'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്
കൊല്ലം: ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍. അതുല്യ മരിക്കുന്നതിന് മുന്‍പ് സുഹൃത്തിനയച്ച സന്ദേശത്തിലാണ് സതീഷിന്റെ ക്രൂരതകള്‍ തുറന്നുപറയുന്നത്. തന്നെ അയാള്‍ ചവിട്ടി കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ലെന്നും സുഹൃത്തിനയച്ച സന്ദേശം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതുല്യയുടേത് കൊലപാതകമാകാന്‍ സാധ്യത ഏറെയാണ്. കൊല്ലത്തു നിന്നുള്ള വിപഞ്ചികയുടെ ഷാര്‍ജയിലെ മരണം ദുരൂഹമായി തുടരുകയാണ്. ഇതിനിടെയാണ് അതുല്യയും മരിക്കുന്നത്. രണ്ടും ഭര്‍തൃ പീഢനത്തിന്റെ കൊടും ക്രൂരതയായി മാറുകയാണ്. ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന'ത്തില്‍ അതുല്യ ശേഖറിനെ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി. സഹിക്കാന്‍ വയ്യ. അനങ്ങാന്‍ വയ്യ, വയറിലെല്ലാം ചവിട്ടി, ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ, ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'. കരഞ്ഞുകൊണ്ട് ശബ്ദ സന്ദേശത്തില്‍ അതുല്യ പറയുന്നു. ഈ സന്ദേശമടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കുടുംബം പൊലിസിന് കൈമാറി. അതുല്യയുടെ കല്യാണത്തിനുശേഷം വൈകാതെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്ത് നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നും, ആ ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും അതുല്യയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. 48 പവന്‍ സ്വര്‍ണ്ണമിട്ടായിരുന്നു അതുല്യയുടെ വിവാഹം. സതീഷിന് നല്‍കിയത് ഉള്‍പ്പെടെ അമ്പത് പവനില്‍ അധികം വീട്ടുകാര്‍ നല്‍കി. ഈ സ്വര്‍ണ്ണമെല്ലാം സതീഷ് നശിപ്പിച്ചെന്നും സൂചനയുണ്ട്.
അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സതീഷ് ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയതാകുമെന്നും അതുല്യയുടെ അയല്‍ക്കാരി ബേബി പറഞ്ഞു. അവസാനം നാട്ടില്‍ വന്നപ്പോഴും ഏറ്റ ക്രൂര ഉപദ്രവങ്ങളെക്കുറിച്ച് അതുല്യ തന്നോട് പറഞ്ഞതായും ബേബി പറഞ്ഞു. കടുത്ത മദ്യപാനിയാണ് സതീഷ്. ബന്ധം ഉപേക്ഷിക്കാന്‍ നിരവധി തവണ അതുല്യയോട് പറഞ്ഞിരുന്നതായും അവര്‍ അറിയിച്ചു. ഓരോ തവണ പ്രശ്‌നമുണ്ടാക്കുമ്പോഴും സതീഷ് അതുല്യയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുമെന്നും അവര്‍ പറയുന്നു. വിവാഹ മോചത്തിന് ശ്രമിച്ചെങ്കിലും രണ്ടു കൗണ്‍സിലിങിന് ശേഷം ഇരുവരും ഒത്തുതീര്‍പ്പിന് ഒപ്പിടുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം സതീഷ് വരികയും അതുല്യയെ കൂട്ടികൊണ്ടുപോകുകയുമായിരുന്നു. ഇതിനു ശേഷവും പീഡനങ്ങള്‍ തുടര്‍ന്നു.
കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച പറഞ്ഞാണ് അതുല്യ സ്വന്തം വീട്ടിലേക് തിരിച്ച് വരാന്‍ മടിച്ചത്. സംശയ രോഗിയായിരുന്ന സതീഷ് മകളെ ജോലിക്ക് പോകാനും സമ്മതിച്ചിരുന്നില്ല. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമാധാനമായി ജീവിക്കാന്‍ വിടില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സംഭവം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുറ്റം ചെയ്തവര്‍ക് ശിക്ഷ കിട്ടണം, മകള്‍ക്ക് നീതി കിട്ടണമെന്നും അതുല്യയുടെ അമ്മ പറഞ്ഞു. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും കുടുംബം സംഭവവിവരം അറിയിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് സതീഷിനു എതിരെ കൊല്ലം പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു അതുല്യ. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയര്‍ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. അതുല്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുട്ടി പഠിക്കുന്നത്.