മാര്‍ ജോസഫ് പാപ്ലാനി കലാപ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തി; നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം; മാര്‍ ബോസ്‌കോയുടെ നിയമനങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യം

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം

Update: 2025-01-11 16:53 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം. ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. മാര്‍ പാംപ്ലാനിയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ മേജര്‍ അര്‍ച്ച് ബിഷപ്പിന്റെ വികാരിയായ നിയമനത്തെയാണ് എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം സ്വാഗതം ചെയ്തത്.

നിറഞ്ഞ സ്‌നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്‍മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പുതിയ പ്രത്യാശയുടെ വര്‍ഷത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി എറണാകുളം അതിരൂപതയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി വരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസ സമൂഹം കാത്തിരിക്കുന്നതെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കി.

എറണാകുളം അതിരൂപത വൈദികരും വിശ്വാസികളും സിനഡുമായി ഉണ്ടാക്കിയ സമവായത്തിന് നേതൃത്വം നല്‍കിയത് മാര്‍ ജോസഫ് പാംപ്ലാനിയാണ് എന്നുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഏറെ കാലമായി കലാപ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന അതിരൂപതയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുന്ന വ്യക്തിയെ തന്നെ സിനഡ് കണ്ടെത്തി എന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് അല്‍മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും പ്രഖ്യാപിച്ചു. എറണാകുളം അതിരൂപത പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള, ഇവിടെയുള്ള വൈദികരെയും വിശ്വാസികളെയും വളരെ അടുത്ത് അറിയാവുന്ന മാര്‍ ജോസഫ് പാംപ്ലാനിയെ അല്‍മായ മുന്നേറ്റത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരുടെയും പേരില്‍ അഭിനന്ദിക്കുന്നു, സ്വാഗതം ചെയ്യുന്നു.

മാര്‍ ബോസ്‌കോ കഴിഞ്ഞ സെപ്റ്റംബറില്‍ രാജി വച്ചതാണെന്നും, മാര്‍പ്പാപ്പ നവംബര്‍ മാസത്തില്‍ രാജി സ്വീകരിച്ചിരുന്നു എന്നും സിനഡ് സര്‍ക്കുലറില്‍ നിന്ന് മനസിലാക്കുന്നു. ഇത് സത്യം ആണെങ്കില്‍ നവംബര്‍ മാസത്തിനു ശേഷം മാര്‍ ബോസ്‌കോ പുറപ്പെടുവിച്ച കല്‍പ്പനകളും നിയമനങ്ങളും അസാധു ആണെന്ന് അല്‍മായ മുന്നേറ്റം അഭിപ്രായപ്പെട്ടു. ഈ നിയമനങ്ങള്‍ പിന്‍വലിച്ചു വിശ്വാസകളോട് മാപ്പ് പറയണമെന്ന് അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.

Tags:    

Similar News