അന്‍വറിനോട് ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിച്ച് തള്ളി ഒരു കൂട്ടം; പാലക്കാട് നിരീക്ഷണത്തിന് ആളുകളെത്തി; അക്രമികള്‍ അജ്ഞാതരെന്ന് സംഘാടകരും; അന്‍വറിനെ 'കൈകാര്യം' ചെയ്യാന്‍ വന്നത് സിപിഎമ്മുകാരോ?

നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുഴക്കി പ്രതിഷേധം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

By :  Remesh
Update: 2024-09-29 06:31 GMT

പാലക്കാട്: പാലക്കാട്ട് പി.വി അന്‍വര്‍ എം.എല്‍.എ പങ്കെടുത്ത പരിപാടിക്കു പിന്നാലെ സംഘര്‍ഷം. അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലര്‍ മാധ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. അന്‍വറോട് ചോദ്യം ചോദിക്കുന്നതിനിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിക്കുകയും തള്ളുകയും ചെയ്തു. ആരാണ് അതിക്രമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല.

അന്‍വറിനെതിരെ രംഗത്ത് വരണമെന്ന് സിപിഎം നേതൃത്വം അണികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണവും അന്‍വര്‍ നടത്തി. മോഹന്‍ദാസിനെ ആര്‍ എസ് എസ് എന്നും വിളിച്ചു. ഇതോടെ അന്‍വര്‍ വര്‍ഗ്ഗീയ ശക്തികളുടെ കൈയ്യിലെ പാവയാണെന്ന് സിപിഎം പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പരിപാടിയിലെ സംഘര്‍ഷം. ഇതോടെ നിലമ്പൂരില്‍ വൈകിട്ട് നടക്കുന്ന അന്‍വറിന്റെ പൊതു സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടാകുമോ എന്ന ആശങ്കയും കൂടി. സിപിഎമ്മുകാരാണ് പാലക്കാട് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ആരോപണം.

വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അന്‍വര്‍. അന്‍വറിനെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്‍വറിനോട് ചോദിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലീസ് ഉടപെടുകയും അതിക്രമം കാട്ടിയവരെ നീക്കുകയുമായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ല അതിക്രമം കാട്ടിയതെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

താന്‍ തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറയിലാണെന്നും മുസ്ലിങ്ങളെ സി പി എമ്മില്‍ നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നുമുള്ള സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് ഇന്നത്തെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ മറുപടി നല്‍കുമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചിട്ടുണ്ട്. 200 പേര്‍ പൊതുസമ്മേളനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അന്‍വര്‍ പരിഹാസ രൂപേണ പറഞ്ഞു. പത്ത് ദിവസത്തെ പരിപാടി യോഗത്തില്‍ പ്രഖ്യാപിക്കും. അതിനു ശേഷമുള്ളവ പിന്നീടും പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.

തീവ്ര വര്‍ഗീയ കക്ഷികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോപിച്ചിരുന്നു. സി പി എമ്മില്‍ നിന്ന് ന്യൂനപക്ഷങ്ങളെ അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്താനാവുമോയെന്ന പരീക്ഷണമാണ് നടത്തുന്നത്. സി പി എം മുസ്ലിം വിരുദ്ധമാണെന്നും നേതാക്കളെല്ലാം ആര്‍ എസ് എസുകാരാണെന്നും വരുത്തിത്തീര്‍ക്കാനാണ് അന്‍വറിന്റെ ശ്രമമെന്നും മോഹന്‍ദാസ് കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ, നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുഴക്കി പ്രതിഷേധം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

Tags:    

Similar News