സ്പെയിനില്‍ തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്‍ട്ടുഗലിലേക്കും ഇറ്റലിയിലേക്കും; യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍സ് ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്‍; പ്രത്യേക പാക്കേജുകളുമായി തുര്‍ക്കിയും ദുബായിയും ശ്രീലങ്കയും വരെ; ഒന്നുമറിയാത്ത പോലെ അവസരം നഷ്ടപ്പെടുത്തി കേരളം
സ്പെയിനില്‍ തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്‍ട്ടുഗലിലേക്കും ഇറ്റലിയിലേക്കും
ബാഴ്‌സലോണ: വിനോദ സഞ്ചാരത്തിനെതിരെയുള്ള സ്പെയിന്‍കാരുടെ സമരം കൂടുതല്‍ ശക്തമാവുകയാണ്. സ്പാനിഷ് ദ്വീപുകളിലെത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലികള്‍ നടന്നു. ഇന്നലെ ഉച്ച തിരിഞ്ഞ് പാമ ഡി മല്ലോക്രയിലും ഇബിസയിലും നടന്ന പ്രതിഷേധ റാലി ബ്രിട്ടീഷ് വിനോദസഞ്ചാരികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സായാഹ്ന സൂര്യനെ ആസ്വദിക്കുന്ന വിനോദസഞ്ചാരികള്‍ക്കിടയിലൂടെ ഡ്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു, അമിത ടൂറിസ്റ്റ്വത്ക്കരണത്തില്‍ മനം മടുത്ത തദ്ദേശവാസികള്‍ റാലി നടത്തിയത്.
വിനോദ സഞ്ചാരം ദ്വീപിന്റെ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങളെകുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രതിഷേധ റാലിയില്‍ 30,000 ല്‍ അധികം പേര്‍ പങ്കെടുത്തു എന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടത്. മല്ലോക്രാ വില്പനക്കുള്ളതല്ലെന്നും, വിനോദ സഞ്ചാരികള്‍ മടങ്ങിപ്പോകണം എന്നുമൊക്കെ എഴുതിയ പ്ലക്കാര്‍ദുകള്‍ പിടിച്ചായിരുന്നു പ്രകടനം നടന്നത്. ഭയചകിതരായ പല ബ്രിട്ടീഷ് വിനോദ സഞ്ചാരികളും അവരുടെ താമസസ്ഥലത്ത് അടച്ചുപൂട്ടി കഴിയുകയായിരുന്നു. നിരവധി കൗമാരക്കാരും മുദ്രാവാക്യം വിളികളുമായി പ്രകടനത്തില്‍ പങ്ക് ചേര്‍ന്നിരുന്നു.
ബാഴ്സിലോണ, ഇബിസ, മെനോക്ര, സാന്‍ സെബാസ്റ്റ്യന്‍, ഗ്രനാഡ, ടെന്നിറൈഫ്, മലാഗ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇറ്റലിയിലെ വെനീസും പോര്‍ച്ചുഗലിലെ ലിസ്ബണും ഈ വഴിയെ നീങ്ങുകയാണ്. അമിത ടൂറിസം, പരിസ്ഥിതിക്കും, സമൂഹത്തിനും വരുത്തിവയ്ക്കുന്ന കോട്ടങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രതിഷേധ റാലികള്‍ നടക്കുന്നത്. സതേണ്‍ യൂറോപ്പ് നെറ്റ്വര്‍ക്ക് എഗനിസ്റ്റ് ടൂറിസ്റ്റിഫിക്കേഷന്‍ എന്ന സംഘടനയാണ് വിവിധ പ്രാദേശിക സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളും എയര്‍ ബി എന്‍ ബികളും ഉയര്‍ന്ന് വന്നതോടെ പാരമ്പര്യത്തോടെ, പരമ്പരാഗത ഉത്സവങ്ങളോടും വിടപറഞ്ഞ് പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ പറയുന്നത്. സ്വാഭാവിക ഉദ്യാനങ്ങളും മറ്റും ശരിയായ രീതിയില്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ബോട്ടിംഗ് വര്‍ദ്ധിച്ചതോടെ ജലമലിനീകരണവും വര്‍ദ്ധിച്ചു. നിലവിലെ വിനോദ സഞ്ചാര മാതൃക സുസ്ഥിര വികസനത്തിന് വഴി തെളിക്കില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
സ്പെയിനിലും, ഇറ്റലിയിലും, പോര്‍ച്ചുഗലിലും വിനോദ സഞ്ചാരത്തിനെതിരെ പ്രതിഷേധം കനത്തതോടെ പല ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഒഴിവുകാലം ചെലവഴിക്കാന്‍ മറ്റിടങ്ങള്‍ തേടുകയാണ്. ഒഴിവുകാലം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരെ ആകര്‍ഷിക്കുന്നതിനായി തുര്‍ക്കിയും, ദുബായിയും എന്തിനധികം ശ്രീലങ്കവരെ പുതിയ പാക്കേജുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. യൂറോപ്പിലെ ശക്തമായ ടൂറിസം വിരുദ്ധ വികാരം മുതലെടുത്ത് തങ്ങളുടെ ടൂറിസ്റ്റ് മേഖലയെ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
എന്നാല്‍, ഇക്കാര്യത്തില്‍ ഏറെ സാധ്യതകളുള്ള കേരളം മാത്രം സംഭവവികാസങ്ങള്‍ ഒന്നും അറിയാത്തതു പോലെ അനങ്ങാതിരിക്കുകയാണ്. വാങ്ങല്‍ ശേഷി കൂടുതലുള്ള, പണം ചെലവഴിക്കുന്നതില്‍ മടികാണിക്കാത്ത ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഏതൊരു രാജ്യത്തിന്റെയും ടൂറിസം മേഖലക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഈ അവസരം മുതലെടുത്ത് പുതിയ പ്രത്യേക പാക്കെജുകളുമായി രംഗത്തെത്തിയാല്‍ കേരള ടൂറിസം മേഖലയില്‍ ഒരു വന്‍ കുതിപ്പ് അനുഭവപ്പെടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നിട്ടും, അവസരം മുതലെടുക്കാതെ നിഷ്‌ക്രിയരായി ഇരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.