ട്രംപും പുടിനും തമ്മില്‍ കാണുമ്പോള്‍ മഞ്ഞുരുകുമോ? ഒപ്പം അലാസ്‌കയെ ആശങ്കയിലാക്കുന്ന മറ്റൊരു മഞ്ഞുരുക്കവും; അലാസ്‌കയിലെ ജുനു നഗരം മഞ്ഞുരുക്കത്താല്‍ വെള്ളപ്പൊക്ക ഭീതിയില്‍; കൂറ്റന്‍ ഹിമാനിയുടെ സ്ഫോടനം നഗരത്തെ വെള്ളത്തിലാക്കുന്നത് തടയാന്‍ വഴികള്‍ തേടി അധികൃതര്‍
ഒപ്പം അലാസ്‌കയെ ആശങ്കയിലാക്കുന്ന മറ്റൊരു മഞ്ഞുരുക്കവും
അലാസ്‌ക: അമേരിക്കന്‍ പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുട്ടിനും തമ്മില്‍ ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ അലാസ്‌ക ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സാഹചര്യത്തിലും രാജ്യ തലസ്ഥാനമായ ജുനൗ വലിയ തോതിലുള്ള ഒരു ഭീഷണി ഇപ്പോള്‍ നേരിടുകയാണ്. മഞ്ഞുരുകി മെന്‍ഡന്‍ഹാള്‍ നദിയിലേക്ക് എത്തുന്ന പശ്ചാത്തലത്തില്‍ തലസ്ഥാന നഗരം വെള്ളത്തിനടിയിലാകുമെന്ന് പലരും ഭയപ്പെടുന്നു. ജുനൗവിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
17 അടി ഉയരമുള്ള തടാകനിരപ്പിലുള്ള വെള്ളപ്പൊക്ക മേഖലയിലുള്ളവര്‍ വെള്ളം കുറയുന്നതുവരെയും പ്രദേശം വിട്ടുപോകണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് മഞ്ഞുമലകള്‍ തകരുന്നതെന്നാണ് കരുതപ്പെടുന്നത്. മെന്‍ഡന്‍ഹാള്‍ തടാകത്തിലും നദിയിലും ചൊവ്വാഴ്ച വൈകിട്ടു മുതല്‍ ബുധനാഴ്ച വരെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജുനോയില്‍ മുപ്പത്തിരണ്ടായിരത്തോളം പേരാണ് താമസിക്കുന്നത്. വെളളപ്പൊക്കം നിയന്ത്രിക്കാനായി ഉദ്യോഗസ്ഥന്‍മാര്‍ നെട്ടോട്ടമോടുകയാണ്. വെള്ളപ്പൊക്കം നേരിടാന്‍ കഴിഞ്ഞ വര്‍ഷം നിരവധി സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ കൂറ്റന്‍ ഹിമാനിയുടെ സ്ഫോടനം 15 ബില്യണ്‍ ഗാലണ്‍ വരെ വെള്ളം പുറത്തുവിടുമെന്ന് അലാസ്‌ക സൗത്ത് ഈസ്റ്റും അലാസ്‌ക ക്ലൈമറ്റ് അഡാപ്റ്റേഷന്‍ സയന്‍സ് സെന്ററും അറിയിക്കുന്നു.
നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ഇത് ഒരു പുതിയ റെക്കോര്‍ഡായിരിക്കും എന്നാണ്.
കനത്ത മഴയോ കൊടുങ്കാറ്റോ മൂലമുണ്ടാകുന്ന സാധാരണ വെള്ളപ്പൊക്കത്തില്‍ നിന്ന് ഹിമാനികള്‍ സൃഷ്ടിക്കുന്ന വെളളപ്പൊക്കം ഏറെ വ്യത്യസ്തമാണ്. യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്, ചെറിയ വശങ്ങളിലെ താഴ്വരകളിലാണ് ഗ്ലേഷ്യല്‍ തടാകങ്ങള്‍ രൂപം കൊള്ളുന്നത്. ജുനൗവിലെ പല റോഡുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
ഉക്രെയ്നിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നാളെ അലാസ്‌ക്കയിലെ ആങ്കറേജിലാണ് കൂടിക്കാഴ്ച നടത്തുന്നത്. അലാസ്‌കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഈ നഗരത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു യുഎസ് സൈനിക താവളമായ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്‌സണാണ് ഉന്നതതല യോഗത്തിന്റെ വേദി.
ഇവിടെ വന്‍തോതിലുള്ള സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.