ഡ്രൈവറായ അലന്‍ വെല്‍ഡിംഗ് ജോലിക്കും പോയി; മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും ലഹരി തലയ്ക്ക് പിടിച്ചാല്‍ എന്തും ചെയ്യും; ആ ദിവസം കൂട്ടുകാരും കൂട്ടുകാരിയും മദ്യപിച്ചിരുന്നുവെന്ന് മൊഴി; ബന്ധുവീടുകളിലെ ചടങ്ങില്‍ അടക്കം പെണ്‍സുഹൃത്തിനെ എത്തിച്ചു; ബംഗ്ലൂരില്‍ കാമുകനുണ്ടെന്ന സംശയം പകയായി; പിന്നെ തലയ്ക്ക് അടിച്ച് കൊല; ചിത്രപ്രിയയുടെ ജീവനെടുത്തത് കാമുക പ്രതികാരം
എറണാകുളം: മലയാറ്റൂരില്‍ 19കാരിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് തന്നെയെന്ന് പൊലീസ്. സുഹൃത്ത് 21കാരനായ അലന്‍ കുറ്റം സമ്മതിച്ചു. ഡ്രൈവറായ അലന്‍ വെല്‍ഡിങ് ജോലിയും ചെയ്തിരുന്നെന്നാണ് വിവരം. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങിനായാണ് നാട്ടില്‍ വന്നത്. പകല്‍നേരത്തും രാത്രിയിലും പെണ്‍കുട്ടി അലനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അലന്റെ കുടുംബത്തിന് അറിയാമായിരുന്നുവെന്നാണ് വിവരം. ബന്ധുവീടുകളിലെ ചടങ്ങിലടക്കം ചിത്രപ്രിയ എത്തിയിരുന്നു.
അലന്റെ മൊഴിയനുസരിച്ച് സുഹൃത്തുക്കളെല്ലാം അന്ന് മദ്യപിച്ചിരുന്നു. പെണ്‍കുട്ടിയും മദ്യപിച്ചിരുന്നുവെന്നാണ് മൊഴിയെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് കുടുംബം പറയുന്നു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ഫോണെടുക്കാത്തത്തിനെച്ചൊല്ലിയും സംശയം നിലനിന്നിരുന്നുവെന്നും മൊഴിയുണ്ട്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ മൊഴി നല്‍കിയതായാണ് സൂചന. ബംഗ്ലൂരുവില്‍ പഠിക്കുന്ന സ്ഥലത്ത് ചിത്രപ്രിയയ്ക്ക് കാമുകനുണ്ടെന്നായിരുന്നു സംശയം.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ചിത്രപ്രിയ ബൈക്കില്‍ നിന്നിറങ്ങി നടന്നുപോകുന്നത് കാണാം. താന്‍ ചിത്രപ്രിയയെ അവിടെ വിട്ടുവെന്നായിരുന്നു അലന്‍ ഇന്നലെ നല്‍കിയ ആദ്യമൊഴി. പിന്നാലെ പൊലീസ് അലനെ വിട്ടയച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് യുവാവ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചത്. ഈ മാസം ആറിന് കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമായിരുന്നു മൃതദേഹം. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കാണാതായി നാലുദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് അലന്റെ മൊഴി.
അലനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. സംഭവ ദിവസം അലന്‍ ചിത്രപ്രിയയെ നിരവധി തവണ വിളിച്ചതായി ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിരുന്നു. അലന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.
അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച പുലര്‍ച്ചെ 1.53-നുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാള്‍ ബൈക്കില്‍ മുന്നില്‍ പോകുന്നതും വീഡിയോയിലുണ്ട്. ചിത്രപ്രിയക്കൊപ്പമുണ്ടായിരുന്നത് അലനാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചിത്രപ്രിയയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു തുടക്കത്തില്‍ അലന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. നിലവില്‍ അലന്‍ പോലീസ് കസ്റ്റഡിയിലാണ്.
ചിത്രപ്രിയയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ കല്ലുകളില്‍ രക്തം പടര്‍ന്നിരുന്നു. കൂടാതെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
