പൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന 'പാഠം ഒന്ന് ഒരു വിലാപം' അടക്കമുള്ള സിനിമകള്‍; വാര്‍ഡ് മെമ്പര്‍ തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ച; ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്‍
ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്‍
കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഒരു കൈക്കുഞ്ഞുമായി, ഭര്‍ത്താവിനാല്‍ ഉപക്ഷേിക്കപ്പെട്ട ആ സ്ത്രീകള്‍ നിരനിരയായി ചാലിയര്‍ പുഴയിയിലേക്ക് ബക്കറ്റുമായി പോവുന്ന ഒരു ലോങ് ഷോട്ടോടെയാണ്, മീരാജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ആ സിനിമ അവസാനിക്കുന്നത്. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പൗരോഹിത്യവുമൊക്കെ എങ്ങനെ പാവം സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന എന്ന് കാണിച്ച, 'പാഠം ഒന്ന് ഒരു വിലാപം' എന്ന ടി വി ചന്ദ്രന്‍ സിനിമയുടെ കഥാകൃത്തും നിര്‍മ്മാതാവും, ഒരു വളര്‍ന്നവരുന്ന രാഷ്ട്രീയക്കാരനാണ് എന്ന് അറിഞ്ഞപ്പോള്‍, ഈ പടം കണ്ട ഇന്ത്യക്കുപുറത്തുള്ളവര്‍ അത്ഭുതപ്പെട്ടിരുന്നു. ഒരു യുവ കോണ്‍ഗ്രസ് നേതാവിന് ഇത്രയും ധൈര്യമോ? അതാണ് ആര്യാടന്‍ ഷൗക്കത്ത്. 29 വര്‍ഷം നിലമ്പുര്‍ എംഎല്‍എയായ കേരളരാഷ്ട്രീയത്തിലെ അതികായനും, അങ്ങേയറ്റം മതേതരവാദിയും, ദേശീയ മുസ്ലീമുമായ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ പിന്നെ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വായനയും എഴുത്തുമില്ലാത്ത, രാഷ്ട്രീയം മാത്രം തൊഴിലാക്കിയ നേതാവല്ല, ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയ ഷൗക്കത്ത് ആര്യാടന്‍. കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മ്മതാവ് എന്ന നിലയിയൊക്കെ അദ്ദേഹം പ്രശസ്തനായാണ്. ഒപ്പം ജീവശ്വാസം പോലെ കോണ്‍ഗ്രസ് രാഷ്ട്രീയവും. മക്കള്‍ രാഷ്ട്രീയത്തിലൂടെ തളികയില്‍വെച്ച് കിട്ടിയതല്ല അദ്ദേഹത്തിന്, ഈ സ്ഥാനങ്ങള്‍ ഒന്നും. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വളര്‍ന്നവന്ന് പടിപടിയായി നേടിയെടുത്താണ്.
1987 മുതല്‍ 2016 വരെ 29 വര്‍ഷം ആര്യാടന്‍ മുഹമ്മദ് കരുത്തോടെ കാത്ത മണ്ഡലം യുഡിഎഫിന് നഷ്ടമാകുന്നത് 2016-ലെ തിരഞ്ഞെടുപ്പിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് പി.വി അന്‍വറിനോട് തോറ്റതോടെ ആയിരുന്നു അത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് എത്തുമ്പോള്‍ കോട്ട തിരിച്ചുപിടിക്കാന്‍ യുഡിഎഫ് നിയോഗിക്കുന്നത് ആര്യാടന്റെ മകനേത്തന്നെയാണ്.
വാര്‍ഡ് മെമ്പര്‍ തൊട്ട് വന്ന് വളര്‍ച്ച
മക്കള്‍ രാഷ്ട്രീയത്തിലൂടെ തിരുകിക്കയറ്റപ്പെട്ട നേതാവല്ല ആര്യാടന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ, നിലമ്പുര്‍ മാനവേദന്‍ സ്‌കൂളില്‍ കെഎസ്യുവിന്റെ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടാണ് ഷൗക്കത്തിന്റെ അരങ്ങേറ്റം. പ്രീഡിഗ്രി പഠന കാലത്ത് കെഎസ്യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായും കേരള ദേശീയ വേദി ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ച ഷൗക്കത്ത് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലൂടെയാണ്. കെപിസിസിയുടെ സംസ്്ക്കാരിക വിഭാഗമായ, സംസ്‌ക്കാര സാഹിതി പ്രസിഡന്റായിരിക്കേ, തെരുവ്നാടകങ്ങളും കലാരൂപങ്ങളുമായി കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 7 കലാജാഥകളാണ് അദ്ദേഹം നടത്തിയത്.
കലാ-സാംസാകാരിക രംഗത്ത് തിളങ്ങി നില്‍ക്കുകയും പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയ്ക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്ത സമയത്താണ് 2005-ല്‍ ആര്യാടന്‍ ഷൗക്കത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങിപ്പോവുമെന്ന് പലരും അന്ന് ഉപദേശിച്ചെങ്കിലും രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആദ്യപടി വാര്‍ഡില്‍ നിന്നാവണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. പഞ്ചായത്തിലേക്ക് മത്സരിച്ച് നിലമ്പൂരിന്റെ പഞ്ചായത്ത് പ്രസിഡന്റായി ആര്യാടന്‍ ഷൗക്കത്ത്. പിന്നീട് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയായി മാറിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചതും ആര്യാടന്‍ ഷൗക്കത്തിനെ തന്നെ. നിലമ്പൂരിന്റെ അവസാന പഞ്ചായത്ത് പ്രസിഡന്റും ആദ്യ നഗരസഭാ ചെയര്‍മാനുമെന്ന അപൂര്‍വ്വ നേട്ടവും ഷൗക്കത്തിന് സ്വന്തമായി.
കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍
അതിനിടിയിലും ഷൗക്കത്ത് സിനിമാ പ്രവര്‍ത്തനം തുടര്‍ന്നു. ടി വി ചന്ദ്രനുമായി ചേര്‍ന്ന് അദ്ദേഹം എടുത്ത ചിത്രങ്ങളൊക്കെയും ശ്രദ്ധേയമായി. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ 'പാഠം ഒന്ന് ഒരു വിലാപത്തിനുശേഷം', ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ദൈവനാമത്തിലിന്റെ സംവിധാനം ജയരാജ് ആയിരുന്നു. മലപ്പുറത്തുനിന്ന് അലിഗഢില്‍ പഠിക്കാന്‍ പോവുന്ന ഒരു യുവാവ് ബ്രിയിന്‍ വാഷ് ചെയ്യപ്പെട്ട് ജിഹാദിയായി മാറുന്ന കഥയാണ്, പ്രൃഥിരാജും ഭാവനയും മുഖ്യവേഷത്തിലെത്തിയ ചിത്രം പറയുന്നത്. ടി വി ചന്ദ്രന്റെ ദൈവനാമത്തില്‍ എന്ന ചിത്രം പറയുന്നത്, ഗുജറാത്ത് കലാപത്തില്‍നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയ ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു. സാധാരണ സിനിമാക്കാര്‍ പറയാന്‍ മടിക്കുന്ന, രാഷ്ട്രീയ മുഖം ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ മതമൗലികവാദികളുടെ വിമര്‍ശനം ഉണ്ടായെങ്കിലും, ഷൗക്കത്ത് അതൊന്നും കാര്യമാക്കിയില്ല. വര്‍ത്തമാനം എന്ന ഒരു സിനിമയുടെ തിരക്കഥയുംു ഷൗക്കത്തിന്‍േറതാണ്.
സിനിമാ- സാഹിത്യ പ്രവര്‍ത്തനം കൊണ്ടൊക്കെ വലിയ സൗഹൃദ വലയവും അദ്ദേഹത്തിനുണ്ട്. മുമ്പ് നിലമ്പൂരില്‍, ആര്യാടന്‍ ഷൗക്കത്ത് നടത്തിയ ഒരു വലിയ സാംസ്‌ക്കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയെ സിപിഎം നേതാവ് എം എ ബേബിയെ, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അതിന്റെ പേരില്‍ കുറേപ്പേര്‍ സിപിഎം വിട്ടുപോയി. പക്ഷേ ബേബി ഷൗക്കത്തിനെ തള്ളിപ്പറഞ്ഞില്ല. ഇന്ന് അതേ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് നിലമ്പുരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും.
മികവിന്റെ നിലമ്പൂര്‍ മോഡല്‍
തദ്ദേശ രംഗത്ത് മികച്ച പ്രവര്‍ത്തനം ഷൗക്കത്തിന് മുതല്‍ക്കൂട്ടാണ്. പഞ്ചായത്ത് പ്രസിഡന്റായും നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ച പത്ത് വര്‍ഷം കൊണ്ട് നിലമ്പൂര്‍ മോഡല്‍ വികസനം വലിയ ചര്‍ച്ചയായി. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, സ്വിറ്റസര്‍ലന്‍ഡ്, ദുബായ്, എന്നിവിടങ്ങളിലെല്ലാം ഇന്ത്യയുടെ പ്രതിനിധിയായി നിലമ്പൂര്‍ മോഡല്‍ അവതരിപ്പിക്കാന്‍ ഷൗക്കത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി എല്ലാവര്‍ക്കും നാലാംക്ലാസ് പ്രാഥമിക വിദ്യാഭ്യാസം ഉള്ള പഞ്ചായത്തായി നിലമ്പൂരിനെ മാറ്റിയതും സ്ത്രീധനരഹിതഗ്രാമം, ദളിത് ആദിവാസി കോളനികളെ മുഖ്യധാരയില്‍ എത്തിച്ച ഒപ്പത്തിനൊപ്പം, 35 വയസ്സുവരെയുള്ള എല്ലാവര്‍ക്കും തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത പദ്ധതി തുടങ്ങി നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ആര്യാടന്‍ ഷൗക്കത്ത് കൊണ്ടുവന്ന നേട്ടങ്ങള്‍ ഏറെയാണ്.
ഇങ്ങനെ ഗ്രാസ് റൂട്ടിലുള്ള ബന്ധമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ കരുത്ത്. മൂന്നര പതിറ്റാണ്ട് കാലം നിലമ്പൂരിന്റെ എംഎല്‍എയായ പിതാവിന്റെ പൈതൃക ം കാത്തുസൂക്ഷിക്കാന്‍, 2016-ല്‍ പാര്‍ട്ടി തിരഞ്ഞെടുത്തത് മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയായിരുന്നു. പക്ഷേ 11,504 വോട്ടിന് എന്‍ഡിപഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ അട്ടിമറി വിജയം നേടി. 2021-ല്‍ വി.വി. പ്രകാശിനെ 2,700 വോട്ടിന് തോല്‍പ്പിച്ച് അന്‍വര്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. തുടര്‍ന്ന് പിണറായി വിജയനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് അന്‍വര്‍ രാജിവെച്ചപ്പോള്‍, മണ്ഡലം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഷൗക്കത്തിന് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന അന്‍വറിന്റെ തിട്ടൂരത്തിന് പുല്ലുവിലപോലും കൊടുക്കാതെയാണ്, യുഡിഎഫിന്റെ ഉറച്ച പ്രഖ്യാപനം.