ആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും! ആനന്ദം കണ്ടെത്താന്‍ ഗെയിമിംഗും ക്രിക്കറ്റ് കളിയും; ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖജീവിതം; ഹോട്ടലിന്് ഉള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തദ്ദേശ വാസികളുടെ പ്രതിഷേധം
ആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും!
ലണ്ടന്‍: ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് ലഭിക്കുന്ന ആഡംബര സുഖസൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത് ആരേയും അമ്പരപ്പിക്കും. സാധാരണയായി അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് ഇത്രയും സുഖസൗകര്യങ്ങള്‍ ലഭിക്കുന്നത് ന്യായമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ലഭിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള ഹോട്ടലിനുള്ളിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പകര്‍ത്തിയിരിക്കുന്നത്.
ഹോട്ടലിനുള്ളില്‍ ചിത്രീകരിച്ചതായി പറയപ്പെടുന്ന ദൃശ്യങ്ങളില്‍ വലിയ കിടക്കകള്‍, ഒരു ബഫെ ശൈലിയിലുള്ള കാന്റീന്‍, വീഡിയോ കണ്‍സോളുകളും ആഭരണങ്ങളും അടങ്ങിയ മുറികള്‍ എന്നിവ ഉള്‍പ്പെടുന്നു. വെസ്റ്റ് സസക്സിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. നൂറു കണക്കിന് അഭയാര്‍ത്ഥികളാണ് ഇവിടെ താമസിക്കുന്നത്. ഈ ഹോട്ടലില്‍ ഒരു കരാറുകാരനായി ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ആസ്റ്റണ്‍ നൈറ്റ്, 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് താന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഹോട്ടലിനുള്ളില്‍ ഒരു ക്യാമറയുമായി സഞ്ചരിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഒരു മുറിയില്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ആപ്പിളിന്റെ കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗാഡ്‌ജെറ്റുകള്‍ക്കൊപ്പം കഞ്ചാവ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന് കൂടി കാണാന്‍ കഴിയും. കാന്റീനില്‍, ബീന്‍സ്, ഹാഷ് ബ്രൗണ്‍സ്, വേവിച്ച തക്കാളി, വേവിച്ച മുട്ട എന്നിവ ജീവനക്കാര്‍ താമസക്കാര്‍ക്ക് പ്രഭാതഭക്ഷണമായി വിളമ്പുന്നത് കാണാം. ഒരു താമസക്കാരന്റെ പ്ലേറ്റില്‍ പത്ത് മുട്ടകളുണ്ട്. അന്താരാഷ്ട്ര കോളുകള്‍ വില്‍ക്കാന്‍ സംവിധാനമുള്ള ലാന്‍ഡ് ഫോണുകളും മുറികളിലുണ്ട്.
കാര്‍ പാര്‍ക്കിംഗ് ഏര്യയില്‍ പുരുഷന്‍മാര്‍ പലരും പാട്ട് പാടുന്നതും ക്രിക്കറ്റ് കളിക്കുന്നതും കാണാം. ഇത്രയും ആഡംബരം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല എന്നാണ് ദൃശ്യങ്ങളോട് ഒരു പ്രമുഖ യൂ ട്യൂബര്‍ പ്രതികരിച്ചത്. കുടിയേറ്റ ഹോട്ടലുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇത് മാറ്റിമറിച്ചതായും അയാള്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ പലരും ഈ ദൃശ്യങ്ങള്‍ കണ്ട് രോഷാകുലരായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ എല്ലാ കുടിയേറ്റക്കാര്‍ക്കായുള്ള എല്ലാ ഹോട്ടലുകളും അത്ര ആഡംബരപൂര്‍ണ്ണമായിരിക്കില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിന് ഇത്തരം ആഡംബര ഹോട്ടലുകള്‍ ഒരുക്കുന്നതിനെതിരെ ജനരോഷം ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇത്തരം ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. എത്യോപ്യക്കാരനായ അഭയാര്‍ത്ഥിയായ ഹെദുഷ് കെബാട്ടു എന്ന വ്യക്തി ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ജനങ്ങളുടെ പ്രതിഷേധം ഇരട്ടിയായത്. നിലവില്‍, 32,000 അഭയാര്‍ത്ഥികളെ പ്രതിവര്‍ഷം 3 ബില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ഹോട്ടലുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്.