ശൈലജ ടീച്ചര്‍ മാറുമ്പോള്‍ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആര്യാ രാജേന്ദ്രന്‍ എത്തുമോ? കോഴിക്കോട്ടെ സീറ്റുകളില്‍ ഒന്നും തിരുവനന്തപുരം മേയര്‍ക്കായി നിയമസഭയിലേക്ക് സിപിഎം പരിഗണിച്ചേക്കും; തിരുവനന്തപുരത്തെ ഭരിച്ച ചെറുപ്രായത്തിലെ വിസ്മയം ജന്മനാട്ടില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം മാറ്റും; ഭര്‍ത്താവിന്റെ നാടായ കോഴിക്കോട്ടേക്ക് താമസം മാറ്റാന്‍ ആര്യ; സിപിഎം അനുമതി ഉടന്‍

Update: 2025-11-14 03:14 GMT

തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തട്ടകം മാറ്റുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം മേയര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഏതെങ്കിലും മണ്ഡലത്തില്‍ ആര്യ മത്സരിച്ചേക്കും. ആര്യയുടെ അംഗത്വവും സിപിഎം കോഴിക്കോട്ടേക്ക് മാറ്റും. ഇത് സംബന്ധിച്ച മേയറുടെ താല്‍പര്യം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി ആര്യാ നേടിയിരുന്നു. എന്നാല്‍ പലവിധ വിവാദങ്ങളിലും പെട്ടു. ഈ സാഹചര്യത്തിലാണ് ആര്യയുടെ പ്രവര്‍ത്തന കേന്ദ്രം മാറ്റല്‍.

ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ദേവാണ് ആര്യ രാജേന്ദ്രന്റെ ജീവിത പങ്കാളി. സച്ചിന്‍ദേവ് കോഴിക്കോടും മേയറായ ആര്യ, കുഞ്ഞുമായി തിരുവനന്തപുരത്തുമാണ് നിലവില്‍ താമസം. ഇരുവര്‍ക്കും അവരവരുടെ ഔദ്യോഗിക, രാഷ്ട്രീയ ചുമതലകള്‍ കാരണം തമ്മില്‍ കാണാന്‍ പോലും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും കോഴിക്കോട്ടേക്ക് പൂര്‍ണ്ണമായി മാറ്റാന്‍ ആര്യ പാര്‍ട്ടി നേതൃത്വത്തോട് താല്‍പര്യം പ്രകടിപ്പിച്ചത്. കുടുംബപരമായ കാരണങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി ഈ ആവശ്യം അനുകൂലമായി പരിഗണിക്കുന്നുണ്ട്. ഉടന്‍ തീരുമാനം വരും.

2020-ല്‍ 21-ാം വയസ്സില്‍ തിരുവനന്തപുരം മേയര്‍ സ്ഥാനമേറ്റ ആര്യ രാജേന്ദ്രന്‍, 2022 സെപ്റ്റംബറിലാണ് സച്ചിന്‍ദേവിനെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രന്‍. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ അവര്‍ക്ക് കോഴിക്കോട് ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളിലെ സംഘടനാ പരിപാടികളിലും സജീവമാണ്. ആര്യയെ അടുത്ത നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. കോഴിക്കോട്ട് അല്ലെങ്കില്‍ കണ്ണൂരിലും പരിഗണിച്ചേക്കും. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അടുത്ത നിയമസഭയില്‍ മത്സരിക്കാന്‍ ഇടയില്ല. അങ്ങനെ എങ്കില്‍ മട്ടന്നൂരില്‍ പോലും ആര്യയെ നിയമസഭയിലേക്ക് മത്സരിപ്പിക്കും. തലശ്ശേരിയിലും മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം കോഴിക്കോട്ടെ സുരക്ഷിത മണ്ഡലവും തേടും.

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലോ നേമത്തോ ആര്യ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മാറാനുള്ള താല്‍പ്പര്യം എത്തുന്നത്. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയുമായാണ് ആര്യ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പറേഷന്റെ മേയറായത്. മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചിരുന്നു.

മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാന്‍ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാര്‍ലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. ലോകം ശ്രദ്ധിച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നു.

Tags:    

Similar News