10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നു
പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നു
ശതകോടീശ്വരനില്‍നിന്ന് എല്ലാം നഷ്ടപ്പെട്ട് പൊളിഞ്ഞ് പാപ്പരായ മുടിയനായ പുത്രന്‍ എന്നായിരുന്നു, ധീരുഭായ് അംബാനിയുടെ ഇളയമകനും, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനിയുടെ സഹോദരനുമായ അനില്‍ അംബാനിയുടെ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള മീഡിയാ ഇമേജ്. പക്ഷേ കഴിഞ്ഞ രണ്ടുമാസമായി മുംബൈ ബിസിനസ് മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു വാര്‍ത്ത അനില്‍ അംബാനിയുടെ തിരിച്ചുവരവാണ്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്ന ഒന്നായിരുന്നു, അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍നിന്ന്, പാളീസായി പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന അനിലിന്റെ കഥ ഇന്ത്യന്‍ ബിസിനസ് ലോകത്ത് സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജ്യേഷ്ഠന്‍ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാള്‍ കേമാനായിരുന്നു അനുജന്‍. ആഗോള കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനം വരെ കണ്ടെത്താന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നു. എന്നാല്‍ എവിടെയോ വച്ച് താളം തെറ്റിയ അനില്‍ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ല്‍ യുകെ കോടതിയില്‍ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
വന്‍ കടക്കണിയിലായിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍. ഇതില്‍ പണം നിക്ഷേപിച്ച ആയിരങ്ങളാണ് ആശങ്കയിലായിരുന്നത്. ഒടുവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. എന്നാല്‍ ഈ നടപടികള്‍ വൈകിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇന്‍ഡസിന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സാണ്, 9,650 കോടി രൂപക്ക് റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്. അതിനുശേഷം അനില്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
ഓഹരി വിപണികളിലടക്കം അനില്‍ അംബാനിയുടെ കമ്പനികള്‍ തിരിച്ചുവരവ് അറിയിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനില്‍ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായ റിലയന്‍സ് പവര്‍ വീണ്ടും കടരഹിതമായിരിക്കയാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അനില്‍ അംബാനി കമ്പനിക്ക്, ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ ഇടപാടില്‍ ഇതു വീട്ടി, ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശികകളെല്ലാം അടച്ചു കഴിഞ്ഞു. അനിലും മക്കളും പുതുതായി പല സംരംഭങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. മകന്‍ ജയ് അന്‍മോള്‍ അംബാനിയിലാണ് അനിലിന്റെ പ്രധാന പ്രതീക്ഷ. തുടര്‍ച്ചയായി നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കമ്പനി പല മേഖകളില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്.
10,000 കോടിയുടെ പ്രതിരോധ പ്രൊജക്റ്റ്
ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായി അനില്‍ അംബാനി വാര്‍ത്തകളില്‍ ഇടംപിടിക്കയാണെന്ന്, ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനി ഗ്രൂപ്പിലെ മുന്‍നിര സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പുതിയ പ്രതിരോധ പദ്ധതിക്കു പിന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ ഈ പ്രോജക്ടിന്റെ ഭാഗമായി നിക്ഷേപിക്കാനാണ് കമ്പനി തീരുമാനം. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, ഡിഫന്‍സ് കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഊര്‍ജം കണ്ടാണ് അംബാനി സഹോദരന്റെ നീക്കമെന്നു വിദഗ്ധര്‍ പറയുന്നു.
സ്‌ഫോടകവസ്തുക്കള്‍, വെടിമരുന്ന്, ചെറു ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പദ്ധതി കമ്പനി സ്ഥാപിക്കും. ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി (ഡിഎഡിസി) വികസിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വട്ടാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കമ്പനിക്ക് 1,000 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് പറയുന്നു.
ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ നിരയിലേയ്ക്കാണ് റിലയന്‍സ് ഇന്‍ഫ്ര ഉയരുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.
നിലവില്‍ 10,073 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഫ്ര, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഇതോടകം 1,000 കോടിയിലധികം രൂപ മൂല്യം വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. റിലയന്‍സ് ഇന്‍ഫ്രയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ജയ് ആര്‍മമെന്റ്‌സ് ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നിവ ഇതിനകം ആയുധങ്ങളും, വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികളാണ്.
ആറ് പ്രമുഖ ആഗോള പ്രതിരോധ കമ്പനികളുമായി സഹകരണമുള്ള കമ്പനികളാണിവ. വിവിധ ശേഷിയുള്ള കാലിബറുകള്‍, ടെര്‍മിനല്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍ എന്നിവയില്‍ ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെറുകിട ആയുധ പോര്‍ട്ട്‌ഫോളിയോ സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി കയറ്റുമതി വിപണികളെ ഉത്തേജിപ്പിക്കും. ഫ്രഞ്ച് പ്രതിരോധ കമ്പനികളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, തേല്‍സ് എന്നിവയുമായി ആര്‍- ഇന്‍ഫ്രയ്ക്ക് സഹകരണമുണ്ടെന്നും ഇക്കണോമിക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ഭൂട്ടാനിലും വന്‍ നിക്ഷേപം
അയല്‍ രാജ്യമായ ഭൂട്ടാനിലും കോടികളുടെ പദ്ധതിയാണ് അനില്‍ നടത്തുന്നത്. ഭൂട്ടാനില്‍ 1270 മെഗാവാട്ട് സോളാര്‍, ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് ഗ്രൂപ്പ് എന്നാണ് വിവരം. ഭൂട്ടാന്റെ പുനരുല്‍പ്പാദിപ്പിക്കാവുന്നതും പാരിസ്ഥിതികവുമായ ഊര്‍ജ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനായി സമഗ്രമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് റിലയന്‍സ്.
ഭൂട്ടാന്‍ റോയല്‍ ഗവണ്‍മെന്റിന്റെ വാണിജ്യ, നിക്ഷേപ വിഭാഗമായ ഡ്രക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡുമായാണ് (ഡിഎച്ച്‌ഐ) റിലയന്‍സ് തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പും ഡ്രക്ക് ഹോള്‍ഡിംഗും തമ്മിലുള്ള കരാര്‍ ഹരിത ഊര്‍ജ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. സൗരോര്‍ജ്ജ, ജലവൈദ്യുത സംരംഭങ്ങള്‍, നൂതനമായ ഹരിത സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുക എന്നതും കരാറിന്റെ ഭാഗമാണ്.
ഭൂട്ടാനിലെ പുനരുപയോഗ, ഹരിത ഊര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായി റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ കമ്പനിയും രൂപീകരിച്ചു. റിലയന്‍സ് എന്റര്‍പ്രൈസസിനെ മുംബൈയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും റിലയന്‍സ് പവര്‍ ലിമിറ്റഡും സംയുക്തമായി പ്രോത്സാഹിപ്പിക്കും എന്നാണ് വിവരം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 മെഗാവാട്ട് വീതമുള്ള 500 മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം. ഭൂട്ടാനിലുടനീളം സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സ്മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍, മീറ്ററിംഗ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
റിലയന്‍സ് പവറും ഡ്രക്ക് ഹോള്‍ഡിംഗും സംയുക്തമായി 770 മെഗാവാട്ട് ചംഖാര്‍ച്ചു-1 ജലവൈദ്യുത പദ്ധതി വികസിപ്പിക്കും. ഭൂട്ടാന്‍ ഗവണ്‍മെന്റ് നയത്തിന് അനുസൃതമായി ഒരു കണ്‍സഷന്‍ മോഡലിന് കീഴിലാണ് പദ്ധതിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഭൂട്ടാനിലെ ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റിയിലാണ് 500 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ആയിരിക്കും ഇത്. രാജ്യത്ത് നിലവിലുള്ള എല്ലാ സോളാര്‍ ഇന്‍സ്റ്റാളേഷനുകളേയും മറികടന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും ഈ പ്ലാന്റ്. പദ്ധതിക്കായി സ്ഥലം നീക്കിവച്ചിട്ടുണ്ട് എന്നും റിലയന്‍സ്, ഡ്രക്ക് ഹോള്‍ഡിംഗ്, എക്സ്റ്റേണല്‍ കണ്‍സള്‍ട്ടന്റുകള്‍ എന്നിവരില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന ഒരു സാങ്കേതിക സംഘം സൈറ്റ് വിലയിരുത്തലുകളിലും സാങ്കേതിക പഠനങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.