പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം; അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പാറശാലയില്‍ കാമുകി വിഷം നല്‍കി കൊലപ്പെടുത്തിയ ഷാരോണ്‍ കേസുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്. അന്‍സിലിന്റെ പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാരക്വിറ്റ് എന്തില്‍ കലക്കിയാണ് അന്‍സിലിന് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദീനയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.തിരുവനന്തപുരത്ത് കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. അന്‍സിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ അന്‍സില്‍ ഉള്‍പ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അയാള്‍ ഉടന്‍ പുറത്തിറങ്ങും. അതിനുമുമ്പ് അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കി കൊലപ്പെടുത്തിയത്.
ചേലാട് സ്വദേശിയായ അദീന വിഷം നല്‍കിയെന്ന് അന്‍സില്‍ പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് അന്‍സലിന്റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരമാണ് യുവതി വിളിച്ചറിയിച്ചത്
'വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്‌ക്കോ' എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്റെ ഉമ്മയുടെ സഹോദരന്റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്റെ തോന്നലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് അദീന താമസിക്കുന്നത്. ഇവിടേയ്ക്ക് അന്‍സില്‍ പതിവായി എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നല്‍കുകയായിരുന്നു. അന്‍സില്‍ ഒരിക്കല്‍ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിട്ടുണ്ട്.അവശനിലയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്‍സില്‍ മരിച്ചത്.
പെണ്‍സുഹൃത്തായ അദീന വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അന്‍സില്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. അദീന വിഷം വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.അന്‍സില്‍ വിഷം കഴിച്ച് തന്റെ വീട്ടില്‍ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അന്‍സിലിന്റെ വീട്ടില്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അന്‍സിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലന്‍സില്‍ കയറി. തന്നെ ചതിച്ചെന്നും വിഷം നല്‍കിയെന്നും അന്‍സില്‍ ഈ ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസില്‍ നിര്‍ണായകമായത്. നിന്റെ മകനെ വിഷംകൊടുത്ത് കൊല്ലുമെന്ന് അദീന അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായും അയാള്‍ പറയുന്നു.