'സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം; മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം; തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം'; എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്‍ക്കര്‍മാര്‍
എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്‍ക്കര്‍മാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ ലേഖനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി സമരരംഗത്തുള്ള ആശ വര്‍ക്കര്‍മാര്‍. എളമരം കരീം എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്നും തൊഴിലാളി വര്‍ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരമാണെന്നും അവര്‍ പ്രതികരിച്ചു. എളമരം കരീം പറയുന്നതുപോലുള്ളവരുടെ പിന്തുണയൊന്നും തങ്ങളുടെ സമരത്തിനില്ലെന്നും ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
പണിയെടുക്കുന്നതിനുള്ള വേതനം കിട്ടുന്നതിനായാണ് പ്രതിഷേധിക്കുന്നതെന്ന് ആശ വര്‍ക്കര്‍മാര്‍ പറയുന്നു. പിരിഞ്ഞുപോകുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടണം. മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം. അതിനുവേണ്ടി സമരത്തിന് വന്നവരെ ഈ രീതിയില്‍ അവഹേളിക്കുക എന്നുപറഞ്ഞാല്‍, തൊഴിലാളി വര്‍ഗത്തിന്റെ നേതാവുതന്നെ അങ്ങനെ പറയുന്നത് വളരെ അപമാനകരമാണ്.
'സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടികളുടേയും കൊടി പോലുമില്ല. എന്നിട്ടും ഇങ്ങനെ ഒരു ആരോപണം വന്നതെങ്ങനെയെന്ന് അറിയില്ല. സമരത്തിനിരിക്കുന്നവരില്‍ ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. അവരില്‍ കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും ഇക്കൂട്ടത്തിലുണ്ട്. കൊടിയുടെ നിറം നോക്കാതെ, കക്ഷി രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായാണ് ഞങ്ങളിവിടെ ഒന്നിച്ചുനില്‍ക്കുന്നത്. ആശമാര്‍ ഓരോ വീടുകളിലും ചെല്ലുന്നത് അവര്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരാണ് എന്ന് നോക്കിയിട്ടല്ല. രോഗിയും ആശമാരും തമ്മിലുള്ളത് വലിയൊരു ബന്ധമാണ്.' പ്രതിഷേധക്കാരുടെ വാക്കുകള്‍.
ആരോഗ്യമേഖലയിലെ അടിസ്ഥാനവിഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. വലിയൊരു ബന്ധമാണ് ജനങ്ങളുമായുള്ളത്. അവിടെ രാഷ്ട്രീയം നോക്കിയല്ല പണിയെടുക്കുന്നത്. മുഖ്യമന്ത്രി ഇതിനകംതന്നെ പ്രശ്‌നത്തില്‍ ഇടപെടണമായിരുന്നു. നവോത്ഥാന കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് തങ്ങളുടെ സമരം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം പതിനഞ്ച് ദിവസമായിരിക്കുകയാണ്.
ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല. കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് സിഐടിയു നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എന്‍എച്ച്എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നുവെന്നും എന്നാല്‍ അതിന് കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ലെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. സമരം ചെയ്ത സംഘടനകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയെന്നും എളമരം കരീം ലേഖനത്തില്‍ പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിറ്റി സ്‌കീമിന്റെ ഉത്ഭവവും അവരെ എങ്ങനെയാണ് സ്‌കീമില്‍ നിര്‍വചിച്ചിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും എളമരം കരീം ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.
സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ തൊഴിലാളി എന്ന നിര്‍വചനത്തിലല്ല, മറിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് കേന്ദ്രം കണക്കാക്കിയിരിക്കുന്നതെന്ന് എളമരം കരീം പറയുന്നു. ഈ കാരണത്താല്‍ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്താണ് ഇത് ആരംഭിച്ചതെന്ന് പറഞ്ഞ എളമരം കരീം, സെക്രട്ടറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് അക്രമം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും പറയുന്നു.
കേന്ദ്ര പദ്ധതികള്‍ വ്യവസ്ഥകള്‍ അനുസരിച്ച് നടപ്പിലാക്കാനേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളൂ എന്നും എളമരം കരീം പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതം നിയമിക്കുന്നവര്‍ക്ക് മാത്രമേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയൂ. പി എസ് സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനങ്ങളില്‍ മാത്രമേ നിയമാനുസൃത വേതനം നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കൂ എന്നും എളമരം കരീം വ്യക്തമാക്കുന്നു. താതരമ്യം കുറഞ്ഞ വേതനം, ആശ വര്‍ക്കര്‍മാര്‍ക്ക് ജീവിത പ്രയാസമുണ്ടാക്കുന്നുണ്ടെന്നും എളമരം കരീം പറയുന്നു.
2016ല്‍ വന്ന പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മുന്‍കൈയെടുത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നുവെന്നും എളമരം കരീം പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് ആശുപത്രികളില്‍ ഡ്യൂട്ടി നല്‍കാന്‍ നടപടി സ്വീകരിച്ചു. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ഫിക്സഡ് ഇന്‍സെന്റീവായി 2000 രൂപയും പിന്നീട് ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കി.
പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6,000 രൂപയാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ നല്‍കിയിരുന്നില്ല. ഇത് സൃഷ്ടിച്ച പ്രതിസന്ധി കാരണം ഇന്‍സെന്റീവ് കൃത്യമയത്ത് നല്‍കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സംസ്ഥാന ഫണ്ടില്‍ നിന്ന് ഒരു വര്‍ഷം നല്‍കി. ഇതിനിടെ ആശാ വര്‍ക്കര്‍മാരുടെ ആശ്വാസ കിരണ്‍ എന്ന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഈ സമയത്തും ആശാവര്‍ക്കര്‍മാര്‍ക്കൊപ്പം നിന്നത് സിഐടിയുവാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.