തടി കുറയ്ക്കാനുള്ള മോദി ചലഞ്ചില്‍ കയറിയ മോഹന്‍ലാല്‍; തൊട്ടടുത്ത ദിവസം ആന്റണി പെരുമ്പാവൂരിന്റെ ഓഫിസില്‍ എത്തിയത് ഇന്‍കംടാക്‌സുകാര്‍; റെയ്ഡ് നടത്തി കൊണ്ടു പോയത് നിരവധി ഫയലുകള്‍; ആശിര്‍വാദ് സിനിമാസില്‍ തുടര്‍ പരിശോധനയ്ക്കും സാധ്യത
കൊച്ചി: നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ ആദായ നികുതി പരിശോധനയ്ക്ക് പിന്നില്‍ ആര്? ഇന്‍കം ടാക്സ് പരിശോധന വരും ദിവസവും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ഓഫീസില്‍ തുടര്‍ പരിശോധനകള്‍ നടത്തുമെന്നാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
പിടിച്ചെടുത്ത ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. നിര്‍മ്മതാക്കളുടെ സംഘടനാ നേതാവായ സുരേഷ് കുമാറുമായി ആന്റണി പെരുമ്പാവൂരിന്റെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന എന്നത് സിനിമാ ലോകത്തും ചര്‍ച്ചയാണ്. ബിജെപി നേതാവായ സുരേഷ് കുമാര്‍ ആര്‍ എസ് എസ് ചാനലായ ജനം ടിവിയിലേയും പ്രധാനിയാണ്.
നികുതി വെട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം 10 മണികൂറോളം പരിശോധന നടത്തിയത്. പകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിശോധന അവസാനിപ്പിച്ച് രാത്രിയോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പുറത്തുള്ള ആരുടെയെങ്കിലും സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്ന സംശയം സിനിമാക്കര്‍ പ്രകടിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് സുരേഷ് കുമാറെന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസം വണ്ണം കുറയ്ക്കാനുള്ള ചലഞ്ചിനായി പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത വ്യക്തികളില്‍ ഒരാളാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മോഹന്‍ലാലും കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധത്തിലാണ് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സാധാരണ പരിശോധനയാണ് ഇപ്പോഴത്തേതെന്ന വാദവും സജീവം.