പകുതിവിലയ്ക്ക് ഗൃഹോപകരണങ്ങളും ലാപ്ടോപ്പും തയ്യല്‍ മെഷീനും സ്‌കൂട്ടറും നല്‍കുമെന്ന് എന്‍ജിഒകളിലൂടെ പരസ്യം നല്‍കി; വിശ്വസിച്ച് പണം നല്‍കിയവര്‍ ചതിക്കപ്പെട്ടു; അനന്തുകൃഷ്ണന്‍ പ്രമീളാ ദേവിയുടെ പഴയ പിഎ; എഎന്‍ആറിനെതിരേയും അന്വേഷണം; പണം തിരിച്ചു നല്‍കുന്നത് അതിവേഗം; ഓഫര്‍ തട്ടിപ്പ് ക്രൈംബ്രാഞ്ചിന്
കൊച്ചി : ഇരുചക്രവാഹനതട്ടിപ്പ് കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീണ്ടതോടെ തടിതപ്പാന്‍ നേതാക്കളുടെ നീക്കം. പദ്ധതിക്കെതിരെ പരാതി പ്രവാഹമാരംഭിച്ചതോടെ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ സൈന്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചെക്ക് നല്‍കി തടി രക്ഷിക്കാന്‍ ശ്രമം തുടങ്ങി. എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) പദ്ധതിയില്‍ പണം നിക്ഷേപിച്ച് മാസങ്ങളായി സ്‌കൂട്ടര്‍ കാത്തിരിക്കുന്നവര്‍ അന്വേഷിച്ച് വന്നുതുടങ്ങിയതോടെയാണ് ചെക്ക് വിതരണം തുടങ്ങിയത്. മണിച്ചെയിന്‍ തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് പദ്ധതിയെന്ന് ബോധ്യമായതോടെയാണ് പലരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്.
ഇരുചക്രവാഹനങ്ങളടക്കം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് എഡിജിപി മനോജ് എബ്രഹാം കൈമാറും. പൊതുമേഖലയിലേതുള്‍പ്പെടെ വന്‍കിട കമ്പനികളുടെ സാമൂഹ്യ ഉത്തരവാദ ഫണ്ടിന്റെ (സിഎസ്ആര്‍) പേരിലായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണനെതിരെ നവംബര്‍ 15ന് മൂവാറ്റുപുഴയിലാണ് ആദ്യകേസ് രജിസ്റ്റര്‍ചെയ്തത്. മിക്ക ജില്ലകളിലും ഇപ്പോള്‍ കേസുണ്ട്. ഇതിന് പുറമേയാണ് രാഷ്ട്രീയക്കാരും ആരോപണത്തില്‍ എത്തുന്നത്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെയും അന്വേഷണം ഉണ്ടാകും.
പകുതിവിലയ്ക്ക് ഗൃഹോപകരണങ്ങളും ലാപ്ടോപ്പും തയ്യല്‍ മെഷീനും സ്‌കൂട്ടറും നല്‍കുമെന്നാണ് സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) കോണ്‍ഫെഡറേഷന്റെ പേരിലുള്ള പരസ്യം. ഇതുവിശ്വസിച്ച് പണം നല്‍കിയവരാണ് ചതിക്കപ്പെട്ടത്. നിലവില്‍ 35 കേസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി 36 കോടിയുടെ തട്ടിപ്പുനടന്നതായാണ് പരാതി. കുറഞ്ഞത് ആയിരം കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്.അനന്തുകൃഷ്ണനും എ എന്‍ രാധാകൃഷ്ണനും ചേര്‍ന്ന് 2023ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. അനന്തുകൃഷ്ണന്‍ കോ-ഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സംഘടനയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനുംപേര്‍ക്ക് ഇരുചക്രവാഹനം നല്‍കിയിരുന്നു.
ഇത് പദ്ധതിയുടെ വിശ്വാസ്യത കൂട്ടി. കൂടുതല്‍പേര്‍ പണമടയ്ക്കുകയും കാത്തിരിക്കുന്നവരുടെ എണ്ണവും കാലാവധിയും വര്‍ധിക്കുകയും ചെയ്തതോടെ പദ്ധതി സംശയനിഴലിലായി. തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്. അനന്തുകൃഷ്ണന്‍ ബിജെപി നേതാക്കളുമായി പരിചയപ്പെട്ടത് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീളാദേവി വഴിയാണെന്നും സൂചനയുണ്ട്. 2012-17 വരെ വനിതാ കമീഷന്‍ അംഗമായിരിക്കെ അനന്തു കൃഷ്ണന്‍ ഇവരുടെ പിഎയായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു പ്രമീളാദേവി. 2017നുശേഷം പ്രമീളാദേവി ബിജെപിയില്‍ ചേര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു. അന്ന് ഇവരുടെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് അനന്തുകൃഷ്ണനായിരുന്നുവെന്ന് ആക്ഷേപമുണ്ട്. പ്രമീളാദേവി വഴിയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കളുമായി ഇയാള്‍ പരിചയപ്പെട്ടതെന്നാണ് സൂചന. തുടര്‍ന്നാണ് അനന്തുകൃഷ്ണന്‍ കോ-ഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷന്‍ (സൈന്‍) സംഘടനയും ചേര്‍ന്ന് ഇരുചക്രവാഹന വിതരണപദ്ധതി തുടങ്ങിയത്.
അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് പ്രമീളാദേവിയാണെന്ന് ബിജെപി സംസ്ഥാനസമിതി അംഗം തൊടുപുഴ മുട്ടം സ്വദേശിനി കെ എന്‍ ഗീതാകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ഗീതാകുമാരി നല്‍കിയ ചെക്ക് കേസില്‍ അനന്തുകൃഷ്ണന്‍ മുട്ടം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വിചാരണ നേരിടുകയാണ്. പാലക്കാട്ടുള്ള സ്വകാര്യ ആശുപത്രിയും കോട്ടമല എസ്റ്റേറ്റും വാങ്ങാന്‍ പലരില്‍നിന്നായി 300 കോടി രൂപ സമാഹരിക്കുന്നുവെന്ന് പറഞ്ഞ അനന്തുകൃഷ്ണന്‍, തന്റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ഗീതാകുമാരിയുടെ പരാതി. തുക മടക്കിനല്‍കാമെന്ന ധാരണയില്‍ അനന്തുകൃഷ്ണന്‍ നല്‍കിയ അഞ്ച് ചെക്കുകള്‍ മടങ്ങി. അതിനിടെ അനന്തുകൃഷ്ണന്റെ മൂന്ന് വാഹനം പൊലീസ് കസ്റ്റഡിയിലടുത്തു. ഇന്നോവ ക്രിസ്റ്റയും ടാറ്റ നെക്സോണ്‍ ഇവിയുമടക്കമാണ് കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ നിരവധി ആഡംബരവാഹനങ്ങള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇരുചക്രവാഹനമടക്കം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ അനന്തുകൃഷ്ണന്‍ അക്കൗണ്ടുകളിലൂടെ നടത്തിയത് 450 കോടിയുടെ ഇടപാട് ആയിരുന്നു.
പ്രതിയുടെ 12 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതില്‍ 3.25 കോടി രൂപയാണ് ഇപ്പോഴുള്ളത്. ഒക്ടോബറില്‍ മരവിപ്പിച്ച രണ്ട് അക്കൗണ്ടിലാണ് കൂടുതല്‍ തുകയും. സോഷ്യല്‍ ബീ വെഞ്ച്വേഴ്സ്, പ്രൊഫഷണല്‍ സര്‍വീസസ് ഇന്നൊവേഷന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു ഈ രണ്ട് അക്കൗണ്ടും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കഴിഞ്ഞ നവംബര്‍ 15നാണ് അനന്തുകൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് ആദ്യ കേസെടുത്തത്.