ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്

Update: 2026-02-06 01:19 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പുതിയ മാനം. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയിരുന്നു. ഈ കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണ്. കാര്‍ ഓടിച്ചിരുന്നതും മണിയന്‍പിള്ള രാജുവാണ്. ഇതോടെ അപകടം പുതിയ തലത്തിലെത്തുകയാണ്. നടന്‍ കാര്‍ അപകടത്തില്‍ പെട്ടിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.

ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലാണ് അപകടം നടന്നത്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളില്‍ നിന്ന് പുറത്തേക്ക് വരുകയായിരുന്ന കാര്‍ വെള്ളയംബലം ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തിരുവനന്തപുരത്തുള്ള ഒരു നടന്റെ പേരില്‍ ഉള്ളളതാണ് കാര്‍ എന്നാണ് പൊലീസ് അറിയിക്കുകയും ചെയ്തു. ഡ്രൈവര്‍ ആണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് കരുതിയത്. നടന്റെ വീട്ടില്‍ പൊലിസ് എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. താരത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് താനാണ് കാര്‍ ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. ഭയം കൊണ്ടാണ് നിര്‍ത്താതെ പോയത്. കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചത് അറിഞ്ഞെന്നും രാജു പറഞ്ഞു. എല്ലാം പോലീസിനെ അറിയിക്കുമെന്നും വ്യക്തമാക്കി. പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്താണ് സുബ്രഹ്‌മണ്യം ഹാളും ട്രിവാന്‍ഡ്രം ക്ലബ്ബും. ഇവിടെയാണ് അപകടമുണ്ടായത്. ബാര്‍ പോലെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ഈ ക്ലബ്ബില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് രാജുവിന്റെ കാര്‍ അപകടമുണ്ടാക്കിയത്.

നിര്‍ത്താതെ പോയതു കൊണ്ട് പലവിധ സംശയങ്ങളും ഉയരുന്നു. താന്‍ തന്നെ കാര്‍ ഓടിച്ചുവെന്ന് രാജു സമ്മതിച്ചിട്ടുമുണ്ട്. ക്യാന്‍സര്‍ രോഗത്തെ പൊരുതി തോല്‍പ്പിച്ച നടനാണ് മണിയന്‍പിള്ള രാജു. അതുകൊണ്ട് രാജു മദ്യപിക്കില്ലെന്നും വാദമുണ്ട്. ഏതായാലും കാര്‍ നിര്‍ത്താതെ പോയത് ഗൗരവമുള്ള കുറ്റമാണ്.

Tags:    

Similar News