ഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം വേണ്ട, അമേരിക്കയിലേക്ക് പോരൂ എന്ന ട്രംപിന്റെ ആഹ്വാനം ആപ്പിള്‍ വകവയ്ക്കുമോ? ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനിടെ ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ? മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമോ? ആപ്പിള്‍ പറയുന്നത് ഇങ്ങനെ

ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ?

Update: 2025-05-16 12:56 GMT

വാഷിങ്ടണ്‍: അമേരിക്കയെ മഹത്തരമാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പകര ചുങ്കം അടക്കമുള്ള നടപടികളിലൂടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ ശ്രമിച്ച ട്രംപിന് താല്‍ക്കാലിക തിരിച്ചടിയുമേറ്റു. എന്തായാലും ബഹുരാഷ്ട്ര കമ്പനികള്‍ അമേരിക്കയില്‍ കൂടുതലായി ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ് യുഎസ് പ്രസിഡന്റിന്റെ നിലപാട്. അതുകൊണ്ട് തന്നെ ദോഹയില്‍ വച്ച് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം നിര്‍ത്തി വച്ച് യുഎസില്‍ ഉത്പാദനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടതില്‍ അത്ഭുതമില്ല.

ആപ്പിളിന് അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനമില്ല. കമ്പനിയുടെ ഐ ഫോണുകള്‍ കൂടുതലും ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലാകട്ടെ വര്‍ഷന്തോറും 40 ദശലക്ഷം യൂണിറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്് (ആപ്പിളിന്റെ വാര്‍ഷിക ഉത്പാദത്തില്‍ 15 ശതമാനം). തന്റെ രണ്ടാം ടേമില്‍, ആഭ്യന്തര ഉത്പാദനം ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന ട്രംപ്, ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്.

'ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വികസിപ്പിക്കുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചുങ്കം ഈടാക്കുന്ന ഇന്ത്യയില്‍ വില്‍പ്പന വലിയ ബുദ്ധിമുട്ടാണ്. താരിഫുകള്‍ ചുമത്താത്ത കരാറിന് ഇന്ത്യ വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ട്. ഞാന്‍ ടിമ്മിനോട് പറഞ്ഞു, നിങ്ങള്‍ ചൈനയില്‍ വര്‍ഷങ്ങളായി നിര്‍മ്മിച്ച പ്ലാന്റുകള്‍ ഞങ്ങള്‍ സഹിച്ചു. എന്നാല്‍, ഇന്ത്യയില്‍ നിങ്ങള്‍ ഉത്പാദനം വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യക്ക് അവരുടെ സ്വന്തം കാര്യം നോക്കാനാകും', ടിം കുക്കിനോട് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ദോഹയില്‍ വച്ച് ടിം കുക്കിനോടുള്ള ട്രംപിന്റെ സംഭാഷണം വാര്‍ത്തയായതോടെ കേന്ദ്രസര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആപ്പിള്‍ എക്‌സ്‌ക്യൂട്ടീവുമാരുമായി സംസാരിച്ചു. ഒന്നും പേടിക്കാനില്ല, ആപ്പിളിന്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതിയില്‍ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഉറപ്പാണ് നല്‍കിയത്. തങ്ങളുടെ ഉത്പന്നങ്ങളുടെ സുപ്രധാന നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

അടുത്ത നാലുവര്‍ഷം യുഎസില്‍ 500 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിക്കാമെന്ന് ആപ്പിള്‍ ഈ വര്‍ഷാദ്യം ഉറപ്പുനല്‍കിയിരുന്നു. എന്തായാലും ഐ ഫോണ്‍ ഉത്പാദനത്തിന് ഇന്ത്യയിലും ചൈനയിലും കുറഞ്ഞ വേതനത്തിന് ജീവനക്കാര്‍ ലഭ്യമായതും കൃത്യമായ ഉത്പന്ന വിതരണ ശൃംഖലയുമാണ് ആപ്പിളിനെ ആകര്‍ഷിക്കുന്നത്.

അമേരിക്കയില്‍ നിര്‍മ്മാണ-തൊഴില്‍ ചെലവുകള്‍ താരതമ്യേന ഉയര്‍ന്നതാണ്. ആപ്പിളിന് ഇന്ത്യന്‍ വിപണിയിലേക്ക് വേണ്ട ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും, പക്ഷേ, മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ട്രംപിന്റെ നിര്‍ദ്ദേശം.

ഇന്ത്യന്‍ മെയ്ഡ് ഐ ഫോണുകള്‍ തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ തായ് വാനില കരാര്‍ നിര്‍മ്മാതാക്കളാണ് അസംബിള്‍ ചെയ്യുന്നത്. പെന്റഗണ്‍ കോര്‍പ്‌സ് ഓപ്പറേഷന്‍സ് നടത്തുന്ന ടാറ്റ ഇലക്ട്രോണിക്‌സാണ് മറ്റൊരു പ്രധാന നിര്‍മ്മാതാവ്. ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിച്ചുവരികയാണ്. ഐ ഫോണ്‍ ഉത്പാദനം കൂട്ടാന്‍ വേണ്ടി ഉത്പാദന ശേഷിയും കൂട്ടി വരികയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍, ആപ്പിള്‍ 60 ശതമാനം കൂടുതല്‍ ഐ ഫോണുകള്‍ അസംബ്ലിള്‍ ചെയ്തു. തെലങ്കാനയില്‍ ആപ്പിള്‍, എയര്‍പോഡ്‌സ് നിര്‍മ്മാണത്തിനായി ഫോക്‌സ്‌കോണ്‍ പ്ലാന്റ് തുടങ്ങി.

ആപ്പിളിനെ പോലുള്ള കമ്പനികള്‍ തങ്ങളുടെ നിക്ഷേപ തീരുമാനങ്ങള്‍ കൂടുതല്‍ നിര്‍മ്മാണ മത്സരക്ഷമതയുള്ള സ്ഥലങ്ങള്‍ നോക്കിയാണ് നിശ്ചയിക്കുക. അതുകൊണ്ട് തന്നെ ട്രംപിന്റെ ഇന്ത്യ ബഹിഷ്‌കരണ ഭീഷണി ആപ്പിളിന് മുന്നില്‍ ചെലവാകാന്‍ ഇടയില്ല.

Tags:    

Similar News