പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല..; എന്നാലും അനൂപേ, നീ എന്തിനിത് ചെയ്തു..? യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സംഗീത ലോകം; ഗായകനും ഇടയ്ക്ക വാദകനും ഗിറ്റാറിസ്റ്റുമായി കഴിവു തെളിയിച്ച ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരന്‍ കണ്ണീര്‍രോര്‍മ്മയാകുമ്പോള്‍..

പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല

Update: 2025-07-02 08:16 GMT

തൃശൂര്‍: സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്‌കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സംഗീതലോകം. ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരന്‍ എന്ന നിലയില്‍ പരിചിതനായിരുന്ന അനൂപിനെ വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.

അധ്യാപകനെന്ന നിലയിലും സംഗീതജ്ഞനെന്ന നിലിയലും ശ്രദ്ധേയനായ അനൂപിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരും. എന്തിനാണ് അനൂപ് ഈ കടുംകൈ ചെയ്തത് എന്നു ചോദിച്ചു നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നു. അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സില്‍ നിന്നും മായുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം അനേകം ആരാധകര്‍ അനൂപിന് ഉണ്ടായരുന്നു. വിവിധ സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു. ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന് ഇത്രയും ആരാധകരെ സൃഷ്ടിക്കുന്നതില്‍ അനൂപിന്റെ ഇടപെടലായിരുന്നു ശ്രദ്ധേയമായിരുന്നത്. അനൂപിന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരണിയുകയാണ് സൈബറിടവും.

ജെബിന്‍ കെ ജോസഫ് കുറിച്ചത് ഇങ്ങനെ:

അതിരാവിലെ സുമേഷ്

Sumesh Njarekkattil ന്റെ ഫോണില്‍, നിന്നും കേട്ട,

പൊള്ളുന്ന വാര്‍ത്തയില്‍ വിങ്ങി, ഇന്നേരം വരെ??

Anoop Vellattanjur

എന്നാലും അനൂപേ,

എന്റെ സുഹൃത്താണ്

നല്ല ആര്‍ട്ടിസ്റ്റാണ്..

എന്നൊക്കെ പറഞ്ഞു, നിന്നെ ഇനിയാര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തും?

എന്നെങ്കിലുമൊരിക്കല്‍, ഏതോ ഒരു ലോകത്തില്‍,

ഏതെങ്കിലും ഒരു ഇവന്റ് ഇല്‍

നിഷ്‌ക്കളങ്കമായ നിന്റെ പുഞ്ചിരിയോടെ

നീ പാട്ട് പാടുന്നതും, കയ്യടികള്‍

നിറയുന്നതും കണ്ടു, മനസ്സ് നിറയുന്ന

നിന്റെ ഉയര്‍ച്ചയില്‍ ഏറെ സന്തോഷിച്ചിരുന്ന നിന്റെ പ്രിയപ്പെട്ട സുഹൃത്ത് ..

മന്ത്രി ആര്‍ ബിന്ദു സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പ് ഇട്ടിട്ടുണ്ട്. അതിങ്ങനെ:

ദീപ്തമായ ഈ പുഞ്ചിരി ഇനിയാര്‍ക്കും കാണാന്‍ ആവില്ല. പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ഒരു ജീവിതം എന്തിനാണ് പാതി വഴി പോലുമെത്തും മുന്‍പ് അവസാനിപ്പിച്ചു കളഞ്ഞത്? പാട്ടും ഉപകരണസംഗീതവും സര്‍ഗ്ഗാത്മകത ഉടല്‍ പൂണ്ടതു പോലുള്ള സംഘാടനവൈഭവവും ഉള്ള, വിദ്യാര്‍ത്ഥികളുടെ സ്‌നേഹം ആവോളം ലഭിച്ചിരുന്ന അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി നിങ്ങള്‍ എത്ര പേരെ പ്രചോദിപ്പിച്ചു!

വിവേകോദയം സ്‌കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുള്‍പ്പടെ നിരവധി പരിപാടികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പരിശീലിപ്പിച്ച നിങ്ങള്‍, കേരളവര്‍മ്മ കോളേജില്‍ ഗസ്റ്റ് ലെക്ചറര്‍ ആയിരിക്കേ ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതത്തില്‍ സംഗീതവും പ്രകാശവും നിറച്ച നിങ്ങള്‍, എല്ലാവരുടെയും മനം കവര്‍ന്ന സ്‌നേഹഭാജനം ആയിരുന്ന നിങ്ങള്‍ എന്തിനിത് ചെയ്തു എന്നറിയില്ല. ..

അവസാനം കണ്ടത് തൃശൂര്‍ പൂരത്തിന് തെക്കേ ഗോപുരനടയില്‍ കുട്ടികളോടൊപ്പം ഗിറ്റാര്‍ മീട്ടി പാട്ടു പാടി റിപ്പോര്‍ട്ടര്‍ ചാനല്‍ പരിപാടിയില്‍ നിറയുന്നത്. .. അന്ന് നമ്മളൊന്നിച്ച് പാടിയത് ''എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍''... ഒന്നും അറിയാന്‍ കഴിയാത്തത് മനുഷ്യ മനസ്സിനെ പറ്റിയയാണ് പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല. ....

വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്‌കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ് അനൂപ്. വിവേകോദയം ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാന്‍ഡിന്റെ അമരക്കാരനാണ്. സംസ്‌കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പില്‍. ഭാര്യ: പാര്‍വതി (ആയുര്‍വേദ ഡോക്ടര്‍). മക്കള്‍: പാര്‍വണ, പാര്‍ഥിപ്.

Tags:    

Similar News