'ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു'; കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിര്‍ത്തലാക്കി എബിസി നെറ്റ് വര്‍ക്ക്; ട്രംപിന്റെ കോപത്തില്‍ ഓസ്‌കാര്‍ അവതാരകന് ചാനല്‍ സ്റ്റുഡിയോ നഷ്ടമാകുമ്പോള്‍
ട്രംപിന്റെ കോപത്തില്‍ ഓസ്‌കാര്‍ അവതാരകന് ചാനല്‍ സ്റ്റുഡിയോ നഷ്ടമാകുമ്പോള്‍
ന്യൂയോര്‍ക്ക്: പ്രശസ്ത ടെലിവിഷന്‍ അവതാരന്‍ ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിര്‍ത്തലാക്കി എബിസി നെറ്റ്വര്‍ക്ക്. ചാര്‍ളി കിര്‍ക്ക് വധത്തെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. വൈറ്റ് ഹൗസിന്റെ സമ്മര്‍ദവും നടപടിക്ക് പിന്നിലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ച തന്റെ പരിപാടിയില്‍ കിമ്മല്‍ ആരോപിച്ചത്.
ചൊവ്വാഴ്ച ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകിയെ കോടതിയില്‍ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി തങ്ങളിലൊരാള്‍ അല്ലെന്ന് സ്ഥാപിക്കാന്‍ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ ആരോപണം. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിനും ട്രംപിന്റെ പ്രതികരണത്തിനും കിമ്മല്‍ വിമര്‍ശിച്ചിരുന്നു.
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ്സിസി) ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍, കിമ്മലിന്റെ പരാമര്‍ശത്തില്‍ ഡിസ്നിക്കും എബിസിക്കും എതിരെ നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജിമ്മി കിമ്മല്‍ ലൈവ് അനിശ്ചിതമായി നിര്‍ത്തുന്നുവെന്നാണ് എബിസി വക്താവ് ബുധനാഴ്ച അറിയിച്ചത്. വിഷയത്തില്‍ കിമ്മലിന്റെ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാരില്‍ ഒന്നായ നെക്സ്സ്റ്റാര്‍, കിമ്മലിന്റെ ഷോ ഭാവിയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കിമ്മലിന്റെ അഭിപ്രായങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും എബിസിയുമായി ബന്ധപ്പെട്ട ചാനലുകളില്‍ മറ്റ് ഷോകള്‍ പകരമായി നടത്തുമെന്നും നെക്സ്സ്റ്റാര്‍ അറിയിച്ചു.
പരിപാടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെ 'അമേരിക്കയ്ക്ക് സന്തോഷവാര്‍ത്ത' എന്നു ട്രംപ് വിശേഷിപ്പിച്ചു. 'റേറ്റിംഗുള്ള ജിമ്മി കിമ്മലിന്റെ പരിപാടി റദ്ദാക്കി. ചെയ്യേണ്ട കാര്യം ഒടുവിലെങ്കിലും ചെയ്യാന്‍ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങള്‍,' ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.
യൂട്ടവാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചത്. യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഒരു ടെന്റില്‍ കിര്‍ക്ക് സംവദിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ചൊവ്വാഴ്ച ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകിയെ കോടതിയില്‍ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ഹാജരാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് ഓസ്‌കര്‍ അവതാരകന്‍ കൂടിയായ കിമ്മല്‍.