കള്ളനോട്ടാണെന്ന് പോലീസ് വിധിയെഴുതി; വയോധികന്‍ ജയിലില്‍ കിടന്നത് 32 ദിവസം; ഒടുവില്‍ നോട്ടുകള്‍ ഒറിജിനലെന്ന് തെളിഞ്ഞപ്പോള്‍ കോടതിയും കേസ് നിലനില്‍ക്കില്ലെന്ന് വിധിയെഴുതി; ഇരയുടെ പരാതി ബധിരകര്‍ണങ്ങളില്‍; നിരപരാധിയെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
കള്ളനോട്ടാണെന്ന് പോലീസ് വിധിയെഴുതി; വയോധികന്‍ ജയിലില്‍ കിടന്നത് 32 ദിവസം
പന്തളം: കെഎസ്ഇബി ബില്‍ അടയ്ക്കാന്‍ നല്‍കിയത് കള്ളനോട്ടെന്ന് വിധിയെഴുതി വയോധികനായ വ്യാപാരിയെ പോലീസ് ജയിലില്‍ അടച്ചത് 32 ദിവസം. രണ്ടു വര്‍ഷത്തിന് ശേഷം നോട്ട് ഒറിജിനലെന്ന് പരിശോധനാ ഫലം വന്നു. പിന്നെയും രണ്ടു വര്‍ഷം കൂടി വന്നു കോടതി അന്തിമവിധി പ്രഖ്യാപിക്കാന്‍. വയോധികനായ വ്യാപാരി അനുഭവിച്ച മാനസികപീഡനത്തിനും അപമാനത്തിനും കൈയും കണക്കുമില്ല. വ്യാപാരിയെ കസ്റ്റഡിയില്‍ എടുത്ത് ജയിലില്‍ അടച്ച എസ്.ഐക്കാകട്ടെ, ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റവും ലഭിച്ചു. വ്യാപാരി എസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ ചവറ്റു കൊട്ടയിലും പതിച്ചു. തനിക്ക് നേരിടേണ്ടി കൊടിയ മാനസിക വ്യഥ തുറന്നു പറയുകയാണ് വ്യാപാരിയായ മങ്ങാരം നെടിയമണ്ണില്‍ വീട്ടില്‍ സൈനുദീന്‍ റാവുത്തര്‍(71).
വൈദ്യുതി ബില്‍ അടച്ച പണം കള്ളനോട്ടാണെന്ന് പറഞ്ഞ് വ്യാപാരി അടക്കം രണ്ടു പേരെ പോലീസ് ജയിലില്‍ അടച്ചത് 32 ദിവസമാണ്. തന്നെ അകാരണമായി ജയിലില്‍ അടച്ച എസ്.ഐക്കെതിരേ സൈനുദ്ദീന്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒരു അച്ചടക്ക നടപടിയും ബാധിക്കാതെ സ്ഥാനക്കയറ്റത്തോടെ അയാള്‍ ജോലിയില്‍ തുടരുന്നു.
സൈനുദീന്‍ റാവുത്തര്‍, അയല്‍വാസി നെല്ലും പറമ്പില്‍ തെക്കേതില്‍ രാജന്‍ എന്നിവര്‍ക്കാണ് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത്. ഇവര്‍ക്ക് നോട്ടുകള്‍ നല്‍കിയ പ്രവാസി വീട്ടമ്മയെ പ്രതിയാക്കിയെങ്കിലും പോലീസ് ഒത്താശയോടെ ഇവര്‍ വിദേശത്തേക്ക് മടങ്ങിയെന്നും സൈനുദ്ദീന്‍ ആരോപിക്കുന്നു.
2016 ലാണ് സംഭവം. സൈനുദീന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാര്‍ അയല്‍വാസിയായ രാജന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോകാനായി കൊടുത്തിരുന്നു. വിദേശത്തു നിന്നും വരുന്ന രാജന്റെ ഭാര്യയുടെ സഹോദരി പഴകുളം സ്വദേശിനി ഷീബയെ കൂട്ടിക്കൊണ്ടു വരാനാണ് കാര്‍ പോയത്, ഓട്ടം കഴിഞ്ഞ് അടുത്ത ദിവസം രാത്രി രാജന്‍ കാറിന്റെ കൂലിയായി 500 ന്റെ മൂന്ന് നോട്ട് സൈനുദ്ദീന് നല്‍കി.
പിറ്റേന്ന് ഈ നോട്ടുകളുമായി സൈനുദ്ദീന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ വൈദ്യുതി ബില്‍ അടയ്ക്കാനെത്തി. അവിടെയുള്ള ജീവനക്കാര്‍ ഇത് കള്ളനോട്ടാണെന്ന് പറഞ്ഞ് നിരസിച്ചു. സൈനുദ്ദീന്‍ അവിടെ നിന്നു കൊണ്ടു തന്നെ രാജനെ വിളിച്ചു വിവരം അറിയിച്ചു. ഏറെ വൈകാതെ പന്തളം സ്റ്റേഷനില്‍ നിന്ന് എസ്.ഐ എസ്. സനൂജും സംഘവുമെത്തി സൈനുദ്ദീനെ കൊണ്ടു പോയി. പിന്നെ ചോദ്യം ചെയ്യലായി. താന്‍ തെറ്റുകാരനല്ലെന്നും രാജന്‍ ടാക്സിക്കൂലി
നല്‍കിയ പണമാണെന്നും എസ്.ഐയോട് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.
ഫോണ്‍ വാങ്ങി വച്ച ശേഷം വീടിന്റെ താക്കോല്‍ വാങ്ങി തുറന്ന് പരിശോധനയും നടത്തി. സെക്ഷന്‍ 489(ബി) 34 ഐ.പി.സി പ്രകാരം കേസുമെടുത്തു. അടുത്ത ദിവസം രാജനെയും വിളിച്ചു വരുത്തി. സ്റ്റേഷനിലെത്തിയ രാജന്‍ കാറിന്റെ കൂലിയായി ഷീബ തന്നതാണ് പണമെന്നു പോലീസിനോട് പറഞ്ഞു. പണം നല്‍കിയ ഷീബയോട് കാര്യങ്ങള്‍ തിരക്കിയ ശേഷമേ തനിക്കെതിരെ കേസെടുക്കാവൂവെന്ന് എസ.്ഐയോട് ആവശ്യപ്പെട്ടു.
പിന്നീട് പുറത്തേക്ക് പോയ എസ.്ഐ മടങ്ങിയെത്തി രാജനെയും തന്നെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തു റിമാന്‍ഡ് ചെയ്തുവെന്ന് സൈനുദ്ദീന്‍ പറയുന്നു. ടാക്സിക്കൂലിയായി നോട്ടുകള്‍ നല്‍കിയ ഷീബയെ മൂന്നാം പ്രതിയാക്കിയെങ്കിലും അവര്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. അവരെ വിദേശത്തേക്ക് കടക്കാന്‍ എസ്.ഐ വഴി വിട്ടു സഹായിച്ചതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം നാസിക്കിലെ നോട്ട് അടിക്കുന്ന പ്രസില്‍ ഈ നോട്ടുകള്‍ പരിശോധനയ്ക്ക് അയച്ചു.
2018 ല്‍ ഫലം വന്നു. അത് കളളനോട്ടല്ല, യഥാര്‍ഥമാണെന്നായിരുന്നു ഫലം. നോട്ട് കൃത്യമായി പരിശോധിക്കാതെ പോലീസ് തങ്ങളെ പ്രതിയാക്കുകയായിരുന്നുവെന്ന് സൈനുദീന്‍ പറഞ്ഞു. നാസിക് പ്രസില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2020 ല്‍ പത്തനംതിട്ട ജില്ലാ കോടതി പ്രതികള്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ട് വെറുതേ വിട്ടു. പത്തനംതിട്ട സബ് ജയില്‍, തിരുവനന്തപുരം സെട്രല്‍ ജയില്‍ എന്നിവിടങ്ങളിലായി 32 ദിവസം സൈനുദ്ദീന് റിമാന്‍ഡില്‍ കഴിയേണ്ടി വന്നു.
പന്തളം ജങ്ഷനില്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെയായി വ്യാപാരം നടത്തിയിരുന്ന സൈനുദ്ദീന് പൊതുജനമധ്യത്തില്‍ കടുത്ത മാനസിക പീഡനവും അപമാനവും നേരിടേണ്ടി വന്നു. അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതും മാനസികമായി പീഡിപ്പിച്ചതും ചൂണ്ടിക്കാട്ടി എസ്.ഐക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സൈനുദ്ദീന്‍ മുഖ്യമന്ത്രി, ഡിജിപി, ജില്ലാകലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഇതിനിടെ എസ്.ഐ സനൂജിന് സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോള്‍ കൊല്ലം ജില്ലാ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഇന്‍സ്പെക്ടറാണ്. തന്റെ കൈയില്‍ നിന്നും പോലീസ് വാങ്ങിയ ഫോണും തിരികെ കിട്ടിയില്ല. 20 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സൈനുദ്ദീന്‍ പറയുന്നു.