ബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്‍; ദേവസേനയ്‌ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് 'തലമുറ മാറ്റം'; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്

Update: 2025-06-23 04:45 GMT

തിരുവനന്തപുരം: നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ 'ദേവസേനയെ' കളത്തിലിറക്കി എഷ്യാനെറ്റ് ന്യൂസ്. ഓരോ റൗണ്ട് കഴിയുമ്പോഴും ദേവസേനയെന്ന നിര്‍മ്മിത ബുദ്ധിയിലെ പ്രതിഭ പ്രവചനം നടത്തി. യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായിരുന്നു തുടക്കം മുതലുള്ള ദേവസേനയുടെ പ്രവചനം. ഓരോ റൗണ്ടിലെയും വോട്ടുകള്‍ വിലയിരുത്തിയായിരുന്നു ദേവസേനയുടെ പ്രവചനം. അങ്ങനെ മലയാള ടെലിവിഷന്‍ ചാനലില്‍ ആദ്യമായി എഐ സാങ്കേതിക വിദ്യയും പരീക്ഷിച്ചു.

കഴിഞ്ഞ ദിവസം എഐ അധിഷ്ഠിത പ്രെമോയുമായി മലയാളി പ്രേക്ഷകരെ ഏഷ്യാനെറ്റ് ന്യൂസ് വിസ്മയിപ്പിച്ചിരുന്നു. ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ ഒന്നാമതുള്ള ഏഷ്യാനെറ്റും ആവേശം വിതിറുന്ന തരത്തില്‍ 'ലേലം വിളി' മോഡലിലാണ് വോട്ട് എണ്ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിനു വി ജോണും പിജി സുരേഷ് കുമാറും സിന്ധു സൂര്യകുമാറുമായിരുന്നു സാധാരണ തെരഞ്ഞെടുപ്പ് ദിവസം ഏഷ്യാനെറ്റ് ന്യൂസിനായി തുടക്കം മുതല്‍ അവതരണത്തിന് എത്തിയത്. എന്നാല്‍ ഇത്തവണ കഥമാറി. കമലേഷും നിമ്മിയും അബ്‌ജോദും അനൂപ് ചന്ദ്രനും വോട്ടെണ്ണല്‍ സമയം അവതാരകരായി നിറഞ്ഞു. യുവത്വത്തിന്റെ ആവേശം ഏഷ്യാനെറ്റ് ന്യൂസിലെ 'ലേലം വിളി' അവതരണത്തില്‍ നിറഞ്ഞു. ഇതിനൊപ്പം ദേവസേനയും.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ ആകെ നിരാശനായിരുന്നു അരുണ്‍കുമാര്‍. വോട്ടെണ്ണല്‍ ദിവസം വരെ സ്വരാജ് ജയിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ വ്യക്തിയാണ് അരുണ്‍കുമാര്‍. യുഡിഎഫ് തകര്‍ന്ന് അടിയുമെന്ന് വിലയിരുത്തിയ വ്യക്തി. എഡിറ്റേഴ്‌സ് അവറിലും മറ്റും വലിയ രീതിയില്‍ സഹ ജേണലിസ്റ്റുകളുടെ വാദങ്ങളെ തള്ളിയ അരുണ്‍കുമാര്‍. പക്ഷേ പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയതോടെ മ്ലാനത നിറഞ്ഞു. ഒരു ഘട്ടത്തില്‍ സ്മൃതി പരുത്തിക്കാട് ട്രോളുന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്തു. അപ്പോഴും എല്ലാം ശരിയാകുമെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. സാധാരണ അതിവേഗ റിസല്‍ട്ട എന്ന് വരുത്താന്‍ ലീഡ് നിലകള്‍ റിപ്പോര്‍ട്ടറില്‍ കുതിച്ചുയരാറുണ്ട്. എന്നാല്‍ അതുണ്ടായില്ല ഇത്തവണ. ഏഷ്യാനെറ്റ് ന്യൂസിന്റെ കണക്കുകള്‍ ഫോളോ ചെയ്യുന്ന തരത്തിലേക്ക് ബ്രേക്കിംഗുകള്‍ മാറി. യുഡിഎഫ് മുന്‍തൂക്കമുണ്ടാക്കുന്ന ആദ്യ ഘട്ടത്തില്‍ നിരാശയില്‍ പാളുന്ന അരുണ്‍കുമാറായിരുന്നു റിപ്പോര്‍ട്ടറില്‍ ഉണ്ടായത്.

റിപ്പോര്‍ട്ടറില്‍ പുതുതായി എത്തിയ ജിമ്മി ജെയിംസും ബഹളമുണ്ടാക്കത്ത പതിവ് ശൈലിയില്‍ ശ്രദ്ധേയനായി. 24 ന്യൂസിനും പുതുമയൊന്നും ഈ വോട്ടെണ്ണല്‍ ദിനം നല്‍കാനായില്ല. പോത്തുകല്ലില്‍ കാട്ടാനയുടെ കരുത്തോടെ ആര് കുതിക്കുമെന്നെല്ലാം പറഞ്ഞ് ലേലം വിളി പുതിയ തലത്തിലെത്തിക്കാന്‍ 24 ന്യൂസ് ശ്രമിച്ചു. പക്ഷേ റേറ്റിംഗിലെ പിന്നോട്ട് പോക്കലിന്റെ നിരാശയുമെല്ലാം 24 ന്യൂസില്‍ വ്യക്തമായിരുന്നു. എല്ലാം അര്‍ത്ഥത്തിലും പുതുമ വോട്ടെണ്ണല്‍ ദിനം ഇത്തവണ കൊണ്ടു വന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ദേവസേനയെന്ന എഐ കഥാപാത്രം സോഷ്യല്‍ മീഡിയയിലും ഏഷ്യാനെറ്റ് ന്യൂസിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയെന്നതാണ് വസ്തുത.

ബാഹുബലി സിനിമയിലെ നായികയാണ് ദേവസേന. മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ കഥാപാത്രം. പുരാണങ്ങളിലും ഈ പേരില്‍ കഥാപാത്രങ്ങളുണ്ട്. ഇതിനെയാണ് എഐ സാങ്കേതിക വിദ്യയില്‍ അവതാരകയായി ഏഷ്യാനെറ്റ് ന്യൂസ് മാറ്റിയത്. തലമുറ മാറ്റത്തിന്റെ സാധ്യതയും ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ടെണ്ണല്‍ ദിന പ്രക്ഷേപണത്തില്‍ വ്യക്തമാണ്.

Tags:    

Similar News