സാമുദായികവും സഭാപരവുമായ പരിഗണനകള്‍ കൂടി നോക്കേണ്ടി വരുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു; ഒരുകാലത്ത് യുഡിഎഫിന്റെ ഉരുക്കു കോട്ടയില്‍ ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണ അനിശ്ചിതത്വത്തില്‍; പത്തനംതിട്ട കോണ്‍ഗ്രസില്‍ കലാപകാലം
പത്തനംതിട്ട: ഒരുകാലത്ത് യുഡിഎഫിന്റെ ഉരുക്കു കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയില്‍ ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണ അനിശ്ചിതത്വത്തില്‍. മണ്ഡല പുനര്‍വിഭജനത്തിന് മുന്‍പ് എട്ട് സീറ്റുകളുണ്ടായിരുന്ന ജില്ലയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ 2011-ല്‍ മണ്ഡലങ്ങള്‍ അഞ്ചായി ചുരുങ്ങിയതോടെ യുഡിഎഫിന്റെ കഷ്ടകാലവും തുടങ്ങി. 2011-ല്‍ ആറന്മുളയും കോന്നിയും മാത്രം ജയിച്ച മുന്നണിക്ക്, 2016-ല്‍ വിജയം കോന്നിയില്‍ മാത്രമായി ഒതുങ്ങി. ഒടുവില്‍ 2021-ല്‍ ജില്ലയില്‍ ഒരിടത്തുപോലും ജയിക്കാനാവാത്ത ദയനീയ സ്ഥിതിയിലേക്കാണ് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്.
ജില്ലയ്ക്കകത്തു നിന്നുള്ളവര്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന വിലയിരുത്തലില്‍ പുറമേ നിന്നുള്ള പ്രമുഖരെ ഇറക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ ഇതിനെതിരെ കടുത്ത അമര്‍ഷത്തിലാണ്. തിരുവല്ല സീറ്റില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം വര്‍ഗീസ് മാമ്മനെ പരിഗണിക്കുമ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ സീറ്റ് വച്ചുമാറണമെന്ന താല്പര്യമുണ്ട്. ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍ പിന്‍വാങ്ങിയതോടെ അബിന്‍ വര്‍ക്കി, മറിയ ഉമ്മന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും പ്രാദേശിക എതിര്‍പ്പ് ശക്തമാണ്.
പ്രധാന മണ്ഡലങ്ങളിലെ അനിശ്ചിതത്വം:
കോന്നി: അടൂര്‍ പ്രകാശ് വീണ്ടും എത്തുമോ എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. അല്ലാത്തപക്ഷം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലോ, എന്‍. ഷൈലാജോ പരിഗണിക്കപ്പെട്ടേക്കാം.
അടൂര്‍: രമ്യ ഹരിദാസിനെ ഇറക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പന്തളം സുധാകരനെ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം.
റാന്നി: വിജയസാധ്യതയും സാമുദായിക സമവാക്യങ്ങളും റാന്നിയില്‍ കീറാമുട്ടിയായി തുടരുന്നു. റിങ്കു ചെറിയാന് പുറമെ പുതിയ പേരുകളും ചര്‍ച്ചയിലുണ്ട്.
സാമുദായികവും സഭാപരവുമായ പരിഗണനകള്‍ കൂടി നോക്കേണ്ടി വരുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ക്കാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വൈകുന്നത് ജില്ലയില്‍ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒരുകാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയില്‍ ഇത്തവണ ഒരു മണ്ഡലത്തില്‍ പോലും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ മുന്നണി നേതൃത്വം. 2009 വരെ പന്തളം അടക്കം എട്ട് നിയോജക മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയില്‍ 2011ലെ തെരഞ്ഞെടുപ്പ് മുതല്‍ അത് അഞ്ചായി ചുരുങ്ങി. ഇതോടെ യുഡിഎഫിനും തിരിച്ചടിയായി. 2011ല്‍ ആറന്മുളയും കോന്നിയും മാത്രമാണ് ജയിച്ചത്.
2016ല്‍ വിജയം കോന്നിയില്‍ മാത്രമായി. 2021ല്‍ ഒരിടത്തുപോലും ജയിക്കാനായില്ല. മണ്ഡല പുനര്‍വിഭജനത്തിനു മുമ്പ് എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശുമ്പോള്‍ പോലും ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫിനാണ് ഇപ്പോള്‍ അടിപതറിയിരിക്കുന്നത്. ഇത്തവണയാകട്ടെ വിജയസാധ്യതയുള്ള ഒരാളെ പോലും ഉറപ്പിച്ചു പറയാന്‍ മുന്നണിക്കാകുന്നതുമില്ല. ഇതിനിടെ പുറമേനിന്ന് ആളെ ഇറക്കാനുള്ള നീക്കത്തിനെതിരേ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലുമാണ്. 2021ല്‍ ജില്ലക്കാര്‍ മാത്രം മത്സരിച്ചപ്പോള്‍ ഒരിടത്തും വിജയിക്കാനായില്ലെന്നതാണ് പുറമേ നിന്നുള്ളവരെ പരിഗണിക്കാന്‍ കാരണം. അഞ്ച് മണ്ഡലങ്ങളില്‍ തിരുവല്ല ഒഴികെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളാണ്. അടൂര്‍ പട്ടികജാതി സംവരണ മണ്ഡലവുമാണ്.
തിരുവല്ലയില്‍ കേരള കോണ്‍ഗ്രസാണ് മത്സരിച്ചുവരുന്നത്. യുഡിഎഫ് ചര്‍ച്ചയില്‍ തിരുവല്ല വച്ചുമാറണമെന്ന താത്പര്യം ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ധാരണയായിട്ടില്ല. കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന തിരുവല്ലയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്റെ പേരിനാണ് മുന്‍ഗണനയെന്നു പറയുന്നു.
