അസം മുനീറിന് കിട്ടിയതൊന്നും പോരാ..! പ്രകോപനം നിറച്ച് വീരവാദവുമായി വീണ്ടും പാക് സൈനിക മേധാവി രംഗത്ത്; 'കാശ്മീരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെ ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നു; ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടിയെന്നും' അസിം മുനീര്‍
അസം മുനീറിന് കിട്ടിയതൊന്നും പോരാ..!
ഇസ്ലാമാബാദ്: ഇന്ത്യയോട് മുട്ടി കനത്ത തിരിച്ചടിയേറ്റ പാക്കിസ്ഥാന്‍ വീണ്ടും പ്രകോപന പ്രസ്താവനയുമായി രംഗത്ത്. കാശ്മീര്‍ വിഷയത്തിലാണ് വീണ്ടും പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി അസിം മുനീര്‍ രംഗത്തുവന്നത്. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന്റെ ക്ഷീണം മാറും മുമ്പാണ് അസിം മുനീറിന്റെ പ്രകോപന പ്രസ്ഥാവന.
കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിന്റെ വിവാദ പ്രസ്താവന. ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും അസിം മുനീര്‍ പറഞ്ഞു.
'അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതല്‍ പ്രസക്തമാക്കുകയാണ്'- അസിം മുനീര്‍ അവകാശപ്പെട്ടു.
കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എന്നും എല്ലായിപ്പോഴും രാജ്യത്തിന്റെ അവിഭാജ്യമായി തുടരുമെന്ന് ഇന്ത്യ പലപ്പോഴായി പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനുശേഷം പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.
ഇന്ത്യയുടെ ആക്രമണത്തിനിടെ അസിം മുനീര്‍ ബങ്കറുകളില്‍ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞശേഷമാണിപ്പോള്‍ വീണ്ടും പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി രംഗത്തെത്തിയത്.
പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നുവീഴുന്ന സമയത്താണ് അസിം മുനീറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. വസീറിസ്ഥാന്‍, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുകയാണ്. ഈ സാഹചര്യത്തില്‍, ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് പൗരന്മാരുടെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ പഴയ തന്ത്രമാണ് ''കശ്മീര്‍ കാര്‍ഡ്.
നേരത്തെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌ക്കാര ചടങ്ങിലും അസിം മുനില്‍ പങ്കെടുത്തിരുന്നു. തഹ്രിക് ഇ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികന്‍ മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷായോട് തങ്ങള്‍ എന്നും കടപ്പെട്ടിരിക്കുമെന്ന് അസിം മുനിര്‍ പറഞ്ഞിരുന്നു. 2019ല്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനാണ് മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷാ.
'അബ്ബാസ് ഷാ രാജ്യത്തിനായി മികച്ച പോരാട്ടവും പ്രതിരോധവുമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. രാജ്യമാകെ അദ്ദേഹത്തെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. രക്തസാക്ഷികളുടെ ചോരയാണ് ഈ രാജ്യത്തിന്റെ ശക്തിയും അടിത്തറയും. ഈ രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്ട; എന്നാണ് അസിം മുനീര്‍ പറഞ്ഞത്.
തെഹ്രിക് ഇ താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്. ഖൈബര്‍ പഖ്തുന്‍ഖ്വാ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പാകിസ്താന്‍ സൈന്യം 11 തീവ്രവാദികളെ വധിച്ചിരുന്നു. ഏഴ് സുരക്ഷാസേന അംഗങ്ങള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
2019 ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദന്‍ പറത്തിയ മിഗ്-24 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. മിഗ് വിമാനം തകര്‍ന്ന് പാക് ഭൂമിയില്‍ പാരച്യൂട്ടില്‍ വന്നിറങ്ങിയ വര്‍ദ്ധമാനെ പാക് സൈന്യം പിടികൂടുകയായിരുന്നു. അന്ന് വര്‍ദ്ധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 58 മണിക്കൂറോളമാണ് വര്‍ധമാനെ പാക് സൈന്യം പിടിച്ചുവെച്ചത്. ഇതിന് ശേഷം വര്‍ദ്ധമാനെ പാക് സൈന്യം ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. 2022 ല്‍ വീര്‍ ചക്ര നല്‍കി രാജ്യം വര്‍ദ്ധമാനെ ആദരിച്ചിരുന്നു.