മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ച; ആശയ്ക്ക് മുന്നില്‍ മുട്ടുമടക്കി 'ദൂതന്മാര്‍'; വിശ്വസിച്ചവര്‍ തന്നെ ചതിച്ചു; പിണറായിയുടെ സ്ത്രീ സുരക്ഷാ വാദം പൊളിയുന്നു; സിപിഎമ്മിന് ഇത് ഏറ്റവും വലിയ തിരിച്ചടി

Update: 2026-02-15 01:46 GMT

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രമുഖ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നീതി നിഷേധിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രിയെ നേരിട്ട് വിശ്വസിച്ച് പരാതി നല്‍കി 14 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ വാദങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നു.

കേസ് അട്ടിമറിക്കാനും പരാതി ഒത്തുതീര്‍പ്പാക്കാനും പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'ദൂതന്മാര്‍' തന്റെ വീട്ടിലെത്തിയെന്ന ഗുരുതര ആരോപണമാണ് ആശ ഉന്നയിച്ചിരിക്കുന്നത്. താന്‍ ഏറെ വിശ്വസിച്ചിരുന്ന പ്രമുഖര്‍ പോലും കുഞ്ഞുമുഹമ്മദിന് വേണ്ടി ഇടനിലക്കാരായി എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആശ പറയുന്നു. മാപ്പ് നല്‍കിയാല്‍ മതിയെന്നും ഇതൊരു ചെറിയ കാര്യമല്ലേ എന്നും ചോദിച്ചാണ് ഇവര്‍ സമീപിച്ചത്. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തുമാകാം എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇതിനെ തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സി.പി.എമ്മിന് ന്യായീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഒരു സ്ത്രീയുടെ അന്തസ്സിനേക്കാള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും പ്രതിസ്ഥാനത്തുള്ളവരുടെ സ്വാധീനത്തിനുമാണ് ഇവിടെ പ്രാധാന്യം ലഭിച്ചതെന്ന് ആശ തുറന്നടിക്കുന്നു.

ഈ സംഭവം പിണറായി വിജയന്റെ സ്ത്രീ സുരക്ഷാ പ്രസംഗങ്ങളുടെ മുനയൊടിക്കുന്നതാണ്. തന്റെ സുരക്ഷ തനിക്ക് മാത്രമുള്ള ഉത്തരവാദിത്വമാണെന്ന് ഒരു ഇരയ്ക്ക് പറയേണ്ടി വരുന്നത് കേരളത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടാണ്. നീതി ലഭിക്കും വരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ആശ, ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യം ആണ്. ഇത് തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെ ഇല്ല. ആരോപണ വിധേയനെ ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്നും ഡോ. ആശ ആച്ചി ജോസഫ് തുറന്നടിച്ചു.

അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി. വിശദമായ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കി 14 ദിവസം കഴിഞ്ഞിഞ്ഞിട്ടും എഫ്‌ഐആര്‍ ഇട്ടില്ല. പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിക്ക് കത്തയച്ചശേഷം രണ്ട് വനിത പൊലീസുകാര്‍ വീട്ടിലെത്തി അതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയപ്പോള്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് വാര്‍ത്ത വന്നശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്. ഇതോടെ താന്‍ വിശ്വസിച്ചിരുന്ന സിസ്റ്റത്തില്‍ സംശയം തോന്നി തുടങ്ങി. സെലക്ഷന്‍ കമ്മിറ്റി ജൂറി എന്ന നിലയില്‍ എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലൊരു കാര്യം നടന്നുകൊണ്ടിരിക്കെ അതില്‍ ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്ന സംഭവം ഉണ്ടായപ്പോള്‍ തന്റെ അഭിമാനം തന്നെ ചോദ്യചെയ്യപ്പെടുകയായിരുന്നുവെന്നും ആശ ആച്ചി പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

പരാതി നല്‍കിയശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ല. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണ്. ഈ സിസ്റ്റം ആര്‍ക്കൊപ്പമാണെന്ന് മനസിലാകുന്നില്ല. പ്രോസിക്യൂട്ടറോട് സംസാരിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപക്ഷ പരിഗണിക്കുന്നതിന് മുമ്പും ശ്രമിച്ചു. എന്നാല്‍, വിശദമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. വിധി വന്നശേഷം പ്രോസിക്യൂട്ടറോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കേസിന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ടെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

നവംബര്‍ 23ന് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. രണ്ടാഴ്ചയിലേറെ കഴിഞ്ഞ് ഡിസംബര്‍ എട്ടിന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനിടെ അക്കാദമി ഭാരവാഹികള്‍ ഫോണിലൂടെ ദു:ഖം രേഖപ്പെടുത്തി. വാഗ്ദാനങ്ങള്‍ പലതും നല്‍കി. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമെന്ന് തോന്നിയെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാന്‍ നോക്കി പല വഴിക്ക് പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാന്‍ നോക്കി. ക്ഷമ ചോദിച്ചാന്‍ തയ്യാറാണെന്ന് അറിയിച്ചു.നിയമങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വത്തോടെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം-ആശ ആച്ചി ജോസഫ് പറഞ്ഞു.

സംവിധായകനും മുന്‍ ഇടത് എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര പ്രവര്‍ത്തകയായ ആശ ആച്ചി ജോസഫ് തുറന്നെഴുത്തുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വെളിപ്പെടുത്തല്‍. വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പിടി കുഞ്ഞുമുഹമ്മദിനെ പൊലീസ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

Tags:    

Similar News