എല്ലാ തെറ്റും ചെയ്തത് ദിവ്യ; ആ പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല; നിറ കണ്ണുകളോടെ വിതുമ്പി മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാം അവതരിപ്പിച്ച് കളക്ടര്‍; ഒന്നും വ്യക്തമാക്കാതെ പിണറായി; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി വന്നേക്കും
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും. അച്ചടക്ക നടപടിയുടെ ഭാഗമായാകും തീരുമാനം എടുക്കുക. ഇക്കാര്യം കളക്ടറേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടത്. പിണറായിയിലെ വസതിയില്‍ കലക്ടര്‍ 20 മിനിറ്റിലേറെ ചെലവഴിച്ചു. പിപിദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം വിശദീകരിച്ചു. തന്നെ കണ്ണൂരില്‍ നിന്നും അതിവേഗം മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനിക്കും എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നതിന്റെ മാനസിക ബുദ്ധിമുട്ടു കണക്കിലെടുത്ത് അവധിയില്‍ പോകാമെന്ന താല്‍പര്യം കലക്ടര്‍ അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയേയും ഇക്കാര്യം അറിയിച്ചു. എല്ലാം പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ ഉടന്‍ റവന്യു വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നവീന്‍ ബാബു വിഷയം കൈകാര്യം ചെയ്തതില്‍ കലക്ടര്‍ക്ക് വീഴ്ചയുണ്ടായി എന്ന നിഗമനം കളക്ടറെ നേരിട്ട് മുഖ്യമന്ത്രി അറിയിച്ചു.
പെട്രോള്‍ പമ്പിനു നിരാക്ഷേപപത്രം നല്‍കിയതുമായി ബന്ധപ്പെട്ടു മാത്രമല്ല, എഡിഎമ്മിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലാണു കലക്ടറുടെ പങ്കും പരിശോധിക്കുക. അന്വേഷണ ചുമതല ആദ്യം ഏല്‍പ്പിച്ചത് കലക്ടര്‍ക്കായിരുന്നു. പിന്നീട് അത് ജോയിന്റെ കമ്മീഷണറെ ഏല്‍പ്പിച്ചു. കലക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു അന്വേഷണ ചുമതല മാറ്റിയത്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി എന്‍ക്വയറി ഓഫിസറോടും ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറോടും വിശദമായി എല്ലാം പറയുമെന്നും മുഖ്യമന്ത്രിയെ കലക്ടര്‍ അറിയിച്ചു.
എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. യാത്രഅയപ്പ് ചടങ്ങിന്റെ സംഘാടകന്‍ താനല്ല. ആരാണ് ക്ഷണിച്ചതെന്ന് സംഘാടകരോട് ചോദിക്കണമെന്ന് കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തുകൊണ്ട് ദിവ്യ പ്രസംഗിക്കുമ്പോള്‍ വിലക്കിയില്ല എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ മറുപടി പറയുന്നില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്കുള്ള മറുപടി. എന്നാല്‍ സിപിഎം നേതാവായതു കൊണ്ടാണ് ദിവ്യയെ തടയാത്തത് എന്ന തരത്തിലാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്നും സൂചനയുണ്ട്. പ്രോട്ടോകോളും നോക്കിയെന്ന് കലക്ടര്‍ പറയുന്നു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രോട്ടോക്കോള്‍ ഉള്ള ജനപ്രതിനിധിയാണ്. യോഗത്തിനെത്തിയപ്പോള്‍ തടയുന്നത് ശരിയല്ലെന്നതാണ് കലക്ടറുടെ നിലപാട്. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്. കണ്ണൂര്‍ കളക്ടറായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അരുണ്‍ വിവാദത്തിലാകുന്നത്. കളക്ടര്‍ -എ.ഡി.എം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി.