സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ തുടര്‍ നടപടി; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു; കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെ നടപടി; കൂടുതല്‍ വീഴ്ച്ചകള്‍ പരിശോധിക്കും

സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ തുടര്‍ നടപടി

Update: 2025-05-21 04:25 GMT

തിരുവനന്തപുരം: സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസില്‍ തുടര്‍ നടപടികള്‍. പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. ബിന്ദുവിനെ കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദിവസം ജിഡി ഇന്‍ചാര്‍ജ് ആയിരുന്നു പ്രസന്നന്‍. ഉദ്യോഗസ്ഥന്‍ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിനോട് വനിതാ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

ക്രൂരമായി പെരുമാറിയ പ്രസന്നന്‍ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നല്‍കിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നല്‍കാനാണ് ബിന്ദുവിന്റെ തീരുമാനം. തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.

കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നു. പെണ്‍മക്കളെ രണ്ട് പേരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു. നേരത്തെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. പൊലീസിനോട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ഓമന ഡാനിയേലിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Tags:    

Similar News