ലാലി വിന്‍സെന്റിന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം അനന്തുകൃഷ്ണന്‍ അയച്ചതിന് തെളിവ്; ഓഫര്‍ തട്ടിപ്പില്‍ പ്രതിയായവരില്‍ ശ്രീസത്യസായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ മുഖവും; താന്‍ ചതിക്കപ്പെട്ടെന്ന് വിശദീകരിച്ച് ആനന്ദകുമാര്‍; പല പ്രമുഖരും അകത്താകും; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പ്രതിസന്ധിയില്‍
കൊച്ചി: പാതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കിയുള്ള തട്ടിപ്പു കേസില്‍ തുടര്‍ അറസ്റ്റുകള്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം. കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതിയാണ്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെയുള്ള ആരോപണവും പരിശോധിക്കും. നിലവില്‍ ബിജെപി നേതാക്കളെ പ്രതിചേര്‍ത്തിട്ടില്ല. ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പ്രതിയാക്കിയത് തെളിവ് പരിശോധിച്ചാണെന്ന് പോലീസ് പറയുന്നു. ലാലി വിന്‍സെന്റിനെ അറസ്റ്റു ചെയ്യുന്നത് പരിഗണനയിലുണ്ട്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ഇവര്‍ ഏഴാംപ്രതി. തട്ടിപ്പു നടത്തിയ അനന്തു കൃഷ്ണന്റെ സീഡ് സൊസൈറ്റിയുടെ ലീഗല്‍ അഡൈ്വസറാണ് ലാലി. സീഡ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, കെ എന്‍ ആനന്ദകുമാര്‍, ഡോ. ബീന സെബാസ്റ്റിയന്‍, ഷീബ സുരേഷ്, കെ പി സുമ, ഇന്ദിര, ലാലി വിന്‍സന്റ് എന്നിവരെ പ്രതിചേര്‍ത്താണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ടൗണ്‍ പൊലീസ് പരിധിയില്‍മാത്രം മൂന്നു കോടിയോളംരൂപയുടെ തട്ടിപ്പാണ് നടന്നത്. ഇരുചക്രവാഹനത്തിനായി 60,000 രൂപ അടച്ച് കാത്തിരിക്കുന്ന സ്ത്രീകളാണ് പരാതിക്കാരില്‍ ഭൂരിഭാഗവും. സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീസത്യസായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ മുഖമാണ് കേസിലെ ഒരു പ്രതിയായ കെ.എന്‍.ആനന്ദകുമാര്‍.
പകുതിവില തട്ടിപ്പില്‍ അനന്തകൃഷ്ണന്‍ തന്നെ ആയുധമാക്കിയെന്നും വഞ്ചിച്ചുവെന്നും ആരോപണ വിധേയനായ കെ.എന്‍.ആനന്ദകുമാര്‍ പ്രതികരിച്ചിട്ടുണ്ട്. സുതാര്യതയില്‍ സംശയം തോന്നിയപ്പോഴാണ് ഫെഡറേഷനില്‍ നിന്ന് രാജി വെച്ചതെന്നും ആനന്ദകുമാര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. സായി ട്രസ്റ്റിന് സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്തായിരുന്നു സന്ദര്‍ശനമെന്നും ആനന്ദകുമാര്‍ പറഞ്ഞു. തട്ടിയെടുത്ത പണം മുഴുവന്‍ അനന്തുകൃഷ്ണന്റെ കമ്പനിയിലേക്കാണ് പോയത്. ആ കമ്പനിയില്‍ പങ്കാളികളില്ലെന്നും തട്ടിപ്പില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
താന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷനെ അനന്തു ആയുധമാക്കിയെന്നും ആനന്ദകുമാര്‍ പറയുന്നു. ഫെഡറേഷന്റെ കോഓര്‍ഡിനേറ്റര്‍ പദവിയില്‍ ഇരുന്നാണ് അനന്തു തട്ടിപ്പ് നടത്തിയത്. പദവി നല്‍കിയത് താനടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണെങ്കിലും അനന്തുവിനെ സംഘടനയിലേക്ക് ക്ഷണിച്ചത് ആരാണെന്നതില്‍ ആനന്ദകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സ്വയം അറിഞ്ഞുവന്നുവെന്നായിരുന്നു വിശദീകരണം. അനന്തുകൃഷ്ണനുമായി ഇടപാട് നടത്താന്‍ ആരെയും താന്‍ പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും പണത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടില്ലെന്നും ആനന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയിലുള്ളവരാണ് എല്ലാത്തിനും പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍ നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. എന്‍ജിഒ കോണ്‍ഫെഡറേഷനെ പ്രതിസന്ധിയിലാക്കുകയാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ലാലി വിന്‍സെന്റിന്റെ അക്കൗണ്ടിലേക്ക് അനന്തുകൃഷ്ണന്‍ അയച്ചത് 11 ലക്ഷം രൂപയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ബാങ്ക് രേഖകള്‍ മൂവാറ്റുപുഴ പൊലീസിന് ലഭിച്ചു. അനന്തുകൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നാണ് തുക നല്‍കിയത്. ഇവര്‍ തമ്മില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിവരം.