എന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരും

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്ത്രം

Update: 2025-03-15 15:07 GMT

തിരുവനന്തപുരം: ഒരുമാസം പിന്നിടുന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ച സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍ പുതിയ തന്ത്രം പയറ്റുകയാണ്.

സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളില്‍ ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കി.





പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പരിശീലനമാണ് അന്നേദിവസം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ആശമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉപരോധദിവസം തന്നെ പരിശീലനം വെച്ചിരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കെഎഎച്ഡബ്ല്യുഎ ആരോപിച്ചു. കൊല്ലത്തും ആലപ്പുഴയിലും തിങ്കളാഴ്ചയാണ് പരിശീലനപരിപാടി നടത്തുന്നത്.

സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ ആശമാരോടും സെക്രട്ടറിയേറ്റ് നടയിലെത്താനാണ് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സമരം പൊളിക്കാന്‍ സിപിഎം കളത്തിലിറങ്ങിയെന്നും ആക്ഷേപമുണ്ട്. സമരത്തില്‍ പങ്കെടുത്താല്‍ പിരിച്ചുവിടുമെന്ന് പ്രാദേശിക സിപിഎം നേതാക്കളെ കൊണ്ടു ഭീക്ഷണിപ്പെടുത്തുന്നെന്നാണ് ആക്ഷേപം. സമരത്തിന്റെ രണ്ടാംഘട്ടമായാണ് സെക്രട്ടറിയേററ് ഉപരോധം പ്രഖ്യാപിച്ചത്.

കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശമാരുടെ പ്രശ്‌നം ഉയര്‍ന്നുവന്നിരുന്നില്ല. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചിരുന്നു.

അതേസമയം, ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ നല്‍കിയത്. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി

Tags:    

Similar News