സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയതടക്കം 18-ഓളം ക്രിമിനല്‍ കേസുകളിലെ പ്രതി; ലോറന്‍സ് ബിഷ്ണോയിയുടെ അധോലോക സംഘത്തിലെ തലവന്‍; ബാബാ സിദ്ധിഖി വധത്തിലെ സൂത്രധാരന്‍; സല്‍മാന്‍ ഖാനെതിരെയും വധശ്രമം; ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റില്‍പ്പെടുത്തിയ അന്‍മോള്‍ ബിഷ്‌ണോയ് യുഎസില്‍ പിടിയില്‍
കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്ന് വിവരം
കാലിഫോര്‍ണിയ: ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് കേസില്‍ പ്രതിയായ അന്‍മോള്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ തുടരുന്നതിനിടെയാണ് അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അന്‍മോള്‍. വിവിധ ഗുണ്ടാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ അന്‍മോള്‍ അമേരിക്കയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. .
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് അന്‍മോളിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സല്‍മാന്‍ ഖാന്റെ വസതി ആക്രമിച്ച കേസിലെ പ്രതികളുമായി അന്‍മോള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും അന്‍മോള്‍ ഏറ്റെടുത്തിരുന്നു. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തത്. വിക്കികുമാര്‍ ഗുപ്ത, സാഗര്‍കുമാര്‍ പാല്‍, സോനുകുമാര്‍ ബിഷ്ണോയ്, അനുജ്കുമാര്‍ തപാന്‍, മുഹമ്മദ് റഫീഖ് ചൗധരി, ഹര്‍പാല്‍ എന്നീ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ലോറന്‍സ് ബിഷ്ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ അധോലോക സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അന്‍മോള്‍ ബിഷ്ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പെടെ ഈ സമയങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പിന്നില്‍ അന്‍മോളാണ് എന്നാണ് കണ്ടെത്തല്‍. ഈ കേസുകളുമായി ബന്ധപ്പെട്ട വിചാരണ നടത്താനാണ് യു.എസില്‍ നിന്നും അന്‍മോളിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചത്.
ഇന്ത്യയുടെ ഭീകരവാദ-പ്രതിരോധ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം അന്‍മോളിനെ 'മോസ്റ്റ്-വാണ്ടഡ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങള്‍ക്കായി പാകിസ്താനില്‍നിന്നും അനധികൃതമായി ആയുധനങ്ങള്‍ കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും അന്‍മോല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഗുജറാത്തിലെ സബര്‍മതി ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയിക്കു വേണ്ടി പുറത്ത് ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത് അന്‍മോളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുനടന്ന വെടിവെപ്പിലും അടുത്തിടെ മുന്‍മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് മുംബൈ പോലീസ് ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന്, മുംബൈ പോലീസ് അന്‍മോള്‍ ബിഷ്‌ണോയിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തങ്ങളുടെ രാജ്യത്ത് അന്‍മോള്‍ ബിഷ്‌ണോയിയുടെ സാന്നിധ്യത്തെക്കുറിച്ച് യു.എസ്. അധികൃതര്‍ ഇന്ത്യാസര്‍ക്കാരിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ വിട്ടുകിട്ടാന്‍ മുംബൈ പോലീസ് നീക്കം നടത്തിയിരുന്നു. ജൂണ്‍ മാസത്തില്‍ നവി മുംബൈയിലെ ഫാം ഹൗസില്‍ വെച്ച് സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ബിഷ്ണോയ് ഗ്യാങ് പദ്ധതിയിട്ടതായി കണ്ടെത്തിയിരുന്നു.
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ഏപ്രില്‍ മാസത്തില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയായിരുന്നു ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. അന്‍മോല്‍ ബിഷ്‌ണോയി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. 2021-ല്‍ ജോധ്പുര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അന്‍മോല്‍ കാനഡയിലേക്ക് കടന്നതായി വിവരം പുറത്തുവന്നിരുന്നു.