കാണാമറയത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന പി വിജയന്റെ നിര്‍ദേശം; സ്വന്തം നാട്ടിലെ കൂട്ടക്കൊലകേസ് പ്രതി ദിവില്‍ കുമാറിനെ തിരഞ്ഞ് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്‍; ഫേസ്ബുക്കില്‍ ദിവിലിന്റെ ഭാര്യ പങ്കുവച്ച ചിത്രത്തില്‍ കണ്ണുടക്കിയത് പഴയ ഫോട്ടോ വച്ചുള്ള അനാലിസിസില്‍; സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്‍ബലത്തില്‍

സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്‍ബലത്തില്‍

Update: 2025-01-05 16:03 GMT

തിരുവനന്തപുരം: '' അഞ്ചല്‍ കൂട്ടക്കൊലക്കേസില്‍ നിങ്ങള്‍ തിരയുന്ന കൊലയാളിയുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്''...... കേരളത്തെ നടുക്കിയ അഞ്ചല്‍ കൂട്ടക്കൊലയ്ക്ക് ശേഷം പതിനെട്ട് വര്‍ഷം പോണ്ടിച്ചേരിയിലടക്കം ഒളിവില്‍ കഴിഞ്ഞ മുന്‍ സൈനികരായ ആ പ്രതികള്‍ക്ക് അരികിലേക്ക് സിബിഐയെ എത്തിച്ചത് കേരള പൊലീസ് നല്‍കിയ നിര്‍ണായക വിവരങ്ങളായിരുന്നു. പ്രതികളെ പിടിക്കുന്നതിന് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്റെ ഇടപെടലായിരുന്നു നിര്‍ണായകമായത്. കാണാതായ പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തന്റെ നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൂട്ടക്കൊല കേസിലെ പ്രതി ദിവില്‍ കുമാറിനെ സാമൂഹ്യ മാധ്യമങ്ങളില്‍ തിരഞ്ഞ് അങ്കിത് അശോകനും സംഘവും നടത്തിയ അന്വേഷണമായിരുന്നു കേസില്‍ വഴിത്തിരിവായത്.

കൊല്ലം അഞ്ചല്‍ സ്വദേശി രഞ്ജിനിയെയും ഇരട്ട കുട്ടികളെയും കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരം ജനുവരി ഒന്നിനാണു കേരള പൊലീസ് സിബിഐയ്ക്ക് കൈമാറുന്നത്. നീണ്ട നാളായി ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ നിന്നും എ ഐ സാങ്കേതിക വിദ്യയിലൂടെ മാറ്റങ്ങള്‍ വരുത്തി കണ്ടെത്തിയതായിരുന്നു പോണ്ടിച്ചേരിയില്‍ നിന്നും പിടികൂടാന്‍ നിര്‍ണായകമായത്.

ഇന്റലിജന്‍സില്‍ ചുമതല വഹിക്കുന്ന അങ്കിത് അശോകന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ഉള്ള ആളാണ്. കുറ്റകൃത്യം നടക്കുന്ന കാലത്തെ ദിവില്‍ കുമാറിന്റെ ഫോട്ടോ ലഭിച്ചതോടെ അന്വേഷണം അതിവേഗമായി. വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ നാട്ടില്‍ നടന്ന അഞ്ചല്‍ കൂട്ടക്കൊലയിലെ പ്രതികള്‍ കാണാമറയത്താണെന്ന് മനസിലാക്കിയ അങ്കിത് അശോകന്‍ പ്രതിയായ ദിവില്‍ കുമാറിന്റെ ഫോട്ടോ വച്ച് ലക്ഷക്കണക്കിന് ഫോട്ടോ അനാലിസിസ് നടത്തി.

അങ്ങനെ ഫേസ്ബുക്കിലെ ഒരു ഫോട്ടോ ദിവില്‍ കുമാറിന്റെ പഴയ കാല ഫോട്ടോയുമായി സാദൃശ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ദിവില്‍ കുമാറിന്റെ ഭാര്യ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയാണ് പ്രതിയിലേക്ക് എത്തിച്ചത്. സാമൂഹ്യ മാധ്യമത്തില്‍ യുവതിക്ക് ഒപ്പമുള്ളത് ദിവില്‍ കുമാറാണെന്ന് വ്യക്തമായതോടെ കൊട്ടാരക്കര എസ് പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും സിബിഐ അന്വേഷിച്ച കേസ് ആയതിനാല്‍ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ദിവില്‍ കുമാറിനെ ആദ്യം പിടികൂടിയതിന് ശേഷമായിരുന്നു രാജേഷിനെ കണ്ടെത്തിയത്.

കേസിലെ പ്രതി ദിവില്‍ കുമാറിന്റെ പഴയ ചിത്രവുമായി സാമ്യമുള്ള നൂറിലധികം പ്രൊഫൈലുകള്‍ കേരള പൊലീസ് പരിശോധിച്ചു. ഒടുവില്‍ മൂന്ന് അക്കൗണ്ടുകളില്‍ അന്വേഷണം കേന്ദീകരിച്ചു. അതില്‍ ഒരു അക്കൗണ്ടിലെ സ്ത്രീയുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിച്ചത്.

മുഖ്യപ്രതി ദിവില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെ കണ്ടെത്തിയ ഇന്റലിജന്‍സ് വിഭാഗം വിവരം ചെന്നൈ സിബിഐ യൂണിറ്റിന് നല്‍കുകയായിരുന്നു. മുഖ്യപ്രതി ദിവില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ഫോട്ടോ ടെക്നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്ന ദിവില്‍ കുമാറിനെ കണ്ടെത്താന്‍ ഈ വിവരം നിര്‍ണായകമായി.

ഈ വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്ന് സംശയം ഉയര്‍ന്നതോടെ സിബിഐ സംഘം നിരീക്ഷണം ആരംഭിച്ചു. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ദിവില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ ദിവില്‍ കുമാറാണെന്ന് ഒരു വിധത്തിലും സമ്മതിക്കാന്‍ ഇയാള്‍ തയാറായില്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങളും ചോദ്യം ചെയ്യലും ഏറിയതോടെ തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം ഇരുവര്‍ക്കും വെളിപ്പെടുത്തേണ്ടി വരികയായിരുന്നു. പുതുച്ചേരിയില്‍ നടത്തിയിരുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തെക്കുറിച്ചും എങ്ങനെയാണ് പുതുച്ചേരിയില്‍ എത്തപ്പെട്ടത് എന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇരുവരും പോണ്ടിച്ചേരിയില്‍ ഉണ്ട് എന്നതറിയാവുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും പ്രതികളിലേക്ക് എത്താന്‍ സാധിച്ചത് എന്നും. വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്നത് തെളിയിക്കാനുള്ള പരിശോധനകള്‍ ഇനി നടത്തേണ്ടതുണ്ട്.

കൊലപാതകത്തിന് ശേഷം പോണ്ടിച്ചേരിയില്‍ എത്തിയ പ്രതികള്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്. ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാട്ടിലേക്ക് ഒരിക്കല്‍ പോലും വന്നതായി വിവരമില്ല.

പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് നിര്‍ണായക സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.

അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിവിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു.

2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടിച്ചേരിയിലെത്തിയത്. 2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

ആര്‍സി ബുക്കില്‍നിന്നും തുടങ്ങിയ അന്വേഷണം

അഞ്ചല്‍ കൂട്ടക്കൊലയുടെ അന്വേഷണത്തിന്റെ തുടക്കം ഒരു ആര്‍സി ബുക്കില്‍നിന്നായിരുന്നു. രഞ്ജിനിയുടെയും മക്കളുടെയും മൃതദേഹങ്ങളുള്ള രക്തത്തില്‍ കുളിച്ചു കിടന്ന മുറിയില്‍നിന്നാണു വാഹനത്തിന്റെ ആര്‍സി ബുക്ക് ലഭിച്ചതെന്ന് അന്ന് അഞ്ചല്‍ സിഐ ആയിരുന്ന എസ്പി ഷാനവാസ് പറഞ്ഞു. രഞ്ജിനിയെ കൊലപ്പെടുത്താന്‍ സാധ്യത അയല്‍വാസിയും കാമുകനുമായ ദിവില്‍ കുമാറാണ്. കുട്ടികളുടെ പിതാവ് അകന്ന ബന്ധുവായ ദിവിലാണെന്നു കാട്ടി രഞ്ജിനി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.

ദിവില്‍ പഞ്ചാബ് അതിര്‍ത്തിയിലെ പഠാന്‍കോട്ട് സൈനിക ക്യാംപില്‍ ഡ്യൂട്ടിയിലായിരുന്നു. പിന്നെ ആരാണ് കൊലപാതകം നടത്തിയത്? രഞ്ജിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അനില്‍കുമാറെന്ന വ്യക്തി കുടുംബവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വീട്ടില്‍ ഇടയ്ക്കിടെ സഹായവുമായി എത്തിയിരുന്ന ഇയാള്‍ കൊലപാതക ദിവസവും വീട്ടിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മറ്റു വിവരങ്ങള്‍ രഞ്ജിനിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു.

ആര്‍സി ബുക്കിലെ വിലാസം തിരുവനന്തപുരത്തെ ശ്രീകാര്യത്തെയായിരുന്നു. പാസ്റ്ററുടെ പേരിലായിരുന്നു ഇരുചക്രവാഹനം. വണ്ടി വില്‍ക്കാന്‍ രണ്ടു മാസം മുന്‍പ് ഉള്ളൂരിലെ കടയില്‍ ഏല്‍പ്പിച്ചിരുന്നതായി പാസ്റ്റര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. രണ്ടു യുവാക്കളാണു വാഹനം വാങ്ങിയതെന്നു കടയുടമ വെളിപ്പെടുത്തി. അനില്‍കുമാറെന്ന് പരിചയപ്പെടുത്തിയ ആളും ബൈക്കിലാണ് കൊലപാതകദിവസം രഞ്ജിനിയുടെ വീട്ടിലെത്തിയത്.

അനില്‍കുമാര്‍ ആരാണ്? ദിവിലുമായി എന്താണ് ബന്ധം? പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അനില്‍കുമാറെന്ന് പരിചയപ്പെടുത്തിയ ആളിന്റെ രേഖാചിത്രം തയാറാക്കിയെങ്കിലും ഫലമുണ്ടായില്ല. വണ്ടി വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ് ആദ്യ സൂചന നല്‍കിയത്. വാഹനത്തിന്റെ ടയര്‍ മാറാന്‍ പോയപ്പോള്‍ കേശവദാസപുരത്തെ എടിഎമ്മില്‍നിന്ന് അജ്ഞാതനായ ആ യുവാവ് പണം പിന്‍വലിച്ചു എന്നായിരുന്നു സൂചന.

പൊലീസ് ബാങ്കിലെത്തി. അക്കൗണ്ടില്‍നിന്ന് പഠാന്‍കോട്ടില്‍നിന്നും 6000 രൂപ പിന്‍വലിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പഠാന്‍കോട്ടിലാണ് ദിവിലും ജോലി ചെയ്യുന്നത്. പൊലീസില്‍ പ്രതീക്ഷയുണ്ടായി. അക്കൗണ്ടിന്റെ വിവരം എടുത്ത്, അക്കൗണ്ട് ഉടമ ജോലി ചെയ്യുന്ന പഠാന്‍കോട്ടിലെ പട്ടാള ക്യാംപിലെ അധികാരികളെ ബന്ധപ്പെട്ടു. അവര്‍ അക്കൗണ്ട് ഉടമയുടെ വിവരം കൈമാറി. പേര് രാജേഷ്. പുലര്‍ച്ചെ നാലു മണിക്കാണ് പൊലീസിന് ഫാക്‌സ് ലഭിക്കുന്നത്. പഠാന്‍കോട്ടില്‍നിന്ന് അയച്ച ഫോട്ടോയില്‍ വ്യക്തതയുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ പൊലീസ് രഞ്ജിനിയുടെ വീട്ടിലേക്ക് തിരിച്ചു. ''സര്‍ താടിയുണ്ടെന്നേയുള്ളൂ, ബാക്കിയെല്ലാം വീട്ടില്‍വന്ന ആളിനെപോലെ തന്നെ'' രഞ്ജിനിയുടെ അമ്മ ശാന്തമ്മ പൊലീസിനോട് പറഞ്ഞു.

പൊലീസ് പ്രതിയെ തിരിച്ചറിയുന്നു

രാജേഷിന്റെ അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടന്ന എടിഎമ്മുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. പട്ടം, ആയൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പണം പിന്‍വലിച്ചിട്ടുണ്ട്. നാസിക്കിലും ഡല്‍ഹിയിലും പണം പിന്‍വലിച്ചു. ഒരു മാസത്തോളം രാജേഷും ദിവിലും ഒരുമിച്ച് നാട്ടിലുണ്ടായിരുന്നതായും വിവരം ലഭിച്ചു. ദിവിലിനുവേണ്ടി രാജേഷ് കൊലപാതകം നടത്തിയെന്ന് പൊലീസിനു മനസ്സിലായി. ഇതിനിടെ ദിവില്‍ നാട്ടില്‍ വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ടായിരുന്നു.

ദിവിലിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ കമാന്‍ഡറോട് പരാതി പറഞ്ഞ ദിവിലിനെ ഒരു പട്ടാളക്കാരനൊപ്പം നാട്ടിലേക്ക് അയച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ ദിവില്‍ മുങ്ങി. പിന്നീട് രാജേഷിനൊപ്പം ഒളിവില്‍പോയി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു പൊലീസ് പറയുന്നു. പഞ്ചാബിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്ക് നാല് ദിവസം എടുക്കുമായിരുന്നു. വിമാനത്തില്‍പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അപ്പോള്‍ തന്നെ ദിവിലിനെ പിടികൂടാമായിരുന്നെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിനു മുന്‍പ് ഇരുവരും ഒരുമിച്ച് കേരളത്തിലെത്തിയതിന്റെയും എടിഎമ്മില്‍നിന്ന് ഒരുമിച്ച് പണം പിന്‍വലിച്ചതിന്റെയും തെളിവുകള്‍ പൊലീസ് ശേഖരിച്ചു. നാസിക്കില്‍ ഒളിവിലായിരുന്നവരുടെ അടുത്തേക്ക് പൊലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒളിവില്‍പോയവരെ കണ്ടെത്താന്‍ കഴിയാതായതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.

പിന്നീട് സിബിഐയ്ക്ക് കൈമാറി. അവസാനം, വര്‍ഷങ്ങള്‍ക്കുശേഷം കേരള പൊലീസും സിബിഐയും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. അകന്ന ബന്ധുക്കളായിരുന്നു ദിവിലും രഞ്ജിനിയും. രഞ്ജിനിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായിരുന്നു. പ്രണയബന്ധത്തെ ദിവിലിന്റെ കുടുംബം അംഗീകരിച്ചില്ല. ദിവില്‍ കൊലക്കേസില്‍ പ്രതിയായതു നാട്ടുകാര്‍ക്കും ഞെട്ടലായി.

Tags:    

Similar News