സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്; അമീബിക് മസ്തിഷ്‌കജ്വര മരണങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്

Update: 2025-09-17 02:35 GMT

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വലിയ വെല്ലുവിളിയായി തുടരുകയാണ്. രോഗത്തിന്റെ ഉറവിടം എന്താണെന്ന് കണ്ടെത്താന്‍ പോലും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ഈവര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതിനിടെ ആശങ്ക വര്‍ധിപ്പിച്ച് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചിരുന്നു.

തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം.കഴിഞ്ഞദിവസവും രണ്ടുപേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.

കുളത്തിലും നീന്തല്‍ക്കുളത്തിലും നീന്തുമ്പോള്‍ ശക്തമായി മൂക്കില്‍ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടില്‍ മാത്രം കുളിച്ചവര്‍ക്കും രോഗം വന്നതോ സാഹചര്യം മാറി. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം. രാജ്യാന്തര തലത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.

അതിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്. അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം. അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജാഗ്രത വേണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കേസുകള്‍ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നല്‍കി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Tags:    

Similar News