ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ ഇടവാകാംഗം; വൈദികനായി അഭിഷേകം ചെയ്തത് 2004ല്‍; ഉന്നത വിദ്യാഭ്യാസത്തിന് ശേഷം വത്തിക്കാന്‍ പ്രവര്‍ത്തന മണ്ഡലമാക്കി; 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ യാത്രകളുടെ മുഖ്യസംഘാടകന്‍; വൈദിക പദവിയില്‍നിന്നും കര്‍ദിനാള്‍ പദവിയിലേക്ക്; മാര്‍ ജോര്‍ജ് കൂവക്കാട് ചരിത്രം സൃഷ്ടിക്കുമ്പോള്‍
ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ ഇടവാകാംഗം
വത്തിക്കാന്‍: ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ നിന്നും തുടങ്ങിയ യാത്രയാണ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് നയിച്ചത്. അതും വൈദിക പദവിയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ന്ന മഹത് വ്യക്തിയെന്ന ചരിത്രനേട്ടമാണ് അദ്ദേഹം കരസ്ഥമാക്കിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കര്‍ദിനാളായി സ്ഥാനമേല്‍ക്കും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9ന് വത്തിക്കാനില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിലായിരിക്കും മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുക. ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്.
1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് ജോര്‍ജ്ജ് കൂവക്കാട് ജനിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ ദൈവിക വിഷയങ്ങളില്‍ താല്‍പ്പരനായി. തുടര്‍ന്ന് സഭയില്‍ ദൈവസേവനമാണ് തന്റെ ദൗത്യമെന്ന് അദ്ദേം തിരിച്ചറിയുകയായിരുന്നു. 2004 ല്‍ ചങ്ങനാശേരി അതിരൂപതയില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം വത്തിക്കാനിലേക്ക് എത്തുകയായിരുന്നു.
അള്‍ജീരിയ, കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തു. 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോണ്‍. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികെയാണ് അദ്ദേഹത്തെ തേടി കര്‍ദ്ദിനാള്‍ പദവിയെത്തിയത്.
ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രകളുടെ മുഖ്യസംഘാടകന്‍
ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ സംഘാടകനായ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍്ദിനാള്‍ സ്ഥാനം ഒക്ടോബറിലാണ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. തുടര്‍ന്ന് നവംബര്‍ 25 ന് ചങ്ങനാശ്ശേരിയില്‍ വച്ച് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യ സംഘാടകനാണ്. സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോര്‍ജച്ചന് സ്വന്തമായത്
സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോര്‍ജച്ചന് സ്വന്തമായത്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് സാധാരണ ഒരു വിശ്വാസിക്ക് (അല്‍മായന്‍) മാര്‍പ്പാപ്പയോ കര്‍ദിനാളോ ആകുന്നതിന് തടസമൊന്നുമില്ല.
പുതിയ മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇങ്ങനെയൊരു ബോക്‌സ് വാര്‍ത്ത വരാറുമുണ്ട്.പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ അങ്ങനെ സംഭവിക്കുകയില്ല. വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്നതിനും സഭയില്‍ തടസമില്ല. ഇന്ത്യക്ക് പുറത്തുനിന്നുള്ള വൈദികര്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയില്‍ ഈ നിരയിലേക്കുയരുന്ന ആദ്യ വൈദികനെന്ന അത്യപൂര്‍വമായ നിയോഗമാണ് ജോര്‍ജച്ചന് ലഭിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാരെ വിളിക്കുന്നത്. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത് 80 വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ്. കാത്തലിക് എന്ന വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്‌സല്‍ (എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്). റോമന്‍ കത്തോലിക്കാ സഭയും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ.
ഇതിലെ രണ്ടു പൗരസ്ത്യ സഭകളാണ് കേരളത്തില്‍ നിന്നുള്ള സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും. സിറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമീസുമാണ് കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കര്‍ദിനാള്‍മാര്‍. അവരുടെ നിരയിലേക്ക് കര്‍ദിനാളായാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടച്ചനും ഉയരുന്നത്. 51 വയസെന്ന 'ചെറുപ്രായ'ത്തിലാണ് അദ്ദേഹം കര്‍ദിനാള്‍ പദവിയിലെത്തുന്നത്. സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന പദവിയിലേക്കാണ് അദ്ദേഹം ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.
മാര്‍പാപ്പക്ക് ഒപ്പമുള്ള യാത്രകളും ജോര്‍ജ് കൂവക്കാട്ടച്ചന് എന്നും മികച്ച ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങെയാണ്: പരിശുദ്ധ പിതാവിന് ഇടയന്റെ കണ്ണുകളാണ് ഉള്ളതെന്നു തോന്നിയിട്ടുണ്ട്. എത്ര ആള്‍ക്കൂട്ടത്തിനിടയിലും അദ്ദേഹം വൈകല്യമുള്ളവരെയും കുഞ്ഞുങ്ങളെയുമെല്ലാം കാണുകയും അവരോടു സംസാരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. യാത്രാവേളയില്‍ ഒപ്പമുള്ളവരോടു ഭക്ഷണം കഴിച്ചോ, വിശ്രമിച്ചോ എന്നെല്ലാം ചോദിക്കാന്‍ അദ്ദേഹം മനസ്സുകാണിക്കും.
മാര്‍പാപ്പയുടെ യാത്രാകള്‍ക്കും വിപുലമായ ഒരുക്കം ആവശ്യമുണ്ട്. ഓരോ രാജ്യത്തിന്റെയും ക്ഷണം സ്വീകരിക്കുകയാണ് ആദ്യപടി. മാര്‍പാപ്പ തീരുമാനമെടുത്താല്‍ ഉടന്‍ അതതു സര്‍ക്കാരുകളെയും പ്രാദേശിക സഭയെയും അറിയിക്കും. കാലാവസ്ഥയും മറ്റു ഘടകങ്ങളും പരിഗണിക്കും. തുടര്‍ന്നു രണ്ടുപ്രാവശ്യം ഒരുക്കങ്ങള്‍ക്കായി ആ രാജ്യത്തേക്കു ഞാന്‍ പോകും. മൂന്നാം തവണ മാര്‍പാപ്പയ്‌ക്കൊപ്പമാകും യാത്ര. സംഘത്തില്‍ കര്‍ദിനാള്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 40-50 പേര്‍ കാണും. പൊതുവായി എല്ലാവര്‍ക്കും കഴിക്കാവുന്ന ഭക്ഷണത്തിന്റെ പട്ടികയാവും നല്‍കുക. ഏറ്റവും ലളിതമായ വാഹനവും സൗകര്യങ്ങളും മതിയെന്നും അദ്ദേഹം നിഷ്‌കര്‍ഷിക്കാറുണ്ട്. ഇന്ത്യയിലേക്കും മാര്‍പാപ്പ വരാനുള്ള സാധ്യതകളുണ്ടെന്നാണാണ് അദ്ദഹം പറയുന്നത്.
ഇന്ത്യന്‍ സംഘം വത്തിക്കാനില്‍
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണത്തിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ സംഘവും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. രാത്രി ഇന്ത്യന്‍ സമയം ഒന്‍പതിന് സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപത് പേര്‍ക്കൊപ്പം കര്‍ദിനാളായി ഉയര്‍ത്തും. തുടര്‍ന്ന് ഇവര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ഇവരെല്ലാംചേര്‍ന്ന് മാര്‍പാപ്പയോടൊത്ത് കുര്‍ബാന അര്‍പ്പിക്കും.
കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.
രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘവും വത്തിക്കാനിലുണ്ട്. കൊടിക്കുന്നില്‍ സുരഷ് എം.പി, രാജ്യസഭാംഗമായ ഡോ.സത്നാം സിംഗ് സന്ധു, ബി.ജെ.പി ദേശീയസെക്രട്ടി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരാണ് സംഭയിലെ മറ്റുള്ളവര്‍.