കള്ളപ്പണ അളവും ബിനാമി സ്വത്തുക്കളും കണ്ടെത്താന്‍ അന്വേഷണം; അന്‍വറിന്റെ നിര്‍ദേശ പ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തു എന്നുമുള്ള ഡ്രൈവറുടെ മൊഴി കുരുക്ക്; മാലാംകുളം ഉത്തരവാദിത്തം ഏറ്റെടുത്ത് 'നിലമ്പൂരാന്‍'; അന്‍വറിനെ പൂട്ടാന്‍ ഇഡി
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിനെതിരെ അതിശക്തമായ നീക്കത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചിട്ടുണ്ട്. ഇതോടെ അറസ്റ്റിന്റെ സാധ്യത കൂടി. ബിനാമി ഇടപാട് അന്‍വറിന് പോലും സമ്മതിക്കേണ്ടി വന്നു. കേരള ഫിനാന്‍സ് കോര്‍പറേഷനില്‍നിന്നു (കെഎഫ്സി) വായ്പയെടുത്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണു കഴിഞ്ഞദിവസം അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ത്തന്നെ വിവിധ വായ്പകള്‍ കെഎഫ്സി വഴി അന്‍വര്‍ തരപ്പെടുത്തിയതായി ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇഡിക്കെതിരെ അന്‍വര്‍ പത്ര സമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി കാര്യങ്ങള്‍ വിശദീകരിച്ചത്. താമസിയാതെ അന്‍വറിനെ ഇഡി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണു വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് അന്‍വര്‍ സമ്മതിച്ചതായും ഇഡി അറിയിച്ചു. ഇത് ബിനാമി ഇടപാടിന് തെളിവാണ്. നിലവില്‍ ഇത് അടുത്ത ബന്ധുവിന്റെയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചു. 2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്‍വറിനു സാധിച്ചില്ലെന്നും ഇഡി വ്യക്തമാക്കി. അന്‍വറിന്റെ നിര്‍ദേശപ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തിരുന്നതായും ഇദ്ദേഹത്തിന്റെ കൂട്ടാളികള്‍ മൊഴി നല്‍കി. ഇതും അന്‍വറിന് തിരിച്ചടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിക്കുമ്പോള്‍ മാലാംകുളം ബന്ധം അന്‍വര്‍ വെളിപ്പെടുത്തിയിട്ടില്ല.
അനുമതിയില്ലാതെ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പിവിആര്‍ മെട്രോ വില്ലേജില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. വായ്പയെടുത്ത തുക ഇതിലേക്കു മാറ്റിയതായും വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നും സൂചന ലഭിച്ചിട്ടുണ്ട്. വില്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു. ലോണ്‍ അനുവദിച്ചതില്‍ കെഎഫ്സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ഇഡി വ്യക്തമാക്കി. അന്ന് സിപിഎമ്മിനൊപ്പമായിരുന്നു അന്‍വര്‍. ഈ രാഷ്ട്രീയ പരിഗണനയിലാണ് ലോണ്‍ അന്‍വറിന് കിട്ടിയതെന്നാണ് സൂചന. പരിശോധനയില്‍ ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന വ്യത്യസ്ത വ്യക്തികളുടെ പേരിലുള്ള 15 ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ സംശയകരമായ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു.
കെഎഫ്‌സിയില്‍നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയതെന്നു പി.വി.അന്‍വര്‍ പ്രതികരിച്ചിരുന്നു. കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചില രേഖകള്‍കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹംപറഞ്ഞു. എടുത്ത ലോണിനെക്കാള്‍ നിര്‍മാണം നടത്തിയെന്ന സംശയത്തിലാണു പരിശോധന നടന്നത്. കള്ളപ്പണം ഇടപാട് നടന്നിട്ടില്ല. തക്കതായ മൂല്യമുള്ള വസ്തുവിന്റെ പേരില്‍ ലോണെടുക്കുക മാത്രമാണു ചെയ്തത്. ഒമ്പതര കോടി ലോണെടുത്തതില്‍ ആറുകോടിയോളം തിരിച്ചടച്ചു.സാഹചര്യങ്ങള്‍ മോശമായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയുമായി വലിയൊരു തുക കെഎഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വണ്‍ ടൈം സെറ്റില്‍മെന്റിനു സമീപിച്ചപ്പോള്‍ താന്‍ നല്‍കിയ ഓഫര്‍ പോരായെന്നു കെഎഫ്‌സി മറുപടി നല്‍കി. സെറ്റില്‍മെന്റ് തുക എത്രയാണെന്നു ചോദിച്ചതിനു മറുപടി ലഭിക്കും മുമ്പാണ് നിയമനടപടി ഉണ്ടായതെന്നും അന്‍വര്‍ പറയുന്നു.
ലോണെടുത്ത തുക അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ല്‍ 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ലെന്നും ഇഡി പറയുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഈട് നല്‍കിയ വസ്തുവിന്റെ മുന്‍കാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല. പിവിആര്‍ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിര്‍മ്മിച്ചതെന്നും, ഈ നിര്‍മ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വില്‍പ്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു. കള്ളപ്പണത്തിന്റെ അളവ്, ഫണ്ട് വകമാറ്റല്‍, ബെനാമി സ്വത്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
