശദീകരിക്കണം. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കാലാകാലം നടത്തിയിരുന്നോ എന്നും സംശയമുണ്ട്. (വിമാനത്തിന് 16 കൊല്ലം പഴക്കമേയുള്ളു എന്ന കാര്യം രോഹിതിന് ആരും പറഞ്ഞുകൊടുത്തില്ലെന്നു തോന്നുന്നു).
4. ഈ വിമാനത്തിന് മുമ്പുണ്ടായിട്ടുള്ള അപകടങ്ങളെപ്പറ്റി അന്വേഷണം വേണം.
5. തലേന്ന് ഒരു മീറ്റിങ്ങിന് ഒരു മുതിര്‍ന്ന എന്‍സിപി നേതാവ് വൈകി വന്നതിനാലാണ് 28 ന് ബാരാമതിയിലേക്കുള്ള റോഡ് ട്രിപ്പ് റദ്ദാക്കി അജിത് പവാറിന് വിമാനത്തില്‍ പോകേണ്ടി വന്നത് എന്നതും സംശയാസ്പദമാണ്.
സംശയങ്ങളെല്ലാം വായിച്ചു കഴിയുമ്പോള്‍, ലോകത്തെല്ലാവര്‍ക്കും അറിയാവുന്ന ആ ഉദ്ധരണി ഓര്‍മ്മവരുന്നില്ലേ?- വേണമെന്ന് അത്രമേല്‍ ആഗഹിച്ചാല്‍, പ്രപഞ്ചം മൊത്തം ഗൂഢാലോചന നടത്തും, അട്ടിമറി നടത്തി ഒരു വിമാനാപകടമുണ്ടാക്കാന്‍. പ്രപഞ്ചമെന്നത് അക്ഷരാര്‍ഥത്തില്‍ സത്യവുമായിരുന്നു- -ബാരാമതിയില്‍ അന്നു രാവിലെ മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞിരുന്നതിനാല്‍, റണ്‍വേ കാണാനാവാതെ, ആദ്യ ലാന്‍ഡിങ് ശ്രമം റദ്ദാക്കേണ്ടി വന്നിരുന്നു, പൈലറ്റുമാര്‍ക്ക്.
ഇനി, അപകടം കൂടൂതല്‍ ഗുരുതരമാക്കാന്‍ ഇടവരുത്തിയെന്ന് രോഹിത് കരുതുന്ന ഒരു വിമാന-മോഡിഫിക്കേഷനെപ്പറ്റി അല്‍പം.
ചെലവു കുറയ്ക്കാന്‍ വിമാനത്തില്‍ അധികമായി പിടിപ്പിച്ചിരുന്നുവെന്നു സംശയിക്കുന്ന ഇന്ധന ടാങ്ക്, വിമാനം വീണപ്പോള്‍ കൂടുതല്‍ തീയാളാനും പൊട്ടിത്തെറിയുണ്ടാകാനും കാരണമായിട്ടുണ്ടാകാം.
ദീര്‍ഘദൂര പറക്കലുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റുകളുടെ റേഞ്ച് കൂട്ടാന്‍, കൂടുതല്‍ ഇന്ധനം നിറയ്ക്കാനായി എക്സ്ട്രാ ഇന്ധന ടാങ്കുകള്‍ പിടിപ്പിക്കാറുണ്ട് എന്നത് വാസ്തവമാണ്. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങേണ്ടതില്ല എന്നതാണ് ചെലവു കുറയ്ക്കുന്ന ഘടകം. എന്നാല്‍, മിക്കവാറും എല്ലാ പറക്കലുകളും ഇന്ത്യയ്ക്കുള്ളിലായിരുന്ന വിടി-എസ്എസ്‌കെ വിമാനത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു എന്നതാണ് വാസ്തവം.
ഫുള്‍ടാങ്കടിച്ചാല്‍ 3700 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയും ഈ മോഡല്‍ വിമാനത്തിന്. കൂടുതല്‍ ടാങ്ക് പിടിപ്പിക്കാനും അതിന്റെ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിക്കാനുമുള്ള അധികചെലവും, വിമാനത്തിന്റെ ഭാരം കൂടുന്നതിനാല്‍ ലോഡു കുറയ്‌ക്കേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടവും, എക്‌സ്ട്രാ ഫ്യൂവല്‍ ടാങ്കുകൊണ്ടുള്ള ലാഭത്തെ കവച്ചു വയ്ക്കുമെന്നതിനാല്‍ സാധാരണഗതിയില്‍ ഈ വിമാനത്തിന് ആരും അതു ചെയ്യാറില്ല.
ഇനി, അജിത് പവാര്‍ എന്നെങ്കിലും കയറുമെന്നും അന്ന് താഴെ വീഴുമ്പോള്‍ ആളിക്കത്താന്‍ കൂടുതല്‍ എണ്ണ വേണമെന്നും ദീര്‍ഘവീക്ഷണത്തോടെ ഇതു ചെയ്തിരുന്നെങ്കില്‍ തന്നെ എഎഐബിയുടെ അപകടസ്ഥലത്തെ ആദ്യ പരിശോധനയില്‍ തന്നെ അധിക ഇന്ധന ടാങ്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും.
