പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് 'പേടി കാരണം' എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; 'സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന്' പിന്നില്‍ ദുരൂഹത

Update: 2026-02-06 01:39 GMT

തിരുവനന്തപുരം: നിയമത്തിന്റെ പഴുതുകള്‍ കൃത്യമായി അറിയാവുന്ന ഒരു തിരക്കഥാകൃത്തിന്റെ ബുദ്ധിയോടെയാണോ നടന്‍ മണിയന്‍പിള്ള രാജു ഇന്നലെ രാത്രി പെരുമാറിയത്? തലസ്ഥാന നഗരിയെ നടുക്കിയ ആഡംബര കാര്‍ അപകടത്തില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഒരാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം രക്തപരിശോധനയാണ്. എന്നാല്‍ അപകടം നടന്ന് എട്ടു മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയില്ലെങ്കില്‍ ഫലം കൃത്യമാകില്ല. കൃത്യം പത്തു മണിക്ക് അപകടമുണ്ടാക്കി മുങ്ങിയ താരം, ഈ 'എട്ടു മണിക്കൂര്‍ പരിധി' കഴിയുന്നത് വരെ ഒളിവില്‍ പോയത് ബോധപൂര്‍വ്വമാണെന്ന സംശയം ശക്തമാവുകയാണ്.

കേരളത്തിലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരം മദ്യപാനം തെളിയിക്കാന്‍ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണം. ഇതിന് കൃത്യമായ സമയപരിധിയുണ്ട്. അപകടം നടന്ന ഉടനെ താരം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായി. പോലീസ് രാത്രി തന്നെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെ താന്‍ തന്നെയാണ് വണ്ടി ഓടിച്ചതെന്ന കുറ്റസമ്മതവുമായി താരം രംഗത്തെത്തി. മദ്യപാനം തെളിയിക്കാനുള്ള മെഡിക്കല്‍ പരിശോധനയുടെ പ്രസക്തി നഷ്ടപ്പെടുന്ന സമയം വരെ താരം എവിടെയായിരുന്നു എന്ന ദുരൂഹത ബാക്കിനില്‍ക്കുന്നു.

ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു മണിയന്‍പിള്ള രാജുവിന്റെ കെ എല്‍ 01 സിജെ 04 നമ്പറുള്ള ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നിവേദിതിന്റെ കാലുകള്‍ തകര്‍ന്നു, സൂരജിന്റെ നട്ടെല്ലിന് ഒടിവുണ്ട്. സ്വന്തം തെറ്റല്ലെങ്കില്‍, കാറിന് പിന്നില്‍ വന്ന് ഇടിച്ചതാണെങ്കില്‍ എന്തിന് പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് 'പേടി കാരണം' എന്ന ബാലിശമായ മറുപടിയാണ് താരം നല്‍കുന്നത്. വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും. അതുകൊണ്ടാണ് നിര്‍ത്താത്തെന്ന വിചിത്രവാദമാണ് രാജു ഉയര്‍ത്തുന്നത്.

പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ അപകടം നടന്നത്. ബാര്‍ സൗകര്യമുള്ള ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു താരം. ക്ലബ്ബില്‍ നിന്ന് ഇറങ്ങുന്ന ഒരാള്‍ മദ്യപിച്ചിട്ടുണ്ടാകാനുള്ള സാധ്യത പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. എന്നാല്‍ ഡ്രൈവറെ പ്രതിയാക്കി കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് മണിയന്‍പിള്ള രാജു തന്നെ രംഗത്തെത്തിയത്. താന്‍ മദ്യപിച്ചിരുന്നില്ലെന്ന് താരം അവകാശപ്പെടുന്നുണ്ടെങ്കിലും, ശാസ്ത്രീയ പരിശോധനയ്ക്ക് വഴിപ്പെടാതെ മാറിനിന്നത് തിരിച്ചടിയാകും.

ക്യാന്‍സറിനെ തോല്‍പ്പിച്ച പോരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍, നിയമത്തിന് മുന്നില്‍ കാണിച്ച ഈ ഒളിച്ചുകളി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റ യുവാക്കളുടെ ചികിത്സാ ചെലവ് നല്‍കിയതുകൊണ്ടോ ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ തീരുന്നതല്ല 'ഹിറ്റ് ആന്‍ഡ് റണ്‍' എന്ന ക്രിമിനല്‍ കുറ്റം.

Tags:    

Similar News