നിയമ പ്രകാരമുള്ള ലൈസന്‍സ് ഇല്ലാത്ത പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഇവൈ; ജീവനക്കാര്‍ക്ക് പരമാവധി 9 മണിക്കൂര്‍ ജോലി സമയം അട്ടിമറിക്കാന്‍ കമ്പനി ശ്രമിച്ചുവോ? അന്ന സെബാസ്റ്റിയന്റെ മരണത്തില്‍ കുറ്റക്കാര്‍ കുടുങ്ങിയേക്കും

ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്.

By :  Remesh
Update: 2024-09-24 17:28 GMT

പുണെ: പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് റിപ്പോര്‍ട്ട്. അമിതജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ജോലി ചെയ്തിരുന്ന ഓഫീസാണ് ഇത്. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്. നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസം ജോലിസമയം. ആഴ്ചയില്‍ ഇത് 48 മണിക്കൂറാണ്.

ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ കമ്പനി കൂടുതല്‍ പ്രതിക്കൂട്ടിലാകുകയാണ്. അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ശൈലേന്ദ്ര പോളിന്റെ നേതൃത്വത്തിലുള്ള സംഘം പുണെയിലെ ഇ.വൈ. ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയത്.

2007 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസട്രേഷന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇത്രയും വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. അതിന് ശേഷവും കമ്പനി പ്രവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിരുന്നതായും ശൈലേന്ദ്ര പോള്‍ വ്യക്തമാക്കി.

നിയമം അനുസരിക്കാത്തിനെത്തുടര്‍ന്ന് ജോലിക്കാര്‍ക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ ആറുമാസംവരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടുമോ ചുമത്താം. വിവാദത്തില്‍ പ്രതികരിക്കാന്‍ ഇ.വൈ. തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു അന്നയുടെ മരണത്തോട് കമ്പനിയുടെ പ്രതികരണം.

ജൂലായ് 20-നാണ് അന്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുകാരണം അമിതജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത സെബാസ്റ്റ്യന്‍ ഇ.വൈയുടെ ഇന്ത്യയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു. അമിതജോലിഭാരം മൂലമാണ് മകള്‍ മരിച്ചതെന്നും ഇതില്‍ അസിസ്റ്റന്‍ഡ് മാനേജരുടേയും മാനേജരുടേയും ഭാഗത്ത് വീഴ്ചയുണ്ടെന്നും അന്വേഷണം വേണെന്നും പിതാവ് സിബി ജോസഫ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ജോലിസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ ഇ- മെയില്‍ ക്യാമ്പയിന്‍ നടത്തും. പ്രധാനമന്ത്രിക്കും തൊഴില്‍മന്ത്രിക്കും സെപ്തംബര്‍ 25, 26 തീയതികളില്‍ ഒരു ലക്ഷം ഇ-മെയില്‍ അയക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും അറിയിച്ചു.

അമിത ജോലി കാരണം അന്ന സെബാസ്റ്റ്യന്‍ മരണപ്പെട്ട വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് മറുപടി പറയണമെന്നും ഈ വിഷയത്തില്‍ യുവജനങ്ങളെ അപഹസിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ചൂഷണം വ്യാപകമാണ്. അവിടെ ജോലി ചെയ്യുന്ന ആളുകള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാവുന്നത്. 16- 17 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിച്ചാല്‍ പിരിച്ചവിടപ്പെടുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്യുകയാണ് പതിവ്. കൂടാതെ അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെടാന്‍ അതിനാല്‍ ആളുകള്‍ തയ്യാറാവുന്നില്ല.

കോര്‍പ്പറേറ്റ് മേഖലയില്‍ നിലനില്‍ക്കുന്ന ഇത്തരം കടുത്ത ചൂഷണം കാരണമാണ് അന്ന സെബാസ്റ്റ്യന്‍ മരണപ്പെട്ടത്. ഇനിയൊരു അന്ന സെബാസ്റ്റ്യന്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള സാഹചര്യം ഉണ്ടാവണം. സംഘടനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Tags:    

Similar News