കേക്ക് മുറിയില്‍ നിന്നും ഒഴിവാക്കിയ ഏക ഘടകക്ഷി മന്ത്രി എകെ ശശീന്ദ്രന്‍; എന്‍സിപിയില്‍ നിന്നും വനംവകുപ്പ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നെടുമ്പാശ്ശേരിയിലെ പിറന്നാള്‍ ആഘോഷം നല്‍കുന്ന സന്ദേശമെന്ത്? പിണറായി വിജയന്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക്; രണ്ടാം പതിപ്പിന്റെ നാലാം പിറന്നാള്‍ ആഘോഷം നെടുമ്പാശ്ശേരിയില്‍; ഭരണം ഹാട്രിക്കില്‍ എത്തുമെന്ന് ആത്മവിശ്വാസം; കരിദിനവുമായി പ്രതിപക്ഷം; തുടരുമോ പിണറായി?
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തിലേക്കുള്ള യാത്ര കേക്ക് മുറിച്ചാണ് മുഖ്യമന്ത്രി ആഘോഷിച്ചത്. നാലാം വാര്‍ഷികാഘോഷ ദിനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേക്ക് മുറിച്ച് ചെറിയൊരു ആഘോഷം. ഒരു ഘടകകക്ഷി മന്ത്രിയൊഴികെ എല്ലാവരേയും ചേര്‍ത്തു നിര്‍ത്തിയായിരുന്നു ആഘോഷം. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെബി ഗണേഷ് കുമാര്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലക്കാരനായ മന്ത്രി പി രാജീവും കേക്ക് മുറിയ്ക്കാന്‍ എത്തി. വനംമന്ത്രി എകെ ശശീന്ദ്രന്‍ ചടങ്ങില്‍ ഉണ്ടായിരുന്നില്ല. വനംവകുപ്പിനെതിരെ സിപിഎം നിരന്തര ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഈ കുറവ്. ഇതോടെ വനംമന്ത്രിയെ ഉടന്‍ മാറ്റുമോ എന്ന സംശയവും ഉയരുന്നുണ്ട്. മന്ത്രി അബ്ദുറഹ്‌മാനേയും പങ്കെടുപ്പിച്ചില്ല. അബ്ദുറഹ്‌മാന്‍ സ്വതന്ത്ര എംഎല്‍എയാണ്. സിപിഎം ബര്‍ത്തിലാണ് മന്ത്രിയായത്. എന്നാല്‍ ശശീന്ദ്രന്റെ കാര്യം അതല്ല. ഘടകക്ഷി മന്ത്രിയാണ്. എന്നിട്ടും ശശീന്ദ്രന്‍ കേക്ക് മുറിയ്ക്ക് എത്തിയില്ല. മന്ത്രി ശശീന്ദ്രന്‍ എറണാകുളത്തുണ്ടെന്നതാണ് മറ്റൊരു വസ്തുത. മെസിയും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമും കേരളത്തില്‍ കളിക്കാന്‍ എത്തുമോ എന്ന വിവാദം ശക്തമാണ്. ഇതിനിടെയുള്ള കായികമന്ത്രിയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്.
2021 മേയ് 20നാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടി മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ പത്താം വര്‍ഷത്തിലേക്കു കടക്കുന്നുവെന്ന പ്രത്യേകതയും ഈ മേയ് 20നുണ്ട്. അടുത്ത മേയില്‍ മുഖ്യമന്ത്രിയായി ആര് സത്യപ്രതിജ്ഞ ചെയ്യുമെന്ന സസ്പെന്‍സിന്റെ ഉത്തരമാകും ഇനിയുള്ള നാളുകള്‍. അതേസമയം, കെടുകാര്യസ്ഥതയും ധൂര്‍ത്തും നിഷ്‌ക്രിയത്വവും ആരോപിച്ച് വാര്‍ഷികാഘോഷ ദിനം കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം.
നാടിനെ നടുക്കിയ വയനാട് ദുരന്തവും പുനരധിവാസവും, നിരവധി പേരുടെ ജീവനെടുക്കുന്ന വന്യമൃഗ ആക്രമണങ്ങള്‍, ആരോഗ്യമേഖലയിലെ വീഴ്ചകള്‍, ഏറെ ആരോപണങ്ങള്‍ക്കു വഴിവച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്ഐഒ കേസ്, തുച്ഛമായ വേതനവര്‍ധനവിനായുള്ള ആശാ വര്‍ക്കാര്‍മാരുടെ സമരം തുടങ്ങി നിരവധി വിവാദങ്ങളുണ്ട്. പോലീസ് അനാസ്ഥയും ക്രൂരതകളും തുടരുന്നു. വിഴിഞ്ഞം തുറമുഖവും ദേശീയപാത നിര്‍മാണവും വമ്പന്‍ പ്രതീക്ഷയായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി, തീരദേശ, മലയോര പാതകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് പിണറായിയുടെ ആഘോഷം. തൃശൂര്‍ പൂരം കലക്കലും പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണപ്പെരുമഴയും പി.പി.ദിവ്യ വിവാദവും എല്ലാം സര്‍ക്കാരിന് പ്രതിസന്ധിയാണ്. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പിണറായി എന്ന ക്യാപ്റ്റന്റെ തോളിലേറി തന്നെയാവും മൂന്നാമൂഴത്തിനുള്ള പോരാട്ടത്തിന് സിപിഎം രംഗത്തിറങ്ങുക എന്നുറപ്പാണ്.
അതേസമയം, വികസനമുരടിപ്പും സര്‍ക്കാരിന്റെ ധൂര്‍ത്തും ഉയര്‍ത്തിക്കാട്ടിയാണ് വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം കരിദിനാചരണവുമായി കളം നിറയുന്നത്. ആശമാര്‍ക്കു കൊടുക്കാന്‍ കാശില്ലാത്ത സര്‍ക്കാരാണ് വാര്‍ഷികാഘോഷങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് പത്താംവര്‍ഷം എന്നാണ് സിപിഎം പറയുന്നത്. മൂന്നാം തുടര്‍ഭരണത്തിലേക്കുള്ള കാല്‍വയ്പുകൂടിയാകും ഈ വികസന വര്‍ഷം. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതടക്കം ക്ഷേമ മേഖലയിലും വിഴിഞ്ഞം തുറമുഖവും ദേശീയപാതയും യാഥാര്‍ഥ്യമായതോടെ പുതിയ വ്യവസായ ഇടനാഴികളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി വികസനരംഗത്തും കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുക മാത്രമല്ല നാടിന്റെ ഭാവി പരിഗണിച്ച് പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. കേരളം പിന്നിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നവരുടെ മുന്നിലേക്ക് തന്നെയാണ് നിരവധി ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങളുടെ വാര്‍ത്തകളെത്തിയത്. അടിസ്ഥാന മേഖലകള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഓരോ പദ്ധതിയും. കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കാറുള്ളതുപോലെ, സര്‍ക്കാരും ജനങ്ങളും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്നതും വര്‍ഗീയതയും വിഭാഗീയതയും കീഴ്പ്പെടുത്താന്‍ വരുമ്പോള്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മാതൃകയാണ് കേരളത്തിന്റെ പ്രത്യേകത. ഇത് തുടരണം എന്ന ജനകീയ ഇച്ഛ കേരളത്തില്‍ മുഴങ്ങുന്നുവെന്ന് സിപിഎം പറഞ്ഞു വയ്ക്കുന്നുണ്ട്.