അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തത് 10 മണിക്കൂര്‍; പോറ്റിയെ കൂടെ ഇരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ബംഗ്ലൂരു മാഫിയയുടെ ഇടപെടല്‍; വിട്ടയച്ചെങ്കിലും സ്വര്‍ണ്ണ പാളി വാങ്ങി കൊണ്ടു പോയ ആള്‍ പ്രതിയാകാന്‍ സാധ്യത; സ്വര്‍ണ്ണ കൊള്ള തെളിയുമ്പോള്‍
തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി മോഷണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ബംഗളൂരുവില്‍ നിന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്തത് നിര്‍ണ്ണായ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍. തിങ്കള്‍ രാവിലെ തിരുവനന്തപുരം ഇൗഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു പത്തുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍. കേസില്‍ അനന്തസുബ്രഹ്‌മണ്യം പ്രതിയാകാന്‍ സാധ്യത ഏറെയാണ്.
ഇദ്ദേഹം നിലവില്‍ പ്രതിയല്ലെങ്കിലും മൊഴികള്‍ അന്വേഷകസംഘം വിലയിരുത്തും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും. ശബരിമലയില്‍നിന്ന് ദ്വാരപാലക ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശാനായി 2019 ജൂലൈ 19ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്‌മണ്യമാണ്. ദേവസ്വം രജിസ്റ്ററില്‍ ഒപ്പിട്ടതും ഇദ്ദേഹമാണെന്ന് ദേവസ്വം വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണപ്പാളി എവിടേക്ക് കൊണ്ടുപോയി, ദിവസങ്ങള്‍ വൈകിയതെന്ത്, സ്വര്‍ണമായിരുന്നോ, അതോ ചെന്പാണോ തുടങ്ങിയ വിവരങ്ങളാണ് ഇദ്ദേഹത്തില്‍നിന്ന് അറിയാനുണ്ടായിരുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒപ്പമിരുത്തിയും അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകവും ചോദ്യംചെയ്തു. ചെമ്പുപാളിയാണ് കൊണ്ടുപോയതെന്ന് നേരത്തെ അനന്തസുബ്രഹ്‌മണ്യം പറഞ്ഞതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തവണ നിലപാട് മാറ്റിയിട്ടുണ്ട്. ബംഗ്ലൂരു മാഫിയയെ കുറിച്ച് വ്യക്തമായ സൂചനകള്‍ അന്വേഷകര്‍ക്ക് കിട്ടിയിട്ടുണ്ട്.
അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ദേവസ്വം വിജിലന്‍സ് അനന്തസുബ്രഹ്‌മണ്യത്തിന്റെ പങ്ക് അന്വേഷിച്ചിരുന്നു. അനന്തസുബ്രഹ്‌മണ്യത്തിന്റെ പങ്കിനെ കുറിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. മഹസര്‍ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന് മഹസറില്‍ കാണിച്ചിട്ടുണ്ടെങ്കിലും, 19/07/2019 ലെ മഹസര്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യം ആണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്‌മണ്യം ആണ്. അതുപോലെ 20/07/2019 ലെ മഹസ്സര്‍ പ്രകാരം ഏറ്റുവാങ്ങിയ ലോഹപാളികളും യഥാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കന്നഡ സ്വദേശി ആര്‍ രമേശ് ആണ്. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് ആര്‍ രമേശ് ആണ്. ഈ രണ്ടു ദിവസങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ട്.
2019ല്‍ സ്വര്‍ണപാളികള്‍ സന്നിധാനത്ത് നിന്നും കൊണ്ടുപോയി പാളികള്‍ ഇയാള്‍ ഹൈദരാബാദിലെ നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗളുരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നു സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി നടപടികള്‍ അടച്ചിട്ട മുറിയില്‍ ഇന്നു നടക്കും. ഈ കേസ് ചൊവ്വാഴ്ച ദേവസം ബെഞ്ചില്‍ ആദ്യത്തെ കേസായി തന്നെ പരിഗണിക്കും. അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് ആണ് ഹൈക്കോടതി നാളെ പരിഗണിക്കുന്നത്. ആറാഴ്ച കൊണ്ട് പൂര്‍ത്തിയാക്കേണ്ട അന്വേഷണത്തിന്റെ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയെ ധരിപ്പിക്കണമെന്ന് നേരത്തെ തന്നെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കേസിന്റെ രഹസ്യാത്മകത ചോര്‍ന്നുപോകാതിരിക്കാനാണ് റിപ്പോര്‍ട്ട് അടച്ചിട്ട മുറിയില്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. അന്വേഷണം പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ടിലുണ്ടാകുക. രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍, പ്രതിചേര്‍ക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ, അല്ലെങ്കില്‍ ഇതുവരെ കണ്ടെത്തിയതിനപ്പുറത്തേക്ക് എന്തൊക്കെ വിവരങ്ങള്‍ ഉണ്ട് എന്നതിനൊക്കെ ഇന്ന് വ്യക്തത വരും.