യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെ തെറിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്‍! കനിവിനെതിരായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥാനചലനം; സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം തികയും മുമ്പേ മലപ്പുറത്തേക്ക് സ്ഥലം മാറ്റം; പി കെ ജയരാജ് മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍

Update: 2024-12-31 04:30 GMT

ആലപ്പുഴ: ഇടതു എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് പുകച്ചാല്‍ പുറത്താകുക എക്‌സൈസ് വകുപ്പിലെ ഉന്നതന്‍. വിവാദമായ കഞ്ചാവ് കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണറെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് പി.കെ ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി. നിലവില്‍ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയാണ് ഇപ്പോള്‍ ഉണ്ടായതെന്നും ആക്ഷേപങ്ങളുണ്ട്. ആലപ്പുഴയില്‍ ചാര്‍ജ്ജെടുത്തതിന് ശേഷം ലഹരിക്കേസുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം എക്‌സൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തില്‍ ജീവനക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്. ജയരാജനെതിരെ കുറച്ചുകാലമായി തന്നെ ജില്ലയിലെ ചില പ്രമുഖര്‍ ഇദ്ദേഹത്തിനെതിരെ ചരടുവലിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ന്യൂഇയര്‍ പാര്‍ട്ടി അടക്കം നടക്കുമ്പോള്‍ ലഹരിയുടെ ഒഴുക്ക് തടയേണ്ട ഉദ്യോഗസ്ഥനാണ് ഉടനടി സ്ഥലം മാറ്റിയിരിക്കുന്നത്. ഇതില്‍ ദുരൂഹതതയുണ്ടെന്ന ആക്ഷേപങ്ങളുമുണ്ട്. എന്നാല്‍, താന്‍ ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റമാണെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് എം.എല്‍.എയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എം.എല്‍.എയുടെ മകന്‍. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.

മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു,'മകനും സുഹൃത്തുക്കളും ചേര്‍ന്നിരിക്കുമ്പോള്‍ എക്‌സൈസുകാര്‍ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തക ആയതുകൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മൈലേജ് കിട്ടും.

വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കില്‍ മാദ്ധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറയണം'എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.

എന്നാല്‍ മകനെതിരായ കഞ്ചാവ് കേസ് വാര്‍ത്ത വ്യാജമാണെന്ന യു. പ്രതിഭ എം.എല്‍.എയുടെ വാദം തള്ളുന്നതായിരുന്നു എഫ്.ഐ.ആര്‍. കേസില്‍ യു പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതിയാണ്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറിലുണ്ട്.

കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.

അതേസമയം യു പ്രതിഭ എംഎല്‍എക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്‌സാവഹമാണെന്ന് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയെ വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ല. ഇതിന്റെ പിന്നില്‍ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ പ്രതിഭയുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഡ്വ ബി ഗോപാലകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.

എന്നാല്‍, മാധ്യമങ്ങളെ അധിക്ഷേപിച്ചു കൊണ്ട് പ്രതിഭ രംഗത്തുവന്നതില്‍ മാധ്യമങ്ങള്‍ക്കെതിരായ യു പ്രതിഭ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ എംഎല്‍എ പേരെടുത്ത് പറഞ്ഞ് സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധം അറിയിച്ചു.

ആലപ്പുഴയിലെ മാധ്യമങ്ങളോട് സഹകരിക്കാത്ത ആളാണ് യു പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചുവെന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News