കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍; അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീണ്ടത് വീട്ടിലെ സ്ത്രീകളുടെ മൊഴിയില്‍; ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്ന് അയല്‍വാസി; ഒന്നരവര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതം; മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍
മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് പുഴയില്‍ എറിഞ്ഞുകൊലപ്പെടുത്തി നാലു വയസുകാരിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അഞ്ച് ദിവസത്തേക്ക് അമ്മയെ കസ്റ്റഡിയില്‍ വിട്ടത്. അമ്മയെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യും. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യം, പീഡനവിവരം അറിഞ്ഞിരുന്നോ തുടങ്ങിയവയെ കുറിച്ച് പൊലീസ് ചോദിച്ച് അറിയും.
അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തല്‍. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി പ്രതി സമ്മതിച്ചിരുന്നു. ഒന്നരവര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം.
'കുട്ടിയെ കൊലപ്പെടുത്തിയ ദിവസം രാവിലെയും പ്രതി പീഡിപ്പിച്ചിരുന്നു. കുട്ടിയോട് ലൈംഗീകമായി പെരുമാറിയിരുന്നത് മുതിര്‍ന്നവരോട് ബന്ധപ്പെടുന്നത് പോലെ. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. കുട്ടിയെ ഒന്നരവര്‍ഷമായി പ്രതി പീഡിപ്പിക്കാറുണ്ടായിരുന്നു. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും' പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എറണാകുളത്ത് നാലു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടു മുന്‍പാണ് പെണ്‍കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്റെ മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയില്‍ തന്നെ കുഞ്ഞ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഫോറന്‍സിക് സര്‍ജന്‍ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.
പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായി. കൊല്ലപ്പെടുന്നത് തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. കുഞ്ഞിന്റെ സംസ്‌കാരം പൂര്‍ത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു. ഇന്നലെ മറ്റ് രണ്ടു ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു.
മറ്റു രണ്ടു ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനെ പൊലീസ് പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവുകള്‍ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു. അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ഏറിയ സമയവും. ഇത് പ്രതി മുതലെടുത്ത് എന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന്റെ അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിനായി പുത്തന്‍കുരിശ് ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
അതേസമയം, ആരും ഉപദ്രവിച്ചതായി കുട്ടി പറഞ്ഞിട്ടില്ലെന്ന് അംഗന്‍വാടി ഹെല്‍പര്‍ പറഞ്ഞു. 'പീഡനം ഉണ്ടായെന്നു കുട്ടി പറഞ്ഞിട്ടില്ല. സ്വകാര്യ ഭാഗങ്ങളില്‍ വേദന ഉള്ളതായും സൂചിപ്പിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകള്‍ ഒന്നുമുള്ളതായി കുട്ടി പറഞ്ഞിട്ടില്ലെന്നും' അംഗന്‍വാടി ഹെല്‍പര്‍ പറഞ്ഞു. കുട്ടിയോടൊപ്പം മാത്രമേ പ്രതിയെ കാണാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസിയും പറയുന്നത്. എവിടെപ്പോയാലും കുട്ടിയെയും കൊണ്ടാണ് പോവുക. ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്നും അയല്‍വാസി പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. കൊല്ലപ്പെടും മുന്‍പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്‌ക്കെതിരെയും കേസെടുത്തിരുന്നു.